ജിദ്ദ- ഗള്‍ഫ് നാടുകളില്‍നിന്നുള്ള മടക്ക യാത്രയിലും ഇന്ത്യയില്‍നിന്ന് സ്‌റ്റോക്ക് ചെയ്യുന്ന ഭക്ഷണം വിതരണം ചെയ്യുമെന്ന് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിരിക്കെ പ്രതികരണവുമായി പ്രവാസികള്‍. ഏതാനും മാസങ്ങള്‍ക്കകം ഗള്‍ഫിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങളിലും പുതിയ രീതി ആരംഭിക്കും.
നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് മടങ്ങുന്ന വിമാനങ്ങളില്‍ ഇന്ത്യന്‍ ഭക്ഷണം നല്‍കി തുടങ്ങിയിട്ടുണ്ട്. കാറ്ററിംഗ് ചെലവ് കുറക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരീക്ഷണം. വിദേശ രാജ്യങ്ങളില്‍നിന്ന് മടങ്ങുമ്പോഴും ഇന്ത്യന്‍ ഭക്ഷണം തന്നെ ലഭിക്കുന്നത് യാത്രക്കാര്‍ ഇഷ്ടപ്പെടുമെന്നും അവര്‍ക്ക് ഇന്ത്യന്‍ രുചിയോടാണ് താല്‍പര്യമെന്നുമാണ് എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ പ്രദീപ് സിംഗ് അവകാശപ്പെടുന്നത്.
വിമാന സര്‍വീസ് രംഗത്ത് പ്രതിഛായ നഷ്ടപ്പെട്ട എയര്‍ ഇന്ത്യക്ക് ഇത് സാധിക്കുമോ എന്നു ചോദിക്കുന്നവരും നല്ല തീരുമാനമെന്ന് പ്രകീര്‍ത്തിക്കുന്നവരും പ്രവാസികളിലുണ്ട്. നാട്ടില്‍നിന്ന് കയറ്റി ഫ്രീസറില്‍ സൂക്ഷിക്കുന്ന ഭക്ഷണം യഥാസയമം ചൂടാക്കി നല്‍കുമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നത്. സമയനിഷ്ഠയുടെ കാര്യത്തിലും വിമാനത്തിലെ സൗകര്യങ്ങളുടെ കാര്യത്തിലും പിറകില്‍ നില്‍ക്കുന്ന എയര്‍ ഇന്ത്യ ആയതു കൊണ്ട് ഭക്ഷ്യവിഷബാധയെ കുറിച്ച് ഭയപ്പെടണമെന്നാണ് ചിലരുടെ അഭിപ്രായം.
കൂടതല്‍ സമയമെടുക്കുന്ന യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള വിമാനങ്ങളില്‍ മാത്രമേ ആശങ്ക വേണ്ടതുള്ളൂവെന്നും മൂന്നോ നാല് മണിക്കൂര്‍ കൊണ്ട് എത്തുന്ന ഗള്‍ഫ് വിമാനങ്ങളില്‍ നമ്മുടെ സ്വന്തം ഭക്ഷണം ലഭ്യമാക്കുന്നത് നല്ല കാര്യമാണെന്നും അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ. ജംഷിദ് അഹ് മദ് പറഞ്ഞു.
വിമാന കമ്പനികള്‍ ഭീമമായ സംഖ്യകളാണ് കാറ്ററിംഗ് കമ്പനികള്‍ക്ക് നല്‍കുന്നതെന്നും സുരക്ഷ ഉറപ്പാക്കിയാല്‍ ഇത് നല്ല തീരുമാനമാണെന്നും ജിദ്ദയിലെ സാമൂഹിക പ്രവര്‍ത്തകനും ഡാന ഇന്റര്‍നാഷണല്‍ കാര്‍ഗോ മാര്‍ക്കറ്റിംഗ് മാനേജരുമായി അബ്ദുല്‍ മജീദ് നഹ അഭിപ്രായപ്പെട്ടു.
എയര്‍ ഇന്ത്യ ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി കൊണ്ടുവരുന്ന പരിഷ്‌കാരം ആശങ്കയുളവാക്കുന്നതാണെന്നും ഭക്ഷണം ചൂടാക്കി തരുമ്പോള്‍ അതിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ സാധിക്കുമോയെന്നും ക്രിയേറ്റീവ് ഗ്രാഫിക്‌സ് മാനേജര്‍ ഇര്‍ഷാദ് ചോദിച്ചു.






