Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് കോംപ്ലക്‌സ് നാടിന് സമർപ്പിച്ചു 

സംസ്ഥാനത്തെ ഇലക്ട്രോണിക് ഹാർഡ്‌വെയർ രംഗത്ത് നാഴികക്കാല്ലായി ഇന്ത്യയിലെ ഏറ്റവും വലിയ  ഇൻറഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സും മേക്കർ വില്ലേജും മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഐ.ടി ലക്ഷ്യസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കളമശ്ശേരിയിലെ കേരള ടെക്നോളജി ഇന്നൊവേഷൻ സോണിൽ മേക്കർ വില്ലേജിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
500 ലധികം സ്റ്റാർട്ട്അപ്പുകൾക്ക് പ്രവർത്തന സൗകര്യമൊരുക്കുന്ന 1,80,000 ചതുരശ്ര വിസ്തീർണത്തിലുളളതാണ് ഇന്റഗ്രേറ്റഡ് സ്റ്റാർട്ട്അപ്പ് കോംപ്ലക്സ്. കേരളത്തിൽ നിന്നുള്ള സോഫ്റ്റ്വെയർ കയറ്റുമതി വർധിപ്പിക്കണം. ഇതിന് ഉതകുന്ന തരത്തിൽ പുതിയ വ്യവസായ മേഖലകളിലേക്ക് നിക്ഷേപകരെ ആകർഷിക്കാനും കഴിയണം. ഇതിനാവശ്യമായ ഭൗതിക, പശ്ചാത്തല, സാമൂഹിക പശ്ചാത്തല സൗകര്യങ്ങളും ഒരുക്കുകയാണ് സർക്കാർ. അതിനൂതനാശയങ്ങളുമായെത്തുന്ന സ്റ്റാർട്ട്അപ്പുകൾക്ക് എല്ലാ പ്രോത്സാഹനവും സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
ഒരു കോടി 30 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലായിരുന്ന കേരളത്തിലെ ഐ.ടി പശ്ചാത്തല സൗകര്യങ്ങൾ രണ്ട് കോടി 30 ലക്ഷം ചതുരശ്ര അടിയായി വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇതിൽ 30 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലുള്ള ഐ.ടി ആവാസ വ്യവസ്ഥ വികസിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞു. ഐ.ടി മേഖലയിൽ 2.5 ലക്ഷം പേർക്ക് പ്രത്യക്ഷ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള ലക്ഷ്യം സാക്ഷാത്കരിക്കുന്ന ചരിത്രപരമായ ചുവടുവെയ്പാണ് കളമശ്ശേരിയിൽ പ്രവർത്തനമാരംഭിക്കുന്ന ഇന്റഗ്രേറ്റഡ് സ്റ്റാർട്ട് അപ്പ് കോപ്ലക്സും മേക്കർ വില്ലേജും. സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ട് അപ്പ് ഹബ്ബായ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലുള്ള ജയ്പുരിലെ ടെക്നോ ഹബ്ബിനേക്കാൾ 82,000 ചതുരശ്ര അടി അധിക വിസ്തീർണമാണുള്ളത്. ഇതോടെ കേരള ടെക്നോളജി ഇന്നൊവേഷൻ സോൺ ഉൾപ്പെടുന്ന കോംപ്ലക്സ് സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ട്അപ്പ് ഹബ്ബായി മാറിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഇൻക്യുബേഷൻ സെന്റർ മൂന്നു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലുള്ള പാരീസിലെ സ്റ്റേഷൻ എഫ് ആണ്. 3.5 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലുള്ള ടെക്നോളജി ഹബ്ബ് തെലങ്കാനയിൽ ആരംഭിക്കുകയാണ്. കൊച്ചിയിലെ 13 ഏക്കറിൽ ഏഴ് കെട്ടിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന കേരള ടെക്നോളജി ഇന്നൊവേഷൻ സോൺ ഭാവിയിൽ അഞ്ച് ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീർണത്തിലേക്ക് വികസിപ്പിക്കാനാകും.
നിലവിൽ പരിമിതമായ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി നൂറിലധികം സ്റ്റാർട്ട്അപ്പുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ 30 ലധികം പേറ്റന്റുകൾക്കാണ് ഈ കമ്പനികൾ അപേക്ഷിച്ചിട്ടുള്ളത്. 


സ്റ്റാർട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനും നൂതനാശയങ്ങൾ സ്വാംശീകരിക്കുന്നതിനുമുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാകും. ശാസ്ത്ര സാങ്കേതിക നേട്ടങ്ങൾ മനുഷ്യ പുരോഗതിക്കും സാമൂഹ്യ നന്മയ്ക്കും ഉപയോഗപ്പെടുത്തുകയാണ് സർക്കാർ നയം. മാൻഹോൾ വൃത്തിയാക്കുന്നതിന് റോബോട്ടിനെ ഉപയോഗപ്പെടുത്തി ലോക പ്രശംസ നേടാൻ കേരളത്തിനായി. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിലും സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തും. ഉന്നത നിലവാരമുള്ള സാങ്കേതിക സ്റ്റാർട്ട്അപ്പുകളുടെ വികസനത്തിനാവശ്യമായ ഭൗതിക, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ  ഒരുക്കുന്നതോടൊപ്പം പൊതുജനങ്ങൾക്കും അത്തരം സേവനങ്ങൾ ലഭ്യമാക്കും. പൊതുസ്ഥലങ്ങളിലും വായനശാലകളിലും സൗജന്യ വൈഫൈ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത് ഈ നയത്തിന്റെ ഭാഗമായാണ്. ഇലക്ട്രോണിക് ഹാർഡ് വെയർ സ്റ്റാർട്ട്അപ്പുകൾക്കായുള്ള മേക്കർ വില്ലേജും കാൻസർ പ്രതിരോധ ഗവേഷണത്തിനും പുതിയ ചികിത്സാരീതികൾ വികസിപ്പിക്കുന്നതിനുമുള്ള ഇൻക്യുബേറ്ററും ബയോടെക്നോളജി സ്റ്റാർട്ട്അപ്പുകൾക്കായുള്ള ബയോനെസ്റ്റും ഇതൊടൊപ്പം പ്രവർത്തനമാരംഭിക്കുകയാണ്. സ്റ്റാർട്ട്അപ്പ് സംരംഭകർക്കാവശ്യമായ പരിശീലനം, അടിസ്ഥാന സൗകര്യങ്ങൾ, വിപണി കണ്ടെത്തുന്നതിനുള്ള മാർഗനിർദേശം തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ലഭ്യമാകും. ശാസ്ത്ര സാങ്കേതിക വിദ്യയെ സമഗ്രമായി വിലയിരുത്തുന്ന നയമാണ് സർക്കാരിനുള്ളത്. വലിയ ഐ.ടി കമ്പനികൾ കേരളത്തിലേക്ക് വരുന്നതും കേന്ദ്ര സർക്കാരിന്റെ ടോപ് പെർഫോർമർ അവാർഡ് കേരളത്തിന് ലഭിച്ചതും ഇതിന് തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബയോമെഡിക്കൽ റിസർച്ച് ആന്റ് ഇന്നൊവേഷൻ സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. കൊച്ചി കാൻസർ സെന്ററുമായി സഹകരിച്ചാണ് സെന്റർ പ്രവർത്തിക്കുന്നത്. 7500 ചതുരശ്ര അടി വിസ്തീർണത്തിലാണ് കാൻസർ റിസർച്ച് ആന്റ് ഇൻക്യുബേഷൻ സൗകര്യങ്ങളൊരുക്കുന്നത്. ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയുമായി കേരള സർക്കാർ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.

Latest News