ഭുവനേശ്വര്‍- ഒഡീഷയിലെ കണ്ഡാമല്‍ ജില്ലയിലെ ഫുല്‍ബാനിയില്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി സര്‍ക്കാര്‍ നടത്തുന്ന റെസിഡന്‍ഷ്യന്‍ സ്്കൂളില്‍ എട്ടാം ക്ലാസുകാരി വിദ്യാര്‍ത്ഥിനി പ്രസവിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു പ്രസവം. തുടര്‍ന്ന് അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്കു മാറ്റിയിരുന്നു. തിങ്കളാഴ്ച കുഞ്ഞ് മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് സ്‌കൂളിലെ പ്രധാനധ്യാപിക രാധാറാണി ദലിനേയും മൂന്ന് അസിസ്റ്റന്റ് സുപ്രണ്ടുമാരേയും സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ആദിവാസി, ഗ്രാമ വികസന വകുപ്പിനു കീഴിലുള്ള സ്‌കൂളാണിത്. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ ആറ് ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
ഹോസ്റ്റലില്‍ വച്ച് പ്രസവം നടന്നയുടന്‍ പെണ്‍കുട്ടിയേയും കുഞ്ഞിനേയും ബലിഗുഡ് സബ് ഡിവിഷണല്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവിടെ നിന്നും പിന്നീട് ബെര്‍ഹാംപൂര്‍ എംകെസിജി മെഡിക്കല്‍ കോളെജിലേക്കു മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് കുഞ്ഞ് മരിച്ചത്. പെണ്‍കുട്ടി ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.
സംഭവം മറച്ചുവയ്ക്കാന്‍ ശ്രമമുണ്ടായെന്ന് ആരോപിച്ച് പ്രദേശ വാസികള്‍ സമരം ചെയ്തതിനെ തുടര്‍ന്ന് ഞായറാഴ്ച ഒരു മുതിര്‍ന്ന വിദ്യാര്‍ത്ഥിയെ അറസ്റ്റിലായിട്ടുണ്ട്. പിടിയിലായ ശര്‍ബന്‍ പ്രധാന്‍ എന്ന വിദ്യാര്‍ത്ഥി പെണ്‍കുട്ടിയെ ഏതാനും മാസങ്ങള്‍ക്കു മുമ്പ് അവധിക്ക് വീട്ടില്‍ പോയ സമയത്ത് പീഡിപ്പിച്ചിരുന്നുവെന്ന് കണ്ഡാമല്‍ പോലീസ് സുപ്രണ്ട് പറഞ്ഞു.