Sorry, you need to enable JavaScript to visit this website.

വ്യാജ ഏറ്റുമുട്ടല്‍; ഒമ്പത് ഗുജറാത്ത് പൊലീസുകാര്‍ കുറ്റക്കാരെന്ന് സുപ്രീം കോടതി സമിതി

ന്യൂദല്‍ഹി: 2002 മുതല്‍ 2006 വരെ ഗുജറാത്തില്‍ നടന്ന പൊലീസ് ഏറ്റുമുട്ടലുകളില്‍ മൂന്നെണ്ണം വ്യാജമായിരുന്നു എന്ന് സൂപ്രീം കോടതി നിശ്ചയിച്ച സമിതിയുടെ കണ്ടെത്തല്‍. ജസ്റ്റിസ് എച്ച് എസ് ബേഡി അധ്യക്ഷനായുളള സമിതിയാണ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അന്വേഷിച്ചത്. ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സുപ്രീം കോടതിയെ സമിതിയെ നിയമിച്ചത്. 
ഇക്കാലയളവില്‍ നടന്ന 17 കേസുകള്‍ പരിശോധിച്ച ശേഷമാണ് സമിതി കണ്ടെത്തല്‍ നടത്തിയത്. സമീര്‍ഖാന്‍, കാസിം ജാഫര്‍, ഹാജി ഇസ്മായില്‍ എന്നീ മൂന്ന് പേരെ പൊലീസ് കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലൂകളിലൂടെയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

വ്യാജ ഏറ്റുമുട്ടലുകളില്‍ മൂന്ന് ഇന്‍സ്‌പെക്ടര്‍മാര്‍ അടക്കം ഒമ്പത് പൊലീസുകാര്‍ കുറ്റക്കാരാണെന്നും സമിതി കണ്ടെത്തി. ഇവര്‍ ഒമ്പത് പേരും കൊലപാതകത്തിന് വിചാരണ നേരിടണമെന്നും സമിതി റിപ്പോര്‍ട്ട് വ്യക്തമാക്കി. 


1996 ല്‍ ഒരു പൊലീസുകാരനെ കുത്തിയതിന് ശേഷം സമീര്‍ ഖാന്‍ അപ്രത്യക്ഷനായിരുന്നു. ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ ശേഷം പൊലീസ് പറഞ്ഞത് സമീര്‍ ഖാന്‍ പാകിസ്താനിലായിരുന്നുവെന്നും അവിടെ നിന്ന് ജയ്‌ഷെ മുഹമ്മദില്‍ ചേര്‍ന്ന് പരിശീലനം നേടി എന്നുമായിരുന്നു. പൊലീസ് കഥ പ്രകാരം, സമീര്‍ ഖാന്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ എത്തിയതായിരുന്നു. അക്ഷര്‍ധാം ക്ഷേത്ര ആക്രമണത്തില്‍ പങ്കെടുത്തവര്‍ക്ക് പരിശീലനം നല്‍കിയത് സമീര്‍ ഖാന്‍ ആയിരുന്നുവെന്നും പൊലീസ് പറഞ്ഞിരുന്നു. 
മുസ്ലിംകളെ ലക്ഷ്യമാക്കിയാണ് വ്യാജ ഏറ്റുമുട്ടലുകള്‍ പൊലീസ് ആസൂത്രണം ചെയ്തതെന്ന ശ്രീകുമാറിന്റെ വാദം സമിതി ശരിവെച്ചില്ല. ഗുജറാത്തിനു പുറമെ, ഉത്തര്‍പ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ വ്യാജ ഏറ്റുമുട്ടലിന്റെ ഇരകളാണെന്നും ഇരകളില്‍ വിവിധ സമുദായങ്ങളില്‍ പെട്ടവര്‍ ഉണ്ടെന്നും സമിതി റിപ്പോര്‍ട്ട് പറയുന്നു.

റിപ്പോര്‍ട്ട് രഹസ്യമാക്കി വെക്കണമെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ ആവശ്യം നേരത്തെ സുപ്രീം കോടതി തളളിയിരുന്നു.
 

Latest News