യുവാവിനെ ആലിംഗനം ചെയ്ത വിദ്യാര്‍ത്ഥിനിയെ പുറത്താക്കിയ നടപടി അല്‍അസ്ഹര്‍ യൂണിവേഴ്‌സിറ്റി റദ്ദാക്കി

കെയ്‌റോ- ഈജിപ്തില്‍ ആണ്‍സുഹൃത്തിനെ കെട്ടിപ്പിടിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ വിഡിയോ വൈറലായതിനെ തുടര്‍ന്ന് പുറത്താക്കിയ അച്ചടക്ക നടപടി ഉന്നത പണ്ഡിതന്റെ ഇടപെടലിനെ തുടര്‍ന്ന് അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി റദ്ദാക്കി. ഒരു യുവാവ് അല്‍ അസ്ഹര്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ മുമ്പില്‍ മുട്ടുകുത്തി നിന്ന് പൂച്ചെണ്ടു കൈമാറുകയും ശേഷം കെട്ടിപ്പിടിക്കുകയും ചെയ്യുന്ന വിഡിയോ ഈയിടെ രാജ്യമൊട്ടാകെ വൈറലായിരുന്നു. കാമ്പസിനു പുറത്തു നടന്ന ഈ വിവാഹഭ്യര്‍ത്ഥനാ ചടങ്ങ് ഇസ്ലാമിക മൂല്യങ്ങള്‍ക്കെതിരാണെന്ന വ്യാപക പരാതി ഉയര്‍ന്നതിനു പിന്നാലെയാണ് ലോക പ്രശസ്ത ഇസ്ലാമിക കലാലയമായ അല്‍ അസ്ഹര്‍ വിദ്യാര്‍ത്ഥിനിയെ പുറത്താക്കാന്‍ ശനിയാഴ്ച തീരുമാനിച്ചത്. എന്നാല്‍ അല്‍ അസ്ഹറിലെ ഗ്രാന്‍ഡ് ഇമാം അഹ്മദ് അല്‍ തയിബ് ഇടപെടുകയും പെണ്‍കുട്ടിയുടെ ഭാവി പരിഗണിച്ച് ഈ അച്ചടക്ക നടപടി പുനപ്പരിശോധിക്കണമെന്നും കലാശാലയോട് ആവശ്യപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ പ്രായവും വിദ്യാഭ്യാസ ഭാവിയും കണക്കിലെടുക്കണമെന്നായിരുന്നു ഇമാമിന്റെ നിര്‍ദേശം. അതേസമയം കാമ്പസിനു പുറത്തെ പെണ്‍കുട്ടിയുടെ പെരുമാറ്റം അസ്വീകാര്യമാണെന്നും മതപാരമ്പര്യങ്ങള്‍ക്കെതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇമാം ഇടപെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് യൂണിവേഴ്‌സിറ്റി അച്ചടക്ക സമിതി പെണ്‍കുട്ടിയെ പുറത്താക്കിയ നടപടി റദ്ദാക്കി അച്ചടക്ക നടപടി ലഘൂകരിച്ചത്. പകരം ആദ്യ പാദ പരീക്ഷയില്‍ നിന്നും വിദ്യാര്‍ത്ഥിനിയെ വിലക്കിയിട്ടുണ്ട്. പുറത്താക്കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഖേദം പ്രകടിപ്പിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

വിവാദമായ വിഡിയോ വടക്കന്‍ ഈജിപ്തിലെ മന്‍സൂറ യൂണിവേഴ്‌സിറ്റില്‍ ചിത്രീകരിച്ചതാണ്. ഇവിടെ വിദ്യാര്‍ത്ഥിയായ യുവാവാണ് പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും പരസ്യമായി കെട്ടിപ്പിടിക്കുകയും ചെയ്തത്. ഇതിന്റെ പേരില്‍ യുവാവിനെ രണ്ടു വര്‍ഷത്തേക്ക് പുറത്താക്കിയതായിട്ടുണ്ടെന്നും ഈ നടപടിക്കെതിരെ വിദ്യാര്‍ത്ഥിക്ക് അപ്പീല്‍ നല്‍കാമെന്നും യൂണിവേഴ്‌സിറ്റി വക്താവ് ഹാനി ഹെലാല്‍ പറഞ്ഞു.
 

Latest News