വീടിന് തീപ്പിടിച്ച് കിടപ്പു രോഗിയായ ഗൃഹനാഥന്‍ മരിച്ചു

ഇടുക്കി- മുരിക്കാശേരിക്ക് സമീപം പൂമാംകണ്ടം പാറസിറ്റിയില്‍ വീടിന് തീപ്പിടിച്ച് ഗൃഹനാഥന്‍ മരിച്ചു. കക്കൂട്ടുമലയില്‍ ഗോപിനാഥന്‍ നായര്‍ (70) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് ശേഷമാണ് സംഭവം. ഗോപിനാഥന്‍ നായരും ഭാര്യയുമാണ് ഇവിടെ താമസം. ഭാര്യ സമീപത്തുള്ള ചര്‍ച്ചില്‍ പോയിരിക്കുകയായിരുന്നു. 25 വര്‍ഷമായി ശരീരം തളര്‍ന്ന് കിടപ്പിലായിരുന്നു ഗോപിനാഥന്‍ നായര്‍. സ്ഥിരമായി പുകവലിക്കുന്ന സ്വഭാവക്കാരനാണ്. പുക വലിക്കുന്നതിനിടയില്‍ ബെഡിലേക്ക് തീ പിടിച്ചതാണ് അഗ്നിബാധക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട്ടില്‍നിന്ന് പുക ഉയരുന്നത് അയല്‍വാസികളായ രണ്ടുപേര്‍ കണ്ടിരുന്നു. ഇവര്‍ ഓടിയെത്തി വെള്ളമൊഴിച്ച് തീയണച്ചപ്പോഴേക്കും ശരീരം അഗ്നിക്കിരയായിരുന്നു. കിടപ്പു മുറിയിലും സമീപത്തെ മുറിയിലും തീ പടര്‍ന്നെങ്കിലും വീടിന് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായില്ല. ഭാര്യ ലക്ഷ്മിക്കുട്ടി കുടയത്തൂര്‍ പൊട്ടനാംകുന്നേല്‍ കുടുംബാംഗം. മകന്‍ ബിജു തൊടുപുഴയില്‍ ജോലിസ്ഥലത്താണ് താമസം. മകള്‍ ബിന്ദു വിവാഹിതയാണ്. മരുമക്കള്‍: മിനി, രാജന്‍.

 

 

Latest News