മലപ്പുറം- ചങ്ങരംകുളത്ത് വിവാദ പ്രസംഗം നടത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ യൂത്ത് കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കി. യൂത്ത്‌കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റി ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിനും പൊന്നാനി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ചങ്ങരംകുളം പോലീസ് സ്‌റ്റേഷനിലുമാണ് പരാതി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് പ്രസിഡന്റ് റിയാസ് മുക്കോളിയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മുനീര്‍ മാറഞ്ചേരിയാണ് ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കിയത്. കലാപത്തിനു ആഹ്വാനം ചെയ്ത കോടിയേരിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. ബുധനാഴ്ച ചങ്ങരംകുളത്ത് സി.പി.എം പൊതുയോഗം ഉദ്ഘാടനം ചെയ്ത് കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസംഗത്തില്‍ പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്തതായും നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ച് അണികളെ അക്രമത്തിനു പ്രേരിപ്പിച്ചതായും യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നു. ഇങ്ങോട്ടു ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ മറ്റൊന്നും ആലോചിക്കാതെ കണക്കു തീര്‍ത്തു കൊടുക്കണമെന്നായിരുന്നു ബുധനാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചങ്ങരംകുളത്തു പറഞ്ഞത്.