ഹസാകി (സിറിയ)- സിറിയയിൽ നിന്ന് അമേരിക്കൻ സേനയെ പിൻവലിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം വന്ന് ഒരു മാസത്തിനുള്ളിൽ സേനാ പിന്മാറ്റവും ആരംഭിച്ചു. സിറയയിലെ യു.എസ് സേനാ വക്താവ് കേണൽ ഷോൺ റയാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സുരക്ഷാ കാരണങ്ങളാൽ പിന്മാറ്റം സംബന്ധിച്ച വിശദാശംങ്ങൾ പുറത്തു വിടാനാവില്ലെന്നും അദ്ദേഹം പറഞ്ഞതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
എന്നാൽ വടക്കുകിഴക്കൻ സിറിയയിലെ ഹസാകി പ്രവിശ്യയിലുള്ള റെമീലൻ എയർ ഫീൽഡിൽ നിന്നാണ് സേനാ പിന്മാറ്റം ആരംഭിച്ചിരിക്കുന്നതെന്ന് ബ്രിട്ടൻ ആസ്ഥാനായമായ മനുഷ്യാവകാശ സംഘടനയായ സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് അറിയിച്ചു. 150 സൈനികരും പത്തോളം കവചിത വാഹനങ്ങളും ഏതാനും ഹെവി മെഷീനറികളും എയർ ഫീൽഡിൽനിന്ന് അമേരിക്ക പിൻവലിച്ചതായി ഒബ്‌സർവേറ്ററി പ്രതിനിധി റാമി അബ്ദുൽ റഹ്മാൻ അറിയിച്ചു.
സേനാ പിന്മാറ്റത്തെക്കുറിച്ച് പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം വന്ന ശേഷമുള്ള ആദ്യ പിൻവലിയൽ നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.
2500 ഓളം യു.എസ് സൈനികരാണ് നിലവിൽ സിറിയയിലുള്ളത്. ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽനിന്ന് ഭീകരസംഘടനയായ ഐ.എസിനെ തുരത്തുന്നതിനായി രൂപം നൽകിയ സഖ്യസേനയുടെ ഭാഗമായി 2014 ലാണ് യു.എസ് സൈന്യം ഇവിടെയെത്തുന്നത്.
എന്നാൽ അമേരിക്ക വിദേശങ്ങളിലെ സൈനിക ചെലവ് കുറയ്ക്കണമെന്ന നയത്തിന്റെ ഭാഗമായി ട്രംപ് കഴിഞ്ഞ മാസം സഖ്യ രാഷ്ട്രങ്ങളെ അമ്പരപ്പിച്ചുകൊണ്ട് അപ്രതീക്ഷിതമായി സേനാ പിന്മാറ്റം പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ സഖ്യ രാഷ്ട്രങ്ങളുടെ സമ്മർദത്തെ തുടർന്ന് സാവധാനത്തിലേ സേനാ പിന്മാറ്റമുണ്ടാവൂ എന്ന് അദ്ദേഹം പിന്നീട് പറഞ്ഞു.