ഹൈദരാബാദ്- ലോകസഭാ തെരഞ്ഞെടുപ്പിൽ സീമാന്ദ്രയിലും തെലങ്കാനയിലും ബിജെപ്പിക്കും കോൺഗ്രസ്സിനും കാര്യങ്ങൾ ശുഭകരമാവില്ലെന്നു സൂചനകൾ. രണ്ട് സംസ്ഥാനത്തും ഇരു ദേശീയ പാർട്ടികൾക്കുമെതിരായി പുതിയ പ്രാദേശിക സഖ്യം രൂപപ്പെടുന്നു. സമാന ചിന്തക്കാരായ പാർട്ടികൾ ഒന്നിച്ച് നിൽക്കണമെന്നാവശ്യപ്പെട്ടു ഇന്ന് തെലങ്കാന രാഷ്ട്ര സമിതിയുടെ പ്രസിഡന്റ് കെ ടി രാമറാവു വൈ എസ് ആർ കോൺഗ്രസ്സ് നേതാവ് ജഗൻ മോഹൻ റെഡ്ഢിയെ കണ്ടു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകനാണ് രാമ റാവു.
നേരത്തെ ഇതേ ആവശ്യമുന്നയിച്ചു താൻ കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരാസ്വാമിയെയും ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗിയെയും കണ്ടിരുന്നുവെന്ന് രാമ റാവു മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
പുതിയ ഫെഡറൽ സഖ്യം ഉണ്ടാക്കാൻ ചന്ദ്രശേഖർ റാവു ശ്രമം തുടങ്ങിയതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തെലങ്കാന മുഖ്യമന്ത്രി ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ട്.
മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ഉടൻ ചന്ദ്രശേഖർ റാവു ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കണ്ടിരുന്നു. മുൻ കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയും മമതയെ കണ്ട് സംസാരിച്ചിരുന്നു.