കൊച്ചി- ആര്‍ത്തവ അയിത്തത്തിനെതിരെ ഒത്തുകൂടാമെന്ന പ്രഖ്യാപനവുമായി വിവിധ വനിതാ കൂട്ടയ്മകള്‍ അടക്കമുള്ള സംഘടനകള്‍ സംയുക്തമായി കൊച്ചിയില്‍ നടത്തിയ 'ആര്‍പ്പോ ആര്‍ത്തവം' പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുത്തില്ല. എറണാകുളം മറൈന്‍ഡ്രൈവില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രഖ്യാപിച്ചിരുന്നത്. ഇത് മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധിച്ചിരുന്നുമില്ല.
എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അവസാന നിമിഷം മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു. പരിപാടിക്കു പിന്നില്‍ തീവ്ര നിലപാടുള്ള ചില സംഘടനകളും ഉണ്ടെന്നും ഈ സാഹചര്യത്തില്‍ പരിപാടിയില്‍ പങ്കെടുക്കരുതെന്നും ഇന്റലിജന്റസ് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പരിപാടിയില്‍നിന്നു പിന്മാറിയതെന്നാണ് വിവരം. ചുംബന സമരത്തില്‍ പങ്കെടുത്ത ചില സംഘടനകളും ഇതിനു പിന്നില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഇതെല്ലാം കണക്കിലെടുത്താണ് പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന് മുഖ്യമന്ത്രി തീരുമാനിച്ചതെന്നാണ് ലഭിക്കുന്ന സൂചന.
മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കാതിരുന്നതില്‍ നിരാശയുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുത്ത് പിന്തുണയറിക്കുമെന്നാണ് തങ്ങള്‍ കരുതിയത്. ശബരിമലയില്‍ ദര്‍ശനം നടത്തിയ കനക ദുര്‍ഗയെയും ബിന്ദുവിനെയും സംഘാടകര്‍ സമ്മേളന വേദിയില്‍ എത്തിച്ചു.