ന്യൂദല്‍ഹി- ഗോധ്ര കലാപത്തില്‍ അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിക്ക് പ്രത്യേക അന്വേഷണ സംഘം ക്ലീന്‍ചിറ്റ് നല്‍കിയതിനെതിരെ കൊല്ലപ്പെട്ട മുന്‍ എം.പി ഇഹ്‌സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി.
2002 ലെ കലാപത്തിനിടെ അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ ഹിന്ദുത്വ അക്രമികള്‍ കൂട്ടക്കൊല ചെയ്ത 68 പേരില്‍ ഒരാളാണ് കോണ്‍ഗ്രസ് നേതാവു കൂടിയായ ഇഹ്‌സാന്‍ ജാഫ്രി. മോഡിക്ക് എസ്.ഐ.ടി ക്ലീന്‍ചിറ്റ് നല്‍കിയതിനെതിരേ ഗുജറാത്ത് ഹൈക്കോടതിയില്‍ നല്‍കിയ സാക്കിയയുടെ ഹരജി 2017 ഒക്ടോബര്‍ അഞ്ചിന് തള്ളിയിരുന്നു. ഇതിനെതിരെ സാക്കിയ ജാഫ്രി നല്‍കിയ അപ്പീല്‍ പരിഗണിച്ച ജസ്റ്റിസുമാരായ എ.എം ഖാന്‍ വില്‍ക്കര്‍, അജയ് രസ്‌തോഗി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഹരജിയില്‍ വാദം കേള്‍ക്കാമെന്ന് ഉറപ്പു നല്‍കിയത്. നാലാഴ്ച സമയം ചോദിച്ചത് അനുവദിച്ച് അതിന് ശേഷം വിഷയം ലിസ്റ്റ് ചെയ്യാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.