Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മക്കൾക്ക് വേണ്ടത് കുടിശ്ശിക ശമ്പളം; അമീറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

മൃതദേഹം മൂന്നര മാസത്തോളം മോർച്ചറിയിൽ

റിയാദ്- ശമ്പള കുടിശ്ശിക ലഭിക്കാതെ പിതാവിന്റെ മൃതദേഹം ഇങ്ങോട്ടയക്കേണ്ടതില്ലെന്ന് നിലപാടെടുത്ത മക്കളോട് എങ്ങനെ പ്രതികരിക്കണമെന്നറിയാതെ സാമൂഹിക പ്രവർത്തകർ. പണം ലഭിക്കുമെന്ന് എംബസിയും സാമൂഹിക പ്രവർത്തകരും അറിയിച്ചിട്ടും കയ്യിൽ കിട്ടിയാൽ മാത്രമേ വിമാനത്താവളത്തിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങൂവെന്ന് ബന്ധുക്കൾ. ബിഹാർ ഗോപാൽഗഞ്ച് സ്വദേശി അമീർ ആലമി(60)ന്റെ മൃതദേഹമാണ് മൂന്നര മാസത്തോളം റിയാദിലെ ദല്ല, ശുമൈസി ആശുപത്രികളിൽ നടപടികൾ പൂർത്തിയാക്കാനാവാതെ കിടന്നത്. ഒടുവിൽ മക്കളെ വിളിച്ച്, മൃതദേഹം കൂടുതൽ കാലം മോർച്ചറിയിൽ കിടന്നാൽ വിനയാകുമെന്ന സാമൂഹിക പ്രവർത്തകരുടെ മുന്നറിയിപ്പിനെ തുടർന്ന് അവർ മൃതദേഹം ഏറ്റുവാങ്ങാൻ തയാറാവുകയായിരുന്നു. 
റിയാദിൽ 20 വർഷത്തോളം ജോലി ചെയ്തു വരികയായിരുന്ന അമീർ ആലംകഴിഞ്ഞ സെപ്റ്റംബർ 16 നാണ് മസ്തിഷ്‌കാഘാതം മൂലം ദല്ല ആശുപത്രിയിൽ നിര്യാതനായത്. ഇത് സംബന്ധിച്ച വിവരം മഅദർ പോലീസിൽ നിന്ന് ലഭിച്ചയുടനെ മൃതദേഹം നാട്ടിലയക്കാനുള്ള നടപടികൾ മലപ്പുറം ജില്ല കെ.എം.സി.സി ജീവകാരുണ്യ വിഭാഗം നേതാക്കളായ സിദ്ദീഖ് തുവ്വൂരും റഫീഖ് മഞ്ചേരിയും തുടങ്ങിയിരുന്നു. മക്കളെ ബന്ധപ്പെട്ടപ്പോൾ ആദ്യം ചോദിച്ചത് ഇദ്ദേഹത്തിന്റെ ശമ്പള കുടിശ്ശികയും മറ്റാനുകൂല്യങ്ങളും അയച്ചു തരണമെന്നതാണ്. തുടർന്ന് സിദ്ദീഖും റഫീഖും എംബസിയിൽ നിന്നുള്ള അനുമതിയോടെ സ്‌പോൺസറെ സമീപിക്കുകയും സ്‌പോൺസർ 66,000 റിയാൽ എംബസി അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു. പണം ലഭിച്ചിട്ടുണ്ടെന്നും കലക്ട്രേറ്റ് വഴി അനന്തരാവകാശികൾക്ക് പണം ലഭിക്കുമെന്നും എംബസി ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
എന്നിട്ടും മൃതദേഹം ഇവിടെ ഖബറടക്കാനോ നാട്ടിലയക്കാനോ ആവശ്യമായ രേഖകൾ അയച്ചു തരാൻ മക്കൾ തയാറായില്ല. മകളുടെ ഭർത്താവും മകന്റെ മകനുമാണ് അതിന് തടസ്സം നിന്നത്. നടപടിക്രമങ്ങൾ വൈകുന്നത് മൂലം സാമൂഹിക പ്രവർത്തകർ പല പ്രാവശ്യം നാട്ടിലെ മക്കളെ വിളിച്ച് പിതാവിന്റെ മൃതദേഹത്തിന്റെ ദാരുണാവസ്ഥ അറിയിച്ച് അനന്തര നടപടികൾക്കുള്ള രേഖകൾ അയച്ചു തരാൻ ആവശ്യപ്പെട്ടിരുന്നു. അപ്പോഴൊന്നും അനുകൂല മറുപടിയായിരുന്നില്ല ലഭിച്ചതെന്ന് സിദ്ദീഖ് പറഞ്ഞു. ഒടുവിൽ തടസ്സം നിൽക്കുന്നവർക്കെതിരെ പോലീസിൽ പരാതി നൽകുമെന്നും മൃതദേഹം കൂടുതൽ കാലം മോർച്ചറിയിൽ കിടന്നാൽ ബന്ധുക്കൾക്ക് വിനയാകുമെന്നും അറിയിച്ചപ്പോഴാണ് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള രേഖകൾ ലഭിച്ചത്. ബുധനാഴ്ച രാത്രി എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം പട്‌നയിലേക്ക് എത്തിച്ചത്. തൊഴിലുടമകളിൽ നിന്നുള്ള ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും ലഭിക്കുന്നത് വരെ മൃതദേഹങ്ങൾ മോർച്ചറിയിൽ കിടത്തുന്നതിന് പകരം ഇന്ത്യൻ എംബസിയേയോ സാമൂഹിക പ്രവർത്തകരെയോ അത് സ്വീകരിക്കാനുള്ള ചുമതല ഏൽപ്പിച്ച് മൃതദേഹത്തിന്റെ അനന്തര നടപടികൾ പൂർത്തിയാക്കാൻ ബന്ധുക്കൾ ശ്രമിക്കണമെന്ന് സിദ്ദീഖ് തുവ്വൂർ ആവശ്യപ്പെട്ടു. സാലിയ ഖാത്തൂൻ ആണ് ഭാര്യ. രണ്ട് മക്കളുണ്ട്.
 

Latest News