ജക്കാര്‍ത്ത- ഇന്തോനേഷ്യയില്‍ 189 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തില്‍ മൃതദേഹാവശിഷ്ടങ്ങളും കോക്പിറ്റ് വോയിസ് റെക്കോര്‍ഡറും കണ്ടെത്തി. കഴിഞ്ഞ ഒക്ടോബര്‍ 29 നാണ് ലയണ്‍ എയര്‍ജെറ്റ് വിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം ജാവാ സമുദ്രത്തില്‍ തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ല.
കോക്പിറ്റ് റെക്കോര്‍ഡര്‍ കണ്ടെത്തിയ വിവരം നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സുരക്ഷാ കമ്മിറ്റിയെ അറിയിച്ചതായി ഇന്തോനേഷ്യന്‍ ജലഗതാഗത ഡെപ്യൂട്ടി മന്ത്രി റിദ് വാന്‍ ജമാലുദ്ദീന്‍ പറഞ്ഞു. തീരത്തുനിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
രണ്ട് മാസം മാത്രം പഴക്കമുള്ള ബോയിംഗ് 737 മാക്‌സ് എട്ട് ജറ്റ് വിമാനമാണ് ജക്കാര്‍ത്തയില്‍നിന്ന് പറന്നുയര്‍ന്നയുടന്‍ സമുദ്രത്തില്‍ പതിച്ചത്.