അത് വ്യാജ വാര്‍ത്തയാണ്; കരീം മൗലവി അപകടനില തരണം ചെയ്തു

കാസര്‍കോട്- ശബരിമല പ്രശ്‌നത്തില്‍ സംഘ്പരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിവസം മര്‍ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കരീം മൗലവി മരിച്ചതായി സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം.  വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം അപകട നില തരണം ചെയ്തതായും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ അറിയിച്ചു.
മാരകായുധങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് കാസര്‍കോട് കുദ്രടക്ക സ്വദേശിയായ കരീം മൗലവി(40)ക്ക് ഗുരുതരമായി പരിക്കേറ്റത്. മംഗളൂരു യൂനിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള അദ്ദേഹം സംസാരിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. തലയ്‌ക്കേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്ന് ബോധരഹിതനായ കരീം മൗലവിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ഉമ്മയും ഭാര്യയും രണ്ട് മക്കളുമുള്ള കുടുംബത്തിന്റെ ഏക ആശ്രയമായ ഇദ്ദേഹം ബായാര്‍ ജാറം പള്ളിയില്‍ ജോലി ചെയ്തു വരികയായിരുന്നു.  
അതിനിടെ,  കരീം മൗലവിയുടെ ചികിത്സക്ക് സഹായം നല്‍കാന്‍ പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനി ഫേസ് ബുക്കില്‍ നല്‍കിയ ഓഡിയോ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
നിരപരാധിയായ ഒരു മുസ്‌ലിം പണ്ഡിതന്‍ ആര്‍.എസ.്എസ് ആക്രമണത്തിന് ഇരയായിട്ടും രാഷ്ട്രീയ പ്രമാണികളും സാംസ്‌കാരിക നായകരും അര്‍ത്ഥ ഗര്‍ഭമായ മൗനത്തിലാണെന്ന് മഅ്ദനി കുറ്റപ്പെടുത്തി. കുഞ്ഞുങ്ങള്‍ക്ക് മതവിജ്ഞാനം പകര്‍ന്നു നല്‍കി തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കുന്ന പണ്ഡിതന്‍ ക്രൂരമായി ആക്രമിക്കപ്പെട്ട് ആശുപത്രിയില്‍ കഴിയുകയാണ്. വണ്ടിയിടിച്ച് ഒരു നായ ചത്താല്‍ പോലും അതിന്റെ പേരില്‍ കണ്ണീരുമായി ഇറങ്ങുന്ന നാട്ടിലെ സാംസ്‌കാരിക നായകന്‍മാരും രാഷ്ട്രീയ പ്രമാണിമാരുമൊന്നും പ്രിയപ്പെട്ട പണ്ഡിതന്റെ പേരില്‍ എവിടേയും ഒന്ന് പ്രതികരിച്ച് കാണാത്ത അവസ്ഥയാണെന്ന് മഅ്ദനി പറഞ്ഞു. നാട്ടുകാരുടെ നേതൃത്വത്തില്‍ ആരംഭിച്ച വാട്‌സ് ആപ്പ് കൂട്ടായ്മക്ക് സഹായം എത്തിക്കണമെന്ന് മഅ്ദനി അഭ്യര്‍ഥിച്ചു.
ബായാര്‍ ഫ്രന്റ്‌സ് വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് സഹായ സമിതി പ്രവര്‍ത്തിക്കുന്നത്.

 

Latest News