മകളെ തട്ടിക്കൊണ്ടു പോകുമെന്ന് ദല്‍ഹി മുഖ്യമന്ത്രിക്ക് ഭീഷണി

ന്യൂദല്‍ഹി- മകളെ തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണിയുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് അജ്ഞാത ഇ-മെയില്‍ ഭീഷണി. മകള്‍ ഹര്‍ഷിതയെ തട്ടിക്കൊണ്ടു പോകുമെന്ന സന്ദേശം മുഖ്യമന്ത്രിയുടെ ഔദ്യോഗിക മെയിലിലാണ് ലഭിച്ചത്. മകളെ രക്ഷിക്കാനാകുമെങ്കില്‍ രക്ഷിച്ചോളൂ എന്നും സന്ദേശത്തിലുണ്ട്. ഭീഷണിയെ തുടര്‍ന്ന് ഹര്‍ഷിതയുടെ സുരക്ഷയ്ക്കായി പ്രൊട്ടക്ടീവ് സര്‍വീസ് ഓഫീസറെ നിയോഗിച്ചു. ഭീഷണിയുടെ ഉറവിടം കണ്ടെത്താന്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇമെയില്‍ അയച്ച ഐപി അഡ്രസ് പോലീസ് പരിശോധിച്ചു വരികയാണ്. ഭീഷണി മെയില്‍ മൂന്ന് ദിവസം മുമ്പാണ് ലഭിച്ചതെന്നും ഇതു പോലീസിനു ഫോര്‍വേഡ് ചെയ്തിരുന്നെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പിടിഐ റിപോര്‍ട്ട് ചെയ്യുന്നു.

മുഖ്യമന്ത്രി കേജ് രിവാളിന് ഹര്‍ഷിതയെ കൂടാതെ പുല്‍കിത് എന്ന ഒരു മകനുമുണ്ട്. 2014-ല്‍ സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയില്‍ 96 ശതമാനം മാര്‍ക്കു നേടി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു ഹര്‍ഷിത. ദല്‍ഹി ഐഐടിയില്‍ നിന്നും കെമിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദധാരിയാണ്. പഞ്ചാബ് തെരഞ്ഞെടുപ്പ് സമയത്ത് എഎപിക്കു വേണ്ടി പ്രചാരണ രംഗത്തും ഹര്‍ഷിത ഉണ്ടായിരുന്നു.
 

Latest News