രാമക്ഷേത്രം നിര്‍മിക്കുമെന്ന് അമിത് ഷാ

ന്യൂദല്‍ഹി- ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ രാമക്ഷേത്ര നിര്‍മാണം ചര്‍ച്ചയാക്കി ബിജെപി. ദല്‍ഹി രാംലീല മൈതാനത്ത് നടക്കുന്ന പാര്‍ട്ടി ദേശീയ നിര്‍വ്വാഹക സമിതി മീറ്റിംഗിനെ അഭിസംബോധന ചെയ്യവേ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. ബിജെപി രാമക്ഷേത്രം നിര്‍മിക്കും എന്ന് അമിത് ഷാ പറഞ്ഞു. 

പ്രധാന മന്ത്രി നരേന്ദ്ര മോഡിയടക്കം രാമക്ഷേത്ര നിര്‍മാണ വിഷയത്തില്‍ മൗനം പാലിക്കുമ്പോഴാണ് അമിത് ഷായുടെ പ്രസ്താവന. നേരത്തെ, കോടതി നടപടി പൂർത്തിയാക്കുന്നത് വരെ രാമക്ഷേത്ര നിർമാണം സംബന്ധിച്ച് യാതൊരു വിധത്തിലുളള ഉത്തരവും ഇറങ്ങില്ലെന്ന് നരേന്ദ്ര മോഡി. വ്യക്തമാക്കിയിരുന്നു.. 'നിയമ നടപടികൾ പൂർത്തിയാവട്ടെ' എന്നാണ് ഇന്ന് ദേശീയ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ നരേന്ദ്ര മോഡി പറഞ്ഞത്. 

ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകൾ ദീർഘനാളായി കേന്ദ്രം രാമക്ഷേത്ര നിർമാണത്തിനായി ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നത്.  ഉത്തരവ് ഇറക്കി എത്രയും പെട്ടെന്ന് ക്ഷേത്ര നിർമാണം തുടങ്ങണം എന്നാണ് വിശ്വ ഹിന്ദു പരിഷത് അടക്കമുളള സംഘടനകളുടെ ആവശ്യം.   

രാമക്ഷേത്ര നിർമാണ വിഷയത്തിൽ എൻ ഡി എയിലെ ചില കക്ഷികളും ബി ജെ പിയും നേരത്തെ തന്നെ രണ്ട് തട്ടിലാണ്. 
ബീഹാർ മുഖ്യമന്ത്രിയും എൻ ഡി എയിലെ പ്രബല കക്ഷിയായ ജനതാ ദൾ യുനൈറ്റഡ് നേതാവുമായ നിതീഷ് കുമാർ ബി ജെ പി നിലപാടിനെതിരെ രംഗത്ത് വന്നിരുന്നു. രാമക്ഷേത്ര  നിർമാണം എൻ ഡി എയുടെ അജണ്ട അല്ലെന്ന് നിതീഷ്‌കുമാർ പറഞ്ഞിരുന്നു.   

മഹാസഖ്യത്തിന്റെ സാധ്യതകള്‍ തളളിക്കളഞ്ഞ അമിത് ഷാ പുതിയ സഖ്യത്തിന് നേതാവോ നയങ്ങളോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി. 

ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പ് ജയിക്കുമെന്നും സാംസ്‌കാരിക ദേശീയതയും പാവപ്പെട്ടവന്റെ ക്ഷേമവും നടപ്പാക്കുമെന്നും ദേശീയ അധ്യക്ഷന്‍ പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുളളവര്‍ വേദിയിലിരിക്കെയായിരുന്നു ഒരു മണിക്കൂറോളം നീണ്ട അമിത് ഷായുടെ പ്രസംഗം. ബിജെപി ആഗ്രഹിക്കുന്നത് ഒരു ശക്തമായ സര്‍ക്കാരാണെന്നും മറ്റ് പാര്‍ട്ടികള്‍ക്ക് വേണ്ടത് ശക്തിയില്ലാത്ത സര്‍ക്കാരുകളാണെന്നും അമിത് ഷാ പറഞ്ഞു. മോഡിക്ക് ശക്തമായ ഒരു സര്‍ക്കാര്‍ രാജ്യത്തിന് നല്‍കാന്‍ കഴിയുമെന്ന് അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Latest News