തായിഫ് - സൗദി വനിതകളായി ആൾമാറാട്ടം നടത്തി തായിഫിലെ ലേഡീസ് ഷോപ്പുകളിൽ ജോലി ചെയ്ത അറബ് വംശജരായ വനിതകളെ പിടികൂടിയതായി തായിഫ് ലേബർ ഓഫീസ് മേധാവി ഉമർ അൽവുഅയ്ൽ പറഞ്ഞു. ലേബർ ഓഫീസിനു കീഴിലെ വനിതാ പരിശോധകർ ലേഡീസ് ഷോപ്പുകളിൽ ജോലി ചെയ്യുന്ന വനിതകളുടെ രേഖകൾ പരിശോധിച്ചാണ് ആൾമാറാട്ടം നടത്തി ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നത്. ആൾമാറാട്ടം നടത്തുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിന്, മുഖാവരണം ധരിച്ച് ജോലി ചെയ്യുന്ന വനിതകളുടെ മുഖവും ഉദ്യോഗസ്ഥർ ആവശ്യമെങ്കിൽ പരിശോധിക്കുന്നുണ്ടെന്ന് ഉമർ അൽവുഅയ്ൽ പറഞ്ഞു.
സൗദി വനിതകളെ തേടി നൽകുന്ന തൊഴിൽ പരസ്യങ്ങൾ കണ്ട് സമീപിക്കുന്ന വനിതകളെ ജോലിക്കു വെക്കുന്ന തങ്ങൾ കബളിപ്പിക്കപ്പെടുന്നതായി തൊഴിലുടമകളും വ്യവസായികളും പരാതിപ്പെടുന്നു. സൗദി വനിതകളാണെന്ന് ധരിച്ച് ജോലിക്ക് വെക്കുന്ന വനിതകൾ വിദേശികളാണെന്ന് പിന്നീടാണ് വ്യക്തമാവുക. നിരവധി ലേഡീസ് ഷോപ്പുകളിൽ സൗദി വനിതകളായി ആൾമാറാട്ടം നടത്തി വിദേശ വനിതകൾ ജോലി ചെയ്യുന്നുണ്ട്. ഇത്തരം തട്ടിപ്പുകൾ കണ്ടെത്തുന്നതിന് ലേഡീസ് ഷോപ്പുകളിലെ വനിതാ ജീവനക്കാരുടെ വിരലടയാളങ്ങൾ പരിശോധിക്കണമെന്ന് സൗദി വ്യവസായി മുഹമ്മദ് അൽബഹ്‌രി ലേബർ ഓഫീസിനോട് ആവശ്യപ്പെട്ടു. ചില സ്ഥാപനങ്ങളിൽ ജോലി ഏറ്റെടുക്കുന്ന സൗദി വനിതകൾ പിന്നീട് തങ്ങൾക്കു പകരം ജോലി ചെയ്യുന്നതിന് വിദേശ വനിതകളെ ചുമതലപ്പെടുത്തി വേതനം പങ്കുവെക്കുന്ന പ്രവണതയുമുണ്ട്. ഈ രീതിയിൽ ജോലി ചെയ്യുന്ന അറബ് യുവതിയെ തായിഫിലെ ലേഡീസ് ഷോപ്പിൽ താൻ കണ്ടിട്ടുണ്ടെന്നും മുഹമ്മദ് അൽബഹ്‌രി പറഞ്ഞു.






