Sorry, you need to enable JavaScript to visit this website.

എം.വി. ഗോവിന്ദനെ കാസർകോട്ട് മത്സരിപ്പിക്കാൻ സി.പി.എമ്മിൽ രഹസ്യ സര്‍വേ

കാസർകോട് - ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ സ്ഥാനാർത്ഥിയെ നിർത്തുന്നത് സംബന്ധിച്ച് സി.പി.എമ്മിൽ ആലോചനകൾ സജീവമായി. കാസർകോട്ട് മത്സരിക്കാൻ നാലോളം മുതിർന്ന നേതാക്കളുടെ പേരുകൾ ലിസ്റ്റിലുണ്ടെങ്കിലും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് മെംബറും കേന്ദ്ര കമ്മിറ്റി അംഗവുമായ എം.വി. ഗോവിന്ദൻ മാസ്റ്റർ കാസർകോട്ട് മത്സരിക്കണമെന്ന അഭിപ്രായത്തിനാണ് സി.പി.എം നേതൃത്വത്തിനിടയിൽ മുൻതൂക്കമുള്ളതെന്നാണ് അറിയുന്നത്. 
അതേസമയം കണ്ണൂർ മണ്ഡലത്തിൽ നിന്ന് പാർട്ടി മറ്റൊരാളെ പരിഗണിക്കുന്നുണ്ടെങ്കിൽ നിലവിലുള്ള കണ്ണൂർ എം.പി പി.കെ. ശ്രീമതി ടീച്ചറെ കാസർകോട്ട് മത്സരിപ്പിക്കാനുള്ള സാധ്യതയും ഉണ്ടെന്നറിയുന്നു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും കർഷക സമര നേതാവും കരിവെള്ളൂർ ഓണക്കുന്ന് സ്വദേശിയുമായ വിജു കൃഷ്ണന്റെ പേരും കാസർകോട് മണ്ഡലത്തിലേക്ക് സി.പി.എം പരിഗണിച്ചിരുന്നുവെങ്കിലും സാധ്യത കുറവാണ്. ദൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വിജു കൃഷ്ണൻ പാർട്ടിയുടെ ശക്തനായ നേതാവാണെങ്കിലും മണ്ഡലത്തിൽ ഇടതുമുന്നണിക്ക് മൃഗീയ ഭൂരിപക്ഷം ഇല്ലാത്തതും കാസർകോട്ട് സുപരിചിതനല്ലാത്തതും അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തിന് വിലങ്ങുതടിയാകും. കാസർകോട് ജില്ലയിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ മൂന്ന് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചതിനാൽ ഇത്തവണ സി.പി.എം സ്ഥാനാർഥി കണ്ണൂർ ജില്ലയിൽ നിന്നുള്ളയാളായിരിക്കും എന്നുറപ്പായിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി, പയ്യന്നൂർ മണ്ഡലങ്ങളിലെ കനത്ത ഭൂരിപക്ഷം തന്നെയാണ് മണ്ഡലത്തിൽ ഇടതുമുന്നണിയുടെ വിജയമുറപ്പിക്കുന്നത്. 
പാർട്ടിയിലെ താത്വിക ചിന്തകനും സൈദ്ധാന്തികനുമായി അറിയപ്പെടുന്ന എം.വി. ഗോവിന്ദൻ കാലങ്ങളായി പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് അകന്നുനിന്ന് എ.കെ.ജി സെന്ററിലെ പാർട്ടി സെന്റർ കേന്ദ്രീകരിച്ചു പ്രവർത്തിച്ചുവരുന്ന നേതാവാണ്. സി.പി. എം തയാറാക്കിയ ആലോചനാ ലിസ്റ്റിൽ കുറെ ജനസമ്മതരായ നേതാക്കളുടെ പേരുകളുണ്ടെങ്കിലും എം.വി. ഗോവിന്ദനെ കാസർകോട്ട് മത്സരിപ്പിക്കുന്നതിനായി പാർട്ടി അണികളുടെ മനഃസമ്മതം അറിയുകയാണ് ഇപ്പോൾ സി.പി.എം നേതൃത്വം. ലോക്‌സഭാ മണ്ഡലത്തിലെ സി.പി.എം ബ്രാഞ്ച് കമ്മിറ്റികൾ മുതലുള്ള ഘടകങ്ങളിൽ എം.വി. ഗോവിന്ദൻ മാസ്റ്ററെ നിർത്തുന്നത് സംബന്ധിച്ച അഭിപ്രായം അറിയാനുള്ള നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ഭൂരിപക്ഷം അംഗങ്ങളുടെയും മനസ്സറിഞ്ഞ ശേഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ മതിയെന്ന അഭിപ്രായമാണ് പാർട്ടിക്കുള്ളിലുള്ളത്. സ്ഥാനാർത്ഥിയെ മുകളിൽ നിന്ന് അടിച്ചേൽപിച്ചുവെന്ന ആരോപണം ഒഴിവാക്കാൻ കൂടിയാണ് ഈ അഭിപ്രായ സര്‍വേ തന്ത്രം. ബ്രാഞ്ചുകൾ, ലോക്കൽ കമ്മിറ്റികൾ, ഏരിയാ കമ്മിറ്റികൾ എന്നിവിടങ്ങളിൽ ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. രഹസ്യമായാണ് അഭിപ്രായം തേടുന്നത്. അണികളുടെ അഭിപ്രായം ക്രോഡീകരിച്ചു നേതൃത്വത്തെ അറിയിക്കും. 
സി.പി.എമ്മിന്റെ പഠന ക്ളാസുകളിൽ വർഷങ്ങളായി പാർട്ടിയുടെ നയവും പരിപാടിയും വിശദീകരിച്ചുവരുന്ന എം.വി. ഗോവിന്ദൻ അണികൾക്കും പ്രവർത്തകർക്കും സുപരിചിതനാണ് . പാർട്ടിക്ക് സ്വാധീനമുള്ള കല്യാശ്ശേരി, പയ്യന്നൂർ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് അസംബ്ലി മണ്ഡലങ്ങളിൽ എം.വി. ഗോവിന്ദൻ സുപരിചിതനാണ്. പുറമെ മറ്റു മണ്ഡലങ്ങളിലെ നിഷ്പക്ഷ വോട്ടുകൾ കൂടി ആകർഷിക്കാൻ കഴിയണമെന്ന അഭിപ്രായവും ഇടതുമുന്നണിയിൽ ഉയർന്നുവരുന്നുണ്ട്. 
കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ഇടതുമുന്നണിയുടെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞുവെന്നതും നേതാക്കൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. കഴിഞ്ഞ തവണ പി. കരുണാകരൻ വെറും 6685 വോട്ടിന്റെ ഭൂരിപക്ഷത്തിന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. 2014 ൽ എൽ.ഡി.എഫ് 3,84,185 വോട്ടുകളും യു.ഡി.എഫ് 3,77,500 വോട്ടുകളുമാണ് നേടിയത്. ബി. ജെ.പിക്ക് 1,72,652 വോട്ടും ലഭിച്ചിരുന്നു. 2009 ൽ സി.പി.എമ്മിലെ പി. കരുണാകരൻ 66,575 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലത്തിലാണ് കഴിഞ്ഞ തവണ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ടി. സിദ്ദീഖ് 54,717 വോട്ടുകൾ അധികം പിടിക്കുകയും ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച കെ. സുരേന്ദ്രൻ 46,707 വോട്ടുകളുടെ വർധന ഉണ്ടാക്കുകയും ചെയ്തതോടെയാണ് ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി നേരിട്ടത്.
നേരിയ ഭൂരിപക്ഷത്തിന് സി.പി.എമ്മിന് മുൻതൂക്കമുള്ള അവസ്ഥയിൽ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുത്ത് മണ്ഡലം കൈവിട്ടുപോകാതിരിക്കാൻ ജനങ്ങൾ കൂടുതൽ അംഗീകരിക്കുന്ന സ്ഥാനാർഥി തന്നെ കാസർകോട്ട് മത്സരിക്കണമെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ ശക്തമാണ്. 

Latest News