ഡിസ്‌നി ലാന്റും ഐസ് വേൾഡും  ഇനി മലപ്പുറത്തും

മലപ്പുറം - വാൾട്ട് ഡിസ്‌നിയുടെ ലോകപ്രശസ്ത കാർട്ടൂൺ കഥാപാത്രങ്ങളുമായി ഡിസ്‌നി ലാന്റും, സ്വിറ്റ്‌സർലന്റിലെ  മരവിപ്പിക്കുന്ന ഹിമ ഗുഹകളെ അനുസ്മരിപ്പിക്കുന്ന ഐസ് വേൾഡും ഇനി മലപ്പുറത്തും. മലപ്പുറം പ്രസ്‌ക്ലബ്, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഷഫാസ് ഇന്നൊവേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മലപ്പുറം ഫെസ്റ്റിന്റെ ഭാഗമായാണ് ഡിസ്‌നി ലാന്റും ഐസ് വേൾഡും ഒരുങ്ങുന്നത്. യഥാർഥ ഡിസ്‌നി ലാന്റിൽ എത്തിയതു പോലെയും യഥാർഥ ഹിമാനികളുടെ മുകളിലും,  ഹിമ ഗുഹകളുടെ ഉള്ളിലും അകപ്പെട്ടതു പോലെയും തോന്നിപ്പിക്കുന്ന മായിക ലോകമാണിത്. മലപ്പുറത്തിനു ആദ്യമായായിരിക്കും ഇത്തരമൊരനുഭവം. 
ജനുവരി ഇരുപത്തിയാറു മുതൽ ഫെബ്രുവരി പത്തു വരെയാണ് മലപ്പുറം ഫെസ്റ്റ് വാറങ്കോട് ഇസ്‌ലാഹിയ സ്‌കൂളിനു തൊട്ടടുത്ത വയലിൽ നടക്കുക. പതിനാറു ദിവസങ്ങളിലായി ഒരു ലക്ഷം കാണികളെയാണ് ഫെസ്റ്റിൽ സംഘാടകർ  പ്രതീക്ഷിക്കുന്നത്. അവശതയനുഭവിക്കുന്ന പത്രപ്രവർത്തകർക്കു സഹായമെത്തിക്കുന്നത് പണം സ്വരൂപിക്കുകയാണ് ഫെസ്റ്റിന്റെ ലക്ഷ്യം. 
അമ്യൂസ്‌മെന്റ് പാർക്ക്, കുട്ടികളുടെ പാർക്ക്, ഫുഡ് കോർട്ട്, ആർട്ട് ഗാലറി എന്നിവയ്ക്കു പുറമെ സർക്കാറിന്റെയും വിവിധ സ്ഥാപനങ്ങളുടേതുമായി 30 പവലിയനുകളും ഫെസ്റ്റിനോടനുബന്ധിച്ചുണ്ടാകും. എല്ലാ ദിവസവും വിവിധ കലാ പരിപാടികളും ഒരുക്കിയിട്ടുണ്ട്. മുതിർന്നവർക്കു 70 രൂപയും പത്തു വയസിനു താഴെയുള്ള കുട്ടികൾക്കു 30 രൂപയുമാണ് പ്രവേശന ഫീസ്. സ്റ്റാളുകൾക്കും മറ്റും 9895327511 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


 

Latest News