ദമാം - അൽകോബാറിൽ സൗദിവൽക്കരണം ലംഘിച്ച ആറു സ്ഥാപനങ്ങൾ അൽകോബാർ ലേബർ ഓഫീസും പോലീസും നഗരസഭയും ചേർന്ന് ഞായറാഴ്ച അടപ്പിച്ചു. അൽകോബാറിലെ 34 സ്ഥാപനങ്ങളിലാണ് വിവിധ വകുപ്പുകൾ സഹകരിച്ച് ഞായറാഴ്ച പരിശോധന നടത്തിയത്. നിയമ ലംഘനങ്ങൾക്ക് പതിനാലു സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ഈ സ്ഥാപനങ്ങൾക്ക് ആകെ 2,85,000 റിയാലാണ് പിഴ ചുമത്തിയത്.
മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപെറ്റ് കടകൾ, ചോക്കലേറ്റ്-പലഹാര കടകൾ എന്നീ സ്ഥാപനങ്ങളിൽ കഴിഞ്ഞ തിങ്കളാഴ്ച മുതൽ സൗദിവൽക്കരണം നിർബന്ധമാക്കിയിട്ടുണ്ട്. നിയമം ലംഘിച്ച് വിദേശികളെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങൾക്ക് വിദേശികളിൽ ഒരാൾക്ക് 20,000 റിയാൽ തോതിൽ പിഴ ചുമത്തും.
മറ്റൊരു സംഭവത്തിൽ, അൽഖസീം നഗരസഭയും ട്രാഫിക് പോലീസും ചേർന്ന് ബുറൈദ അൽനഹ്ദ ഡിസ്ട്രിക്ടിൽ കിംഗ് സൽമാൻ റോഡിൽ പ്രവർത്തിക്കുന്ന റെന്റ് എ കാർ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ ഏതാനും നിയമ ലംഘനങ്ങൾ കണ്ടെത്തി. നിയമം ലംഘിച്ച് പൊതുറോഡുകളിൽ കാറുകൾ നിർത്തിയിടൽ അടക്കമുള്ള നിയമ ലംഘനങ്ങളാണ് സ്ഥാപനങ്ങളിൽ കണ്ടെത്തിയത്. നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനും നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും അൽഖസീം പ്രവിശ്യയിലെ റെന്റ് എ കാർ സ്ഥാപനങ്ങളിൽ പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.