ന്യൂഡല്‍ഹി- മഹാസഖ്യത്തിന്റെ വിജയ സാധ്യതകളെ ബിജെപി നേതൃത്വം തളളിക്കളയുമ്പോഴും സഖ്യത്തെക്കുറിച്ചുളള ചോദ്യങ്ങള്‍ നമോ അപ്ലിക്കേഷന്‍ വഴിയുളള സര്‍വ്വേയില്‍ ഇടംപിടിച്ചിരിക്കുന്നു. നിങ്ങളുടെ മണ്ഡലത്തില്‍ മഹാസഖ്യത്തിന് എന്തെങ്കിലും സ്വാധീനം ഉണ്ടാക്കാന്‍ കഴിയുമോ എന്നാണ് ആകെ ഒമ്പത് ചോദ്യങ്ങളിലൊരു ചോദ്യം.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സര്‍വ്വേയില്‍ ഗവണ്‍മെന്റിനെക്കുറിച്ചും ബിജെപിയെക്കുറിച്ചും ചോദ്യങ്ങള്‍ ഉണ്ട്. പ്രധാന തീരുമാനങ്ങള്‍ കൈകൊളളുന്നതിന് ആപ്പ് വഴിയുളള രാജ്യത്തെ പൗരന്‍മാരുടെ പ്രതികരണങ്ങള്‍ ആവശ്യമുണ്ടെന്ന് പ്രധാനമന്ത്രി സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെ പറഞ്ഞു.
വിവിധ പദ്ധതികളെ അടിസ്ഥാനപ്പെടുത്തി ഗവണ്‍മെന്റിന്റെ പ്രകടനം വിലയിരുത്താനാണ് സര്‍വ്വേയില്‍ പങ്കെടുക്കുന്നവരോട് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെടുന്നത്. ഏതൊക്കെ വിഷയങ്ങളെയാണ് സര്‍ക്കാര്‍ അടിയന്തിരമായി പരിഗണിക്കേണ്ടത് എന്നാണ് ആദ്യത്തെ ചോദ്യം. സംസ്ഥാനതലത്തിലുളള ബിജെപി നേതാക്കളെക്കുറിച്ചും പ്രാദേശിക നേതൃത്വത്തെക്കുറിച്ചും ചോദ്യങ്ങളുണ്ട്.
മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും പാര്‍ട്ടി നേരിട്ട പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ സര്‍വ്വേ.