പത്തനംതിട്ട- ശബരിമലയില്‍ ശരണം വിളികളോടെ ഭക്തജനങ്ങള്‍ മകരജ്യോതി ദര്‍ശിച്ചു. കാത്തിരുന്ന അയ്യപ്പന്മാര്‍ക്കു മുന്നില്‍ പൊന്നമ്പലമേടിന്റെ ആകാശത്ത് വൈകീട്ട് 6.35 ഓടെയാണ് ജ്യോതി തെളിഞ്ഞത്. മൂന്നു തവണയാണ് മകരജ്യോതി തെളിഞ്ഞത്.
പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രക്ക് വൈകീട്ട് പതിനെട്ടാംപടിക്ക് മുകളില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റെയും നേതൃത്വത്തില്‍ വരവേല്‍പ് നല്‍കി. തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വാസുദേവന്‍നമ്പൂതിരിയും ചേര്‍ന്ന് തിരുവാഭരണപേടകം ഏറ്റുവാങ്ങി. തുടര്‍ന്ന് അയ്യപ്പന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടന്നു.
ഭക്തര്‍ തിരിച്ചിറങ്ങുമ്പോള്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ദേശീയ ദുരന്ത നിവാരണ സേനയും ദ്രുതകര്‍മ്മസേനയും ജാഗ്രത പാലിച്ച് നിലയുറപ്പിച്ചിട്ടുണ്ട്.
പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ എത്തിയ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് അതീവ ജാഗ്രത പാലിച്ചിരുന്നു. അയ്യായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരുന്നത്. ഈമാസം 20 വരെ കര്‍ശന സുരക്ഷ ഉറപ്പാക്കാനാണ് പോലീസിന്റെ തീരുമാനം. ഭക്തര്‍ക്ക് സുരക്ഷിതമായ മടങ്ങുന്നതിനുള്ള ക്രമീകരണങ്ങള്‍ കെ.എസ്.ആര്‍.ടി.സിം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ചയോടെയാണ് ശബരിമലയില്‍ തിരക്ക് വര്‍ധിച്ചത്.