Sorry, you need to enable JavaScript to visit this website.

അലോക് വര്‍മക്കെതിരെ സി.ബി.ഐ അന്വേഷണത്തിനു സാധ്യത

ന്യൂദല്‍ഹി-സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കിയ അലോക് വര്‍മക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ശുപാര്‍ശ ചെയ്യുമെന്ന് സൂചന. വകുപ്പു തല നടപടിയും ക്രിമിനല്‍ അന്വേഷണവും ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സി.വി.സി കത്തെഴുതുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മോയിന്‍ ഖുറേഷി മുഖ്യപ്രതിയായ നികുതി വെട്ടിപ്പ് കേസില്‍ അലോക് വര്‍മക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് സി.വി.സി അവകാശപ്പെടുന്നു. രഹസ്യാന്വേഷണ ഏജന്‍സിയായ റോ കൈമാറിയ നാല് ടെലഫോണ്‍ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുക.
മോയിന്‍ ഖുറേഷിയുമായി ബന്ധപ്പെട്ട കേസില്‍ ഹൈദരാബാദ് വ്യവസായി സതീഷ് സനയെ രക്ഷപ്പെടുത്താന്‍ അലോക് വര്‍മ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങി എന്നാണ് സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ആരോപിച്ചിരുന്നത്. ഇതുസംബന്ധിച്ച് സി.വി.സി നടത്തിയ പ്രാഥമിക അന്വേഷണം നടത്തിയതിനു പിന്നാലെയാണ് അലോക് വര്‍മയെ സ്ഥാനത്ത് സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ആദ്യം മാറ്റി നിര്‍ത്തിയിരുന്നത്. സുപ്രീംകോടതി ഇടപെട്ട് അദ്ദേഹത്തെ വീണ്ടും സി.ബി.ഐ തലപ്പത്തെത്തിച്ചെങ്കിലും 48 മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രി ഉള്‍പ്പെട്ട ഉന്നതാധികാര സമിതി അദ്ദേഹത്തെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.  തുടര്‍ന്ന് അലോക് വര്‍മ രാജി വെച്ചു.
കേസില്‍ 300 പേജ് വരുന്ന അന്വേഷണ റിപ്പോര്‍ട്ടാണ് സിവിസി കോടതിയില്‍ സമര്‍പ്പിച്ചത്. സി.വി.സി പക്ഷംപിടിക്കുകയാണെന്ന് അലോക് വര്‍മ നേരത്തെ ആരോപിച്ചിരുന്നു. അലോക് വര്‍മക്കെതിരെ തെളിവൊന്നും ലഭിച്ചിരുന്നില്ലെന്ന് സി.വി.സി അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ.കെ പട്നായിക്കും വെളിപ്പെടുത്തി.

 

Latest News