ജിദ്ദയിൽനിന്ന് രാത്രി ഒന്നരമണിക്കു പുറപ്പെട്ട എയറിന്ത്യാ വിമാനം ഹൈദരാബാദിലിറങ്ങി കിതപ്പാറ്റിയ ശേഷം പറന്ന് നട്ടുച്ചക്ക് മുംബൈ ഛത്രപതി ശിവജി അന്തരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. പൊള്ളുന്ന മെയ്മാസച്ചൂടിൽ ഔറംഗബാദിലേക്കുള്ള യാത്രയാണ്. ഉറക്കച്ചടവോടെ കൺവെയർ ബെൽറ്റിനരികിൽ ഒരു മണിക്കൂറോളം കാത്തുനിന്നപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം മനസ്സിലായത്. ലഗേജ് കൗണ്ടറിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സഹായം തേടി. ബാഗ് മാറി എടുത്തു സ്ഥലം വിട്ട യാത്രക്കാരിയെ കംപ്യൂട്ടർ നമ്പറിലൂടെ അവർ കണ്ടെത്തി. ഉൽക്കണ്ഠ നിറഞ്ഞ കാത്തിരിപ്പിന്റെ നിമിഷങ്ങളായിരുന്നു പിന്നീട്. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പഴയ എയറിന്ത്യാ ഫുട്‌ബോൾ ടീമംഗങ്ങൾ രഞ്ജിത് ഥാപ്പയും സാഹുവും കോഴിക്കോട് നഗരത്തെക്കുറിച്ചും സേട്ട് നാഗ്ജി ഫുട്‌ബോൾ ടൂർണമെന്റിനെക്കുറിച്ചും സമൃദ്ധമായ ഓർമ്മകൾ പങ്കുവെച്ചു. നിറഞ്ഞ സ്‌നേഹവും കടുപ്പമുള്ള ചായയും കിട്ടി. ഇതിനകം മാറിയെടുത്ത ബാഗുമായി യാത്രക്കാരി തിരിച്ചെത്തിയിരുന്നു.
വളരെ വലിയ ഇടവേളക്കു ശേഷമാണ് ബോംബെയിൽ എത്തുന്നത്. സാന്താക്രൂസിലേക്കുള്ള വഴിയിൽ നഗരത്തിന്റെ ആരവങ്ങൾക്കിടയിലൂടെ വാഹനം നീങ്ങിയപ്പോൾ ശ്രദ്ധിച്ച ഒരു കാര്യം പഴയ ഫിയറ്റ് ടാക്‌സികളുടെ അസാന്നിധ്യമാണ്. നേർകാഴ്ചയിലെ നഗര ചിത്രങ്ങൾക്ക് മൂന്നു പതിറ്റാണ്ടിലേറെ പഴക്കം വന്നിരിക്കുന്നു. ഉച്ചച്ചൂടിൽ മയങ്ങിക്കിടക്കുകയാണ് നഗരം. യൗവനാരംഭത്തിൽ കറങ്ങിനടന്ന തെരുവുകൾ. മഹാ നഗരത്തെക്കുറിച്ച് അവസാനമായി വായിച്ചത് ജീത് തയ്യിലിന്റെ നോവലായ നാർകോ പോളിസിലാണ്. എഴുപതുകളിലെ ബോംബെ നഗരം കേന്ദ്രമാക്കിയാണ് നാർകോ പോളിസ് രചിക്കപ്പെട്ടത്. മയക്കുമരുന്നിന്റെ അഡ്ഢകളും അവയിലെ മനുഷ്യരും അമ്പരപ്പിക്കുന്ന വിശദാംശങ്ങൾ സഹിതം വരച്ചിട്ട ജീതിന്റെ നോവലിന് വ്യാപകമായ ശ്രദ്ധ ലഭിച്ചു.
ഗുരു ഗോബിന്ദ് സിംഗ് റോഡിലെ റെഡ് പാം റെസിഡൻസിയിൽ മുറി ഏർപ്പാടാക്കിയത് സാന്താക്രൂസിൽ മെഡിക്കൽ എക്യുപ്‌മെന്റ് കമ്പനി മേധാവിയും ബ്‌ളോഗറുമായ സോമരാജ പണിക്കരായിരുന്നു. ഇന്റർനെറ്റ് സൗഹൃദങ്ങൾക്ക് കൂടുതൽ മാനുഷികവും സ്‌നേഹ നിർഭരവുമാകാൻ കഴിയുമെന്ന് അപ്രതിരോധ്യമായ സ്‌നേഹവായ്പിലൂടെ അദ്ദേഹം തെളിയിച്ചു. എല്ലാ അർഥത്തിലും ഒരു മുംബൈകാർ. മലയാളിയുടെ കപട മുഖംമൂടികളില്ലാതെ മഹാ നഗരത്തിൽ ജീവിക്കുമ്പോഴും അരീക്കര എന്ന സ്വന്തം ഗ്രാമത്തെ മനസ്സിൽ കുടിയിരുത്തിയ പണിക്കർ സൗദിയിൽ പ്രവാസിയായിരുന്ന കാലത്തെ രസകരമായ അനുഭവങ്ങൾ ഓർത്തെടുത്തു. നാട്ടിൽ നിന്ന് കൊങ്കൺ പാതയിലൂടെ എത്തിയ സുഹൃത്ത് കാലത്തേ ചെക്കിൻ ചെയ്തിരുന്നു. ഹോട്ടലിൽ നിന്ന് രണ്ടടി ദൂരമേയുള്ളൂ ഖാർ റെയിൽവേ സ്റ്റേഷനിലേക്ക്. വഴിയിൽ തെരുവു കച്ചവടക്കാരുടെ തിരക്ക്. ബനിയനും വസ്ത്രങ്ങളും ഇലക്‌ട്രോണിക് ഉപകരണങ്ങളുമാണ് വിൽപനച്ചരക്കുകൾ. വിശ്രമം മറന്ന് ഞങ്ങൾ തെരുവിലെ ഒഴുക്കിലലിഞ്ഞു.
രാത്രി ബസിൽ ഔറംഗബാദിലേക്ക്.
എഴുനൂറുകിലോമീറ്ററോളം ദൂരമുണ്ട് ഔറംഗബാദിലേക്ക്. എല്ലോറ ഗുഹാ ക്ഷേത്രങ്ങളും ഡക്കാൺ താജ്മഹൽ എന്നറിയപ്പെടുന്ന ബീബികാ മക്ബറയും ദൗലത്താബാദ് കോട്ടയുമെല്ലാം ഔറംഗബാദ് നഗരത്തിന്റെ മുപ്പതു കിലോമീറ്റർ ചുറ്റളവിലാണ്. പിന്നെയും നൂറ്റിപ്പത്തു കിലോമീറ്റർ യാത്ര ചെയ്തു വേണം മറാട്ടി ഭാഷയിൽ അജിണ്ട ലോണി എന്നറിയപ്പെടുന്ന അജന്തയിലെത്താൻ.
രാത്രി പത്തര മണിക്കാണ് സാന്താക്രൂസിലെ നിതാ ട്രാവൽ ഏജൻസിയുടെ വോൾവോ ബസ് ഔറംഗബാദ് ലക്ഷ്യമാക്കി നീങ്ങിയത്. പഞ്ചിം, ബാംഗഌർ, ബറോഡ, ഭോപ്പാൽ, നാഗ്പൂർ തുടങ്ങി എല്ലാ പ്രമുഖ നഗരങ്ങളിലേക്കും തീർഥാടന കേന്ദ്രങ്ങളിലേക്കുമുള്ള ലക്ഷ്വറി ബസുകൾ ഒന്നിനു പുറകേ ഒന്നായി വന്നുകൊണ്ടിരുന്നു. നഗര ദീപങ്ങളെ പിന്നിലാക്കി ഹൈവേയിലേക്കു പ്രവേശിച്ചതോടെ വാഹനം വേഗതയാർഡിച്ചു.
അനേകം യുദ്ധങ്ങൾക്ക് സക്ഷ്യം വഹിച്ച ഡക്കാൺ പീഠഭൂമിയുടെ തന്ത്രപ്രാധാന്യം മനസ്സിലാക്കിയാണ് ഇന്നും ഇവിടെ സേനാ വിന്യാസം നടത്തിയിട്ടുള്ളത്.
സാംസ്‌കാരികമായും വലിയ ഔന്നത്യമുണ്ട് മുഗൾ ചക്രവർത്തിയുടെ പേരുള്ള ഈ നഗരത്തിന്. വാലി ഔറംഗബാദി എന്നറിയപ്പെടുന്ന വാലി ദഖ്‌നി (1667-1743) ഉർദു കാവ്യശാഖയുടെ തുടക്കക്കാരനായിരുന്നു. സിക്കന്തർ അലി വാജിദ്, സിറാജ് ഔറംഗാബാദി തുടങ്ങിയ പ്രസിദ്ധ കവികളും ഇവിടെ ജന്മം കൊണ്ടവരാണ്. ഇക്കാലത്തെ പ്രശസ്ത ഉർദു കവികളായ ജസ്മ് ഔറംഗബാദി, ഹിമായത്തലി ഷായിർ (ഇപ്പോൾ കാനഡയിൽ) എന്നിവരും ഔറംഗബാദുകാരാണ്. ജമാഅത്തെ ഇസ്‌ലാമി സ്ഥാപകനും പ്രമുഖ പണ്ഡിതനുമായ മൗലാനാ അബുൽ അഅ്‌ലാ മൗദൂദി (1903-1979) ജനിച്ചത് ഔറംഗബാദിലായിരുന്നു. അഭിഭാഷകനായ മൗലാനാ അഹമദ് ഹസന്റെ പുത്രനായിരുന്നു അദ്ദേഹം. ഇന്ത്യാ വിഭജനത്തിനു മുമ്പേ അതിർത്തി കടന്ന മൗദൂദി കുടുംബം പിന്നീട് ലാഹോറിൽ സ്ഥിരതാമസമാക്കി.
കൊടും ചൂടിലേക്കാണ് നേരം പുലർന്നത്. വെയിലിന്റെ അകമ്പടിയോടെ വരണ്ട ഗ്രാമദൃശ്യങ്ങൾ പിന്നിട്ട് ബസ് ഹോട്ടൽ മൻ മന്ദിറിലെത്തിയപ്പോൾ എട്ടുമണി ആകുന്നതേ ഉണ്ടായിരുന്നുള്ളൂ. ദൗലത്താബാദിലെത്തുമ്പോൾ നാം നൂറ്റാണ്ടുകൾ പിന്നോട്ടു സഞ്ചരിച്ചതായി തോന്നും. എട്ടു രാജവംശങ്ങളുടെ ഉത്ഥാന പതനങ്ങൾ കണ്ട ഇടമാണിത്. വൻ പടയോട്ടങ്ങൾക്കു സാക്ഷ്യം വഹിച്ച മണ്ണിൽ ദീനമായ ഗ്രാമീണ മുഖങ്ങളും സഞ്ചാരികളുടെ ഏതാനും വാഹനങ്ങളും ചില പെട്ടിക്കടകളും മാത്രം. രാഷ്ട്രകുട് രാജവംശമാണ് ഇന്നത്തെ ദൗലത്താബാദ് എന്ന ദേവഗിരി കോട്ട നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇവിടം ഭരിച്ച യാദവ് രാജാക്കന്മാരുടെ കാലം മുതലുള്ള ചരിത്രമേ എഴുതപ്പെട്ടിട്ടുള്ളൂ. മുഗളന്മാർ ഡെക്കാൺ പീഠഭൂമിയിൽ നടത്തിയ ആദ്യത്തെ ആക്രമണം കോട്ടക്കു നേരെ ആയിരുന്നു. എ.ഡി 1294ൽ അലാവുദ്ദീൻ ഖിൽജിയുടെ സൈന്യം കോട്ട ആക്രമിച്ചു. 1318ൽ ഖുത്ബുദ്ദീൻ മുബാറക് ഖിൽജിയുടെ ആക്രമണത്തോടെ യാദവ രാജവംശത്തിന് അന്ത്യമാവുകയും കോട്ട പൂർണമായും മുഗൾ ഭരണത്തിനു കീഴിലാവുകയും ചെയ്തു. ചരിത്രത്തിൻ ചോരയാലേറെച്ചോന്ന വർഷങ്ങളുടെ കുതിരക്കുളമ്പടികളാണ് കോട്ടയുടെ അകത്തളങ്ങളിൽ ഇന്നും മുഴങ്ങുന്നത്.
തുഗ്ലക്ക് വരുന്നു
1327ൽ ദൽഹിയിൽ നിന്ന് തലസ്ഥാനം ഡെക്കാണിലേക്കുമാറ്റിയ മുഹമ്മദ് ബിൻ തുഗ്ലക്കാണ് ദേവഗിരിക്കോട്ടക്ക് ദൗലത്താബാദ് എന്ന പേരു നൽകിയത്. അവിഭക്ത ഇന്ത്യയുടെ തലസ്ഥാനമായിരുന്നു കുറേക്കാലം ഈ നഗരം. തുഗ്ലക്ക് തലസ്ഥാനം ദൽഹിയിലേക്കുതന്നെ കൊണ്ടുപോയി. അഹമ്മദ് നഗറുകാരൻ നിസാം ശംസിയുടെ പ്രധാന മന്ത്രിയായിരുന്ന മാലിക് അംബറാണ് ദൗലത്താബാദിനടുത്തുള്ള ഖഡ്കി പട്ടണം ആസൂത്രിതമായി വികസിപ്പിച്ചെടുത്ത് ഔറംഗബാദ് എന്നു നാമകരണം ചെയ്തത്. ഇന്നു ഡക്കാണിലെ ഏറ്റവും പ്രധാന നഗരങ്ങളിലൊന്നായിത്തീർന്നിരിക്കുന്നു ഔറംഗബാദ്. 1633ൽ ഷാജഹാൻ ചക്രവർത്തി ദൗലത്താബാദ് കീഴടക്കി രണ്ടുവർഷം കഴിഞ്ഞപ്പോൾ പുത്രൻ ഔറംഗസീബ് ഇവിടം ഡക്കാൺ തലസ്ഥാനമായി പ്രഖ്യാപിച്ചു. 1724ൽ അസഫ്ജാനി രാജവംശത്തിനു തുടക്കമിട്ട ഹൈദരാബാദ് നിസാമിന്റെ കീഴിലായിത്തീർന്ന ദൗലത്താബാദും ഔറംഗബാദുമടങ്ങിയ ഡക്കാൺ പ്രദേശം സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂനിയനിൽ ചേരാൻ നിർബന്ധിതമായി.
സമതലത്തിലും കുന്നിൻമുകളിലുമായി പണിതീർത്ത രണ്ടു പടുകൂറ്റൻ നിർമ്മിതികളടങ്ങിയ സമുച്ചയമാണ് ദൗലത്താബാദ്. പാറക്കല്ലുകൊണ്ട് നിർമ്മിച്ച മൂന്നു ചുറ്റുമതിലുകളുണ്ട്. കോട്ട് എന്നാണിവ അറിയപ്പെടുന്നത്. പഴയ പട്ടണത്തെ ഒന്നാകെ ഉൾക്കൊള്ളുന്ന ആംബർകോട്ടാണ് ആദ്യത്തെ ചുറ്റു മതിൽ. കോട്ടയുടെ നിരവധി കോണുകളിൽ പീരങ്കിത്താവളങ്ങൾ കാണാം. വാതിലുകൾ നേർക്കുനേരെയല്ല നിർമ്മിച്ചിരിക്കുന്നത്. ആനകളുടെ സഹായത്തോടെ തകർക്കപ്പെടാതിരിക്കാനാണിത്. കോട്ടക്കു ചുറ്റും കിടങ്ങുകളും അകത്തളങ്ങളിൽ ഇരുട്ടു നിറഞ്ഞ പിരിയൻ ഇടനാഴികളുമുണ്ട്. ഇവയെല്ലാം ഭേദിച്ചു കടന്നുവേണം ശത്രുവിന് മുകൾത്തട്ടിലെത്താൻ. ഇബ്‌നു ബതൂത ഉൾപ്പെടെയുള്ള വിദേശ സഞ്ചാരികൾ ദൗലത്താബാദ് കോട്ടയുടെ യുദ്ധ തന്ത്രപരമായ പ്രത്യേകതകൾ വിവരിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും മനോഹരമായ മുഗൾ വാസ്തു ശിൽപ നിർമ്മിതികളിലൊന്നാണ് ഡക്കാണിലെ താജ് എന്നറിയപ്പെടുന്ന ബീബികാ മക്ബറ. താജ്മഹലിന്റെ മാതൃകയിലാണ് ഇതിന്റെ നിർമ്മാണം. ഔറംഗസീബിന്റെ പത്‌നി റാബിയ ദുറാനി എന്ന ദിൽറാസ് ബാനു ബീഗത്തിന്റെ സ്മരണക്കായി മകൻ അസംഷാ രാജകുമാരനാണ് പതിനേഴാം നൂറ്റാണ്ടിൽ ഈ ശവകുടീരം നിർമ്മിച്ചതെന്ന് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ള പുരാവസ്തു വകുപ്പിന്റെ ഫലകത്തിൽ കാണുന്നു. 1651 മുതൽ പത്തു വർഷം നീണ്ട പ്രയത്‌നമുണ്ട് ഇതിനു പിന്നിൽ. അക്കാലത്തെ പ്രമുഖ വാസ്തു ശിൽപി അതാഉള്ളയാണ് ഈ ശവകുടീരത്തിന്റെ നിർമ്മാണത്തിന് കാർമ്മികത്വം വഹിച്ചത്. താജ്മഹലിന്റെ മുഖ്യശിൽപി ഉസ്താദ് അഹമ്മദ് ലാഹോറിയുടെ മകനായിരുന്നു അതാഉള്ള.
അജന്തയും എല്ലോറയും
കല്ലിൽ കൊത്തിയ വിസ്മയമാണ് അജന്തയിലേയും എല്ലോറയിലേയും ഗുഹാ ശിൽപങ്ങൾ. ക്രിസ്ത്വബ്ദം ആരംഭിക്കുന്നതിനു മുമ്പേ അജന്ത കുന്നിൻചരിവിലെ പാറക്കെട്ടുകളിൽ കൊത്തിയ ശിൽപങ്ങൾ മനുഷ്യന്റെ സൗന്ദര്യ സങ്കൽപങ്ങളുടെ കാലാതീതമായ നൈരന്തര്യം വിളിച്ചോതുന്നു. ദൂര വീക്ഷണത്തിൽ കുതിരലാടത്തിന്റെ ആകൃതിയാണ് അജന്തയിലെ പാറക്കെട്ടുകൾക്ക്. കുന്നിൻചരിവിൽ പരന്നു കിടക്കുകയാണ് ഗുഹകൾ. ലോക പൈതൃക ശേഖരത്തിൽ ഉൾപ്പെടുന്ന അജന്ത ചരിത്രബോധമുള്ള സഞ്ചാരിക്ക് അപൂർവ വിരുന്നു തന്നെയാണ്. മനോഹരമായ ശിൽപവേലകളടങ്ങിയ ബുദ്ധ വിഹാരങ്ങളും ചൈത്യ ഗ്രഹങ്ങളുമാണ് ഇവിടെയുള്ളത്. ഇന്ത്യൻ ചിത്രകലയുടെ ഏറ്റവും പ്രാചീനമായ മാതൃകകളും ഇവിടെ കാണാം. മുപ്പത് ഗുഹകളിലായാണ് അജന്ത ശിൽപങ്ങൾ സ്ഥിതി ചെയ്യുന്നത്. ഇവ വിശദമായി കണ്ടുതീർക്കാൻ കുറഞ്ഞത് നാലു മണിക്കൂറെങ്കിലും വേണം. പതിനാറു ഗുഹകളിൽ മ്യൂറൽ പെയിന്റിംഗുകൾ ഉണ്ട്.
എല്ലോറയിലെ ഒറ്റക്കല്ലിൽ തീർത്ത കൈലാസ ക്ഷേത്രം ഇന്ത്യയിൽ ഈയിനത്തിൽ പെട്ട നിർമ്മിതികളിൽ പ്രഥമ സ്ഥാനം വഹിക്കുന്നു. രണ്ടു കിലോ മീറ്ററിലായി പരന്നു കിടക്കുന്ന എല്ലോറയിൽ 34 ഗുഹകളിലായാണ് ശിൽപങ്ങൾ സ്ഥിതി ചെയ്യുന്നത്. ഒന്നു മുതൽ 12 വരെ ഗുഹകളിൽ ബുദ്ധമതവുമായി ബന്ധപ്പെട്ടവയും 13 മുതൽ 29 വരെ ഹിന്ദു വിശ്വാസമനുസരിച്ചുള്ളവയും 30 മുതൽ 34 വരെ ജൈന വിഗ്രഹങ്ങളും കാണാം. ഒറ്റക്കല്ലിൽ തീർത്ത കൈലാസ ക്ഷേത്രമാണ് എല്ലോറയിലെ ഏറ്റവും പ്രധാന കാഴ്ചകളിലൊന്ന്. എ.ഡി 500-700 കാലഘട്ടത്തിൽ സൃഷ്ടിക്കപ്പെട്ടതാണ് ഇവിടെയുള്ള ബുദ്ധ ശിൽപങ്ങളെന്ന് കരുതപ്പെടുന്നു. പൊരിയുന്ന ചൂടിൽ കണ്ട കാഴ്ചകളെല്ലാം മനസ്സിൽ ശിലയിലെന്നവണ്ണം കൊത്തിവെക്കപ്പെട്ടു.






