Sorry, you need to enable JavaScript to visit this website.

സാമ്പത്തിക സംവരണം പുതിയ അധ്യയന വര്‍ഷത്തില്‍; ഉന്നത വിദ്യാഭ്യാസത്തിന് 25 ശതമാനം അധിക സീറ്റ്

ന്യൂദല്‍ഹി- രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 25 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ച് 2019 അധ്യയന വര്‍ഷത്തില്‍ തന്നെ മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള പത്തു ശതമാനം സംവരണം നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കും ഇപ്പോള്‍ ലഭിക്കുന്ന സംവരണത്തെ ഒരു തരത്തിലും ഈ പത്തു ശതമാനം സാമ്പത്തിക സംവരണം ബാധിക്കില്ലെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.
സ്വകാര്യ സര്‍വകലാശാലകളിലും സാമ്പത്തിക സംവരണം നടപ്പാക്കും. യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍, ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ എന്നിവയും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയവും ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യങ്ങള്‍ സംബന്ധിച്ച തീരുമാനമെടുത്തത്. എല്ലാ സര്‍വകലാശാലകളും പത്തു ശതമാനം സാമ്പത്തിക സംവരണം സംബന്ധിച്ച വിവരം അടിയന്തരമായി അപേക്ഷാ ഫോമുകളില്‍ പ്രോസ്‌പെക്ടസുകളിലും ഉള്‍പ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ 40,000 കോളജുകളിലും 900 സര്‍വകലാശാലകളിലുമായി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പത്തു ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കുമെന്നാണ് മന്ത്രി പറഞ്ഞത്. ഓള്‍ ഇന്ത്യ സര്‍വേ ഓണ്‍ ഹയര്‍ എഡ്യുക്കേഷന്‍ 2017-18 വര്‍ഷത്തില്‍ നടത്തിയ സര്‍വേ അനുസരിച്ച് രാജ്യത്ത് 903 സര്‍വകലാശാലകളും 39,000 കോളജുകളുമാണുണ്ടായിരുന്നത്.
പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാസായി, രാഷ്ട്രപതി ഒപ്പുവെച്ച് കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രാലയം ഇന്നലെ വിജ്ഞാപനം ചെയ്ത 123-ാമത് ഭരണഘടന ഭേദഗതി നിയമം 2019ലെ വ്യവസ്ഥ അനുസരിച്ച് എട്ടു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനവും, അഞ്ചേക്കറില്‍ താഴെ കൃഷി ഭൂമിയും ഉള്ളവരാണ് പത്തു ശതമാനം സംവരണത്തിന് അര്‍ഹരാകുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചു സര്‍ക്കാര്‍ കൊണ്ടുവന്ന സംവരണ ബില്ലിനെതിരേ സുപ്രീം കോടതിയില്‍ ഹരജി എത്തിയിട്ടുണ്ട്. അതിനിടെയാണ് ഗുജറാത്തില്‍ ഉള്‍പ്പെടെ സംവരണം നടപ്പാക്കി രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ അധ്യയന വര്‍ഷം തന്നെ കേന്ദ്ര സര്‍ക്കാര്‍ ഇതു നടപ്പാക്കാനൊരുങ്ങുന്നത്.
തൊഴില്‍ മേഖലയിലെ നിയമനങ്ങള്‍ക്കു പുറമേ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിന് പൊതു, സ്വകാര്യ മേഖല ഉള്‍പ്പടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും (എയ്ഡഡ്, അണ്‍ എയ്ഡഡ്) ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള സ്ഥാപനങ്ങളില്‍ നിയമം ബാധകമാകും. ഭരണഘടനയുടെ 30-ാം അനുച്ഛേദത്തില്‍ വ്യവസ്ഥ ചെയ്യുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പുതിയ ഭേദഗതി വ്യവസ്ഥകള്‍ക്ക് ബാധകമല്ലാതാക്കിയിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗം എന്ന നിയമ വ്യവസ്ഥ സര്‍ക്കാരിന് കുടുംബത്തിന്റെ വരുമാനവും മറ്റു സാമ്പത്തിക നേട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ സമയാ സമയങ്ങളില്‍ പുനര്‍ നിര്‍വചിക്കാന്‍ ആകുമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
രാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ നടത്താന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളിലാണ് ഇതു നടപ്പാക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇതിനായി 1241.78 കോടി രൂപ നീക്കി വെക്കും. ശുപാര്‍ശ 1.1.2016 മുതല്‍ കണക്കാക്കിയാണ് നടപ്പാക്കുന്നത്. ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അരിയേഴ്‌സ് ഉള്‍പ്പെടെ കൊടുത്തു തീര്‍ക്കുന്നതിനായി അമ്പതു ശതമാനം തുക കേന്ദ്ര സര്‍ക്കാര്‍ നല്‍കും. സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 29,264 അധ്യാപകര്‍ക്കും മറ്റ് അനധ്യാപക ജീവനക്കാര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ 3.5 ലക്ഷം അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമാണ് ഇതിന്റെ ഗുണഫലം ലഭിക്കുന്നത്.
    

 

 

Latest News