രാജ്കുമാര്‍ ഹിറാനിക്കെതിരെ ലൈംഗികാരോപണം, നിഷേധിച്ച് ഹിറ്റ് മേക്കര്‍

ന്യുദല്‍ഹി- ബോളിവുഡ് ഹിറ്റ് മേക്കര്‍ രാജ്കുമാര്‍ ഹിറാനി ലൈംഗികാരോപണ വിവാദത്തില്‍. അവസാന ചിത്രമായ സഞ്ജുവിലെ സഹപ്രവര്‍ത്തകയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 2018 മാര്‍ച്ചിനും സെപ്റ്റംബറിനുമിടയില്‍ പലതവണയായി സംവിധായകന്‍ തന്നെ പീഡിപ്പിച്ചു എന്നാണ് സഹപ്രവര്‍ത്തകയുടെ ആരോപണം. 
ലൈംഗിക പീഡനത്തിന്നിരയായ സ്ത്രീ രാജ്കുമാര്‍ ഹിറാനി തന്നെ പീഡിപ്പിച്ചതിനെക്കുറിച്ച് സിനിമയുടെ നിര്‍മാതാവ് വിധു വിനോദ് ചോപ്രയെയും സിനിമാ നിരൂപകയും വിധുവിന്റെ ഭാര്യയുമായ അനുപമ ചോപ്രയെയും സിനിമയുടെ തിരക്കഥാകൃത്ത് അഭിജിത്ത് ജോഷിയെയും അറിയിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിനിമയുടെ ജോലിക്കിടയില്‍ തന്നെ സംവിധായകന്‍ ലൈംഗികമായി ഉപദ്രവിച്ചു എന്നാരോപിച്ചാണ് ഇ മെയില്‍ വഴി സ്ത്രീ മൂന്നു പേരെയും വിവരമറിയിച്ചത്. മെയില്‍ അയച്ചെങ്കിലും മൂന്ന് പേരുടെയും ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടായില്ല എന്ന് ഉപദ്രവത്തിന്നിരയായ സ്ത്രീ ഒരു അഭിമുഖത്തില്‍ പറഞ്ഞു. 
എതിര്‍പ്പുണ്ടായിരുന്നെങ്കിലും വഴങ്ങുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല എന്ന് സ്ത്രീ പറഞ്ഞു. 'എനിക്ക് വേറെ വഴിയുണ്ടായിരുന്നില്ല. എന്റെ ജോലി അനിശ്ചിതത്വത്തിലായിരുന്നു. വേറെ ജോലി കണ്ടു പിടിക്കുക പ്രയാസകരമായിരുന്നു,' സ്ത്രീ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 
അതിനിടെ, ആരോപണം നിഷേധിച്ച് രാജ്കുമാര്‍ ഹിറാനി രംഗത്തെത്തിയിട്ടുണ്ട്. ആരോപണങ്ങള്‍ കേട്ടപ്പോള്‍ ഞെട്ടിപ്പോയി എന്നാണ് അദ്ദേഹം പ്രതികരിച്ചത്. 'രണ്ട് മാസങ്ങള്‍ക്ക് മുമ്പേ ഈ ആരോപണം എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. നിയമപരമായ വഴിയിലൂടെ നീങ്ങാനായിരുന്നു പരാതിക്കാരിയോട് ഞാന്‍ ആവശ്യപ്പെട്ടത്,' വാര്‍ത്തക്ക് ശേഷം പുറത്തിറക്കിയ ഒരു പ്രസ്താവനയിലൂടെ രാജ്കുമാര്‍ ഹിറാനി പറഞ്ഞു. തന്റെ പേരും പ്രശസ്തിയൂം നശിപ്പിക്കാനുളള ഒരു കഥ മാത്രമാണിതെന്ന് അദ്ദേങം പ്രസ്താവനയിലൂടെ പറഞ്ഞു.  
മുന്നാ ഭായ് എംബിബിഎസ്, ലഗേരഹോ മുന്നാ ഭായ്, പികെ, ത്രീ ഇഡിയറ്റ്‌സ് അടക്കം ഒരു പിടി ഹിറ്റുകളുടെ സംവിധായകനാണ് രാജ്കുമാര്‍ ഹിറാനി.

Latest News