Sorry, you need to enable JavaScript to visit this website.

ശബരിമല വിഷയത്തില്‍ നിലപാട് മാറ്റി രാഹുല്‍

ന്യുദല്‍ഹി- ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് മാറ്റി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് സ്ത്രീ പ്രവേശനത്തിന് അനുകൂലമായ നിലപാടെടുത്ത രാഹുല്‍ ഇന്ന് പറഞ്ഞത് വിഷയത്തില്‍ രണ്ട് പക്ഷത്തെയും അഭിപ്രായങ്ങളില്‍ കഴമ്പുണ്ടെന്നാണ്. 
'വിഷയത്തില്‍ തുറന്നതോ അല്ലെങ്കില്‍ അടഞ്ഞതോ ആയ അഭിപ്രായം പറയാന്‍ കഴിയില്ല. രണ്ട് പക്ഷത്തെയും നിലപാടുകളില്‍ കഴമ്പുണ്ട്. പാരമ്പര്യം നിലനിര്‍ത്തണമെന്ന വാദത്തില്‍ കഴമ്പുണ്ട്....എന്നാല്‍ സ്ത്രീക്ക് തുല്യ അവകാശങ്ങള്‍ ഉറപ്പാക്കേണ്ടതുമുണ്ട്,' പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ പറഞ്ഞു.
പത്ത് മുതല്‍ അമ്പത് വരെ പ്രായമുളള സ്ത്രീകള്‍ക്ക് ശബരിമലയിലുണ്ടായിരുന്ന നിരോധനം സുപ്രീം കോടതി നിര്‍ത്തലാക്കിയിരുന്നു. സുപ്രീം കോടതി വിധിയെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. 
വിധിയെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധിയും സ്ത്രീ പ്രവേശനത്തിന് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചത്. പാര്‍ട്ടി സംസ്ഥാന നേതൃത്വം വിധിക്കെതിരായിരുന്നു. സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുവാനുളള ഗവണ്‍മെന്റ് തീരുമാനത്തിനെതിരെ സംസ്ഥാന നേതാക്കള്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. എല്ലാ സ്ത്രീകളും പുരുഷന്‍മാരും തുല്ല്യരാണെന്നും അത് കൊണ്ട് സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നല്‍കണം എന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്. പാര്‍ട്ടി കേരള സംസ്ഥാന നേതൃത്വത്തിന്റേതില്‍ നിന്നും വിരുദ്ധമാണ് തന്റെ അഭിപ്രായം എന്ന് രാഹുല്‍ പറഞ്ഞിരുന്നു. 
'കേരളീയരോടും അവിടുത്തെ പാര്‍ട്ടിക്കാരോടും സംസാരിച്ചപ്പോള്‍ വിഷയം കൂടുതല്‍ സങ്കീര്‍ണമാണെന്ന് മനസ്സിലായി. അത് കൊണ്ട് തന്നെ തീരുമാനം കേരളത്തിലെ ജനങ്ങള്‍ക്ക് വിടുകയാണ്,' രാഹുല്‍ വ്യക്തമാക്കി.
 

Latest News