കാസര്‍കോട് സ്വദേശിയെ ദല്‍ഹി പോലീസ് വീടുവളഞ്ഞ് പിടിച്ചു

കാസര്‍കോട്-  ചെമ്പരിക്ക സ്വദേശിയായ മുത്തസിം എന്ന തസ്‌ലീമിനെ (41)  ദല്‍ഹി പോലീസ് കാസര്‍കോട്ടെത്തി അറസ്റ്റ് ചെയ്തു. ദല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണെന്നും പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
ദല്‍ഹിയില്‍ നിന്നെത്തിയ നാലംഗ അന്വേഷണ സംഘം കാസര്‍കോട് ജില്ലാ പോലീസിന്റെ സഹായത്തോടെ വീടു വളഞ്ഞ് യുവാവിനെ അറസ്റ്റ് ചെയ്തത്. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ ദല്‍ഹിയിലേക്ക് കൊണ്ടുപോയി.
ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് പാസ്പോര്‍ട്ട് കേസിലും ഒരു അക്രമക്കേസിലും പ്രതിയാണ് തസ്‌ലീമെന്ന് പോലീസ് പറയുന്നു. ദുബായില്‍ ഇന്‍ഫോര്‍മറായി പ്രവര്‍ത്തിച്ചു വന്നിരുന്ന തസ്‌ലീമിനെ 2011 ല്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത് കേരളത്തിലെത്തിച്ചിരുന്നു. അന്ന് തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ തസ്‌ലീമിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് അറസ്റ്റ് ചെയ്തത്. ഐ.ബി, എന്‍.ഐ.എ തുടങ്ങിയ ഏജന്‍സികള്‍ അന്ന് തസ്‌ലീമിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും നിരപരാധിയെന്ന് കണ്ടെത്തി 12 ദിവസത്തിന് ശേഷം വിട്ടയക്കുകയായിരുന്നു. തന്നെ കൊടും ഭീകരനാക്കി ചിത്രീകരിച്ചുവെന്നാരോപിച്ച് അന്ന് മാധ്യമങ്ങള്‍ക്കെതിരെ തസ്‌ലീം പ്രചാരണവും നടത്തിയിരുന്നു.

 

Latest News