രാഷ്ട്രീയ പരസ്യനിയമങ്ങള്‍ കര്‍ശനമാക്കാന്‍  ഫേസ്ബുക്ക് 

രാഷ്ട്രീയ പരസ്യനിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ഫേസ്ബുക്ക്. ഇന്ത്യ, നൈജീരീയ, ഉക്രൈന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് ഫേസ്ബുക്ക് നിയമം പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നത്.ഏറ്റവും വലിയ സാമൂഹികമാധ്യമം എന്ന നിലയില്‍ രാഷ്ട്രീയക്കാര്‍ വ്യാജവാര്‍ത്തകളും അജണ്ടകളും പ്രചരിപ്പിക്കാന്‍ ഫേസ്ബുക്കിനെ ഉപയോഗിക്കുന്നതിനെതിരെ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പ്രഖ്യാപനവുമായി ഫേസ്ബുക്ക് രംഗത്ത് എത്തിയിരിക്കുന്നത്.
ഇത്തരം വ്യാജവാര്‍ത്തകളും അജണ്ടയും പ്രചരിപ്പിക്കുന്നത് പലപ്പോഴും തെരഞ്ഞെടുപ്പ് ചട്ടങ്ങളെ ലംഘിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നതോടെയാണ് രാഷ്ട്രീയ പരസ്യങ്ങളെ ഫേസ്ബുക്ക് കൂടുതല്‍ നിരീക്ഷിച്ച് തുടങ്ങിയത്. അതാതു രാജ്യങ്ങളിലെ പരസ്യക്കാര്‍ക്ക് മാത്രമേ രാഷ്ട്രീയ പരസ്യങ്ങള്‍ അനുവദിക്കൂ എന്ന നയമായിരിക്കും ഇനി പിന്‍തുടരുകയെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.
ഫെബ്രുവരിയില്‍ നൈജീരിയയില്‍ തെരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച 31നാണ് ഉക്രൈനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യയും തെരഞ്ഞെടുപ്പ് ചൂടിലാണ്. മേയില്‍ ഇന്ത്യയിലും തെരഞ്ഞെടുപ്പ് നടക്കും. അടുത്തമാസം മുതല്‍ ഇന്ത്യയില്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.പൂര്‍ണമായിട്ടില്ലെങ്കിലും ഓരോ രാജ്യങ്ങളില്‍ നിന്നും പഠിക്കുകയാണെന്നും അതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി.

Latest News