ത്രിപുരയില്‍ വെടിയേറ്റ പ്രതിഷേധക്കാരെ കൊണ്ടു പോയ ആംബുലന്‍സ് തടഞ്ഞ് പോലീസിന്റെ മര്‍ദനം

അഗര്‍ത്തല- കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ബില്ലിനെതിരെ വടക്കു കിഴക്കന്‍ മേഖലയില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയവരെ പോലീസും ഭരണകൂടവും ക്രൂരമായി അടിച്ചമര്‍ത്തുന്നുവെന്ന് ആരോപണങ്ങള്‍ക്ക് അടിവരയിട്ട് ത്രിപുരയില്‍ നിന്നൊരു വൈറല്‍ വിഡിയോ. ബില്ലിനെതിരെ പ്രതിഷേധിക്കുന്നതിനിടെ പോലീസിന്റെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ആംബുലന്‍സ് തടഞ്ഞ് പോലീസ് ക്രൂരമായി മര്‍ദിക്കുന്ന വിഡിയോ ആണ് സമുഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നത്. പരുക്കേറ്റ് ആംബുലന്‍സിനുള്ളിലുള്ള രണ്ടു പേര്‍ മര്‍ദനത്തിനിടെ പോലീസിനോട് ജീവനു വേണ്ടി കേഴുന്നതും വിഡിയോയിലുണ്ട്. പടിഞ്ഞാറന്‍ ത്രിപുരയില്‍ ജനുവരി എട്ടിനു നടന്ന സംഭവമാണിത്. ആദ്യ വിഡിയോയില്‍ ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ് സംഘം ഒരു ആംബുലന്‍സ് തടയുന്ന ദൃശ്യങ്ങളാണുള്ളത്. അടുത്ത ദൃശ്യത്തില്‍ പോലീസ് സംഘം ഡ്രൈവറെ അടിക്കുന്നു. ഡ്രൈവര്‍ ഇറങ്ങി ഓടുന്നതും കാണാം. കലാപം നേരിടുന്നതിനു ഉപയോഗിക്കുന്ന സജ്ജീകരണങ്ങളോടെ ഇറങ്ങിയ പോലീസ് ബാറ്റണ്‍ ഉപയോഗിച്ച് ആംബുലന്‍സില്‍ അടിക്കുകയും വിന്‍ഡ്‌സ്‌ക്രീന്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. മറ്റൊരു ദൃശ്യത്തില്‍ പരിക്കേറ്റ രണ്ടു പേര്‍ അടിച്ചു തകര്‍ക്കപ്പെട്ട ആംബുലന്‍സില്‍ കിടക്കുന്ന കാഴ്ചയാണ്. ദൃശ്യങ്ങള്‍ വൈറലായതോടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതേസമയം പോലീസ് ഇതു നിഷേധിക്കുകയും ചെയ്തു. പോലീസ് ആംബുലന്‍സ് ആക്രമിച്ചിട്ടി്‌ല്ലെന്നും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയാണ് ചെയ്തതെന്നും ആഡീഷണല്‍ ഡിജിപി രാജീവ് സിങ് പറഞ്ഞു. 

നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്‍ നടത്തിയ പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് വെടിവയ്പ്പില്‍ ആറു ഗോത്രവിഭാഗക്കാരായ യുവാക്കള്‍ക്കു പരിക്കേറ്റതിനു പിന്നാലെയാണ് ഈ സംഭവം. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ പോലീസിനും അര്‍ധസൈനികര്‍ക്കും ലാത്തി വീശുകയും ആകാശത്തേക്കു വെടിവയ്ക്കുകയുമല്ലാതെ മറ്റു മാര്‍ഗങ്ങളുണ്ടായിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം. മധബ്ബരിയിലെ അസം-അഗര്‍ത്തല ദേശീയ പാത ഉപരോധിച്ച ത്വിപ്ര സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ ആറു പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ഈ സംഭവത്തെ ബിജെപി സഖ്യകക്ഷികളും പ്രതിപക്ഷവും ഒരു പോലെ അപലപിച്ചിരുന്നു. ബിജെപി സഖ്യകക്ഷിയായ ഐഎന്‍പിടി മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ് രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
 

Latest News