ജംബോ സമിതിയും റിലേ നിരാഹാരക്കാരും

അയൽസംസ്ഥാനമായ തമിഴ്‌നാട്ടിൽ കായിക മന്ത്രി രാജിവെച്ചത് എന്തിനാണെന്നു കേട്ടാൽ കേരള നേതാക്കൾ ഞെട്ടുമോ എന്നു തീർച്ചയില്ല. രണ്ടു വർഷത്തിലധികം തടവുശിക്ഷ ലഭിച്ചാൽ ഏതു വീരാധി വീരനും മറ്റു വഴിയില്ല. 1998 ൽ ബി.ജെ.പി നേതാവായിരിക്കുന്ന കാലത്ത് ബസിനു കല്ലെറിഞ്ഞതാണ് കക്ഷിയെ വിടാതെ പിടികൂടിയത്. ഇരുപതു വർഷം കഴിഞ്ഞു. ബാലകൃഷ്ണ റെഡ്ഡി മര്യാദ രാമനായി മന്ത്രി പദത്തിലെത്തി. എന്നിട്ടും 'നീതിമന്റം' വിട്ടില്ല. പിന്നാലെ കൂടി. 'താൻ താൻ ചെയ്യുന്ന കർമങ്ങളുടെ ഫലം താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ' എന്ന കവി വാക്യം അച്ചട്ടായി. കേരളത്തിലാണെങ്കിലോ? കേസ് കല്ലേറാണെങ്കിൽ, ഇന്നത്തെ മിക്കവാറും എല്ലാ മന്ത്രിമാരും അകത്തു പോകാൻ തയാറെടുക്കേണ്ടിവരും. ഭാഗ്യവശാൽ ഇവിടെ കല്ലേറായാലും ഹർത്താലായാലും ബന്ദായാലും നയിക്കുന്നവർക്ക് 'വീരശൃംഖല' നൽകാൻ പാർട്ടികളും ഭരണകൂടങ്ങളുമുണ്ട്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഓർഡിനൻസ് കൊണ്ടുവരാൻ തീരുമാനിച്ചതു കേട്ടാൽ ചിരിക്കാത്തരായി ശവശരീരങ്ങൾ മാത്രമേ ഉണ്ടാകൂ. സ്വകാര്യ സ്വത്തുക്കൾക്കു നേരേ സ്‌ഫോടക വസ്തുക്കളോ അഗ്നിയോ ഉപോയഗിച്ച് ആക്രമിച്ചാൽ ജീവപര്യന്തമാണ് ശിക്ഷ. 14 വർഷം മുട്ടയും മട്ടനും മൊബൈൽ ഫോണുമൊക്കെയായി കുടുംബ പ്രാരാബ്ദധമൊക്കെ മറന്നു കഴിയാൻ ഭാഗ്യം ചെയ്യണം. ചില മൈനർ ശിക്ഷകളുമുണ്ട്. ഇഷ്ടികയോ ചരൽക്കല്ലോ എടുത്തു പ്രയോഗിക്കുന്നവർക്കാകാം. വടി കൊണ്ട് വാഹനത്തിന്റെ ചില്ല് പൊട്ടിക്കുന്നവരുടെ കാര്യം എടുത്തു പറഞ്ഞിട്ടില്ല. 
'മുക്കാലിയിൽ കെട്ടി മുപ്പതടി' ആയിരിക്കാം. അല്ലെങ്കിൽ അത് നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ടായിരിക്കാം. കുറ്റം തെളിഞ്ഞാൽ പ്രതികളിൽ നിന്നു നഷ്ടപരിഹാരം ഈടാക്കിക്കളയും. പക്ഷേ, സമര നേതാക്കൾ ഒന്നു കൊണ്ടും ഭയപ്പെടേണ്ടതില്ല. കല്ലേറു മുതൽ കൊലപാതകം വരെ നമ്മൾ 'ഡമ്മി' പ്രതികളെ ഹാജരാക്കി പോലീസുകാരെ സഹായിക്കുകയാണല്ലോ പതിവ്. അത്യാവശ്യം നഷ്ടപരിഹാരത്തുക കെട്ടിവെക്കുന്നതിന് 'രക്തസാക്ഷി' അല്ലെങ്കിൽ 'ബലിദാനി' പിരിവ് നടത്താൻ തക്കവണ്ണം കേരളം നീണ്ടുനിവർന്നു കിടപ്പുണ്ടല്ലോ. ചത്തവന്റെ അമ്മയ്ക്കും അച്ഛനും അന്ത്യകാലത്ത് ആര് സംരക്ഷണം കൊടുക്കുമെന്ന് ഹർത്താൽ ദിനത്തിൽ ചിന്തിക്കേണ്ട കാര്യമില്ല. ഇടവപ്പാതിക്കു മഴ പെയ്യുമെന്നു കരുതി ചിങ്ങ മാസത്തിൽ തന്നെ കുട നിവർത്തിപ്പിടിക്കേണ്ട കാര്യമുണ്ടോ? ഹർത്താൽ നടത്തുന്നതിനു ഏഴു ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന ഹൈക്കോടതി നിർദേശവും കൊള്ളാം. ബന്ധപ്പെട്ട അധികാരികളുടെ ഇ-മെയിൽ ഐഡി ആദ്യം പരസ്യപ്പെടുത്തട്ടെ. പിന്നെയാകാം പൊതുനോട്ടീസ്. എതിർപ്പുള്ളവർക്ക് കോടതിയെ ശല്യപ്പെടുത്താനും നിയമ സാധുത വീണ്ടും ഭൂതക്കണ്ണാടി വെച്ചു പരിശോധിക്കാനുമല്ലേ ഏഴു ദിവസം? വേല മനസ്സിലിരിക്കട്ടെ!

****                     ****                     ****
ആകാശത്ത് ചില അന്യഗ്രഹ ജീവികൾ പ്രത്യക്ഷപ്പെട്ടതായി വാർത്ത പരക്കാറുണ്ട്. പറക്കും തളികകൾ, എരിയുന്ന ചുരുട്ടിന്റെ ആകൃതിയിൽ പാഞ്ഞുപോകുന്ന ചില വികൃതികൾ, അങ്ങനെയങ്ങനെ വിസ്മയം പലവിധമുലകിൽ സുലഭം! അതുപോലെയായി കെ.പി.സി.സി നടത്തിയ സമാധാന സന്ദേശ സംഗമം. 250 കേന്ദ്രങ്ങളിൽ നടത്തിയത്രേ! ഇതൊക്കെ നേരിൽ കണ്ടവർ എഴുതി അയച്ചാൽ, മികച്ച കത്തിന് സമ്മാനം നൽകുന്ന കാര്യം പത്രാധിപന്മാർ ആലോചിക്കണമെന്നേ പറയാനുള്ളൂ. സി.പി.എമ്മും സംഘ്പരിവാരങ്ങളും നടത്തുന്ന ഏറ്റുമുട്ടലുകൾക്കെതിരെയായിരുന്നു മേൽപടി സംഗമം! അതുകൊണ്ട് നിശ്ശബ്ദമായി ഇടവഴിയൂടെ അരികു പറ്റിയായിരുന്നിരിക്കണം ചടങ്ങ്. വലിയ പിന്തുണയാണ് ലഭിച്ചതെന്നു പറഞ്ഞത്. പാർട്ടി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പിയാണ്. സാമുദായിക നേതാക്കൾ, മതമേലധ്യക്ഷന്മാർ, എഴുത്തുകാർ, അഭിനേതാക്കൾ തുടങ്ങി പലരും പങ്കെടുത്തുവെന്നാണ് പ്രസ്താവന. ആദ്യത്തെ രണ്ടു വിഭാഗം പങ്കെടുത്ത കാര്യം ഉറപ്പ്. ഇക്കണ്ട കാലമാത്രയും അവരുടെ കാലു തിരുമ്മിയും കൈ മുത്തിയുമാണല്ലോ കോൺഗ്രസ് ജീവശ്വാസം നിലനിർത്തിയത്! എഴുത്തുകാർ എന്നുദ്ദേശിച്ചത് ആധാരമെഴുത്തുകാരെ ഉദ്ദേശിച്ചാകണം. അവരിൽ നല്ല കൈയക്ഷരമുള്ള എഴുത്തുകാരുണ്ട്. മൂവർണക്കൊടി പിടിക്കാൻ മറക്കാതെ ജീവിക്കുന്ന ചില കാർന്നോന്മാരുമുണ്ട്. അഭിനേതാക്കൾ പങ്കെടുത്തുവെന്നു വെളിപ്പെടുമ്പോൾ, കോൺഗ്രസിനു കഷ്ടകാലം മാറിയിട്ടില്ല എന്നൂഹിക്കാം. പല ടി.വി സീരിയൽ നടിമാരുടെയും വീടുകളിൽ പാലുകാച്ചിന് ഇളനീർ കുടിക്കാൻ പോകുന്ന ആചാരം മുതിർന്നവർ മുതൽ ഇളവന്മാർ വരെയുള്ള ഖദർധാരികൾ ഒരിക്കലും കൈവിടാറില്ല. 
അങ്ങനെ ആകെ കൂടി 250 കേന്ദ്രങ്ങളിലും സമാധാന സന്ദേശ സംഗമം പൊടിപാറി എന്നു കരുതാം. ഹർത്താൽ ഓർഡിനൻസിനു മുൻകാല പ്രാബല്യം നൽകിയാൽ സി.പി.എം കുടുങ്ങുമെന്നും അവരുടെ ലോക റെക്കോർഡ് ഭേദിക്കാൻ ആർക്കും കഴിയില്ലെന്നും പ്രസ്താവിച്ച ശേഷം ദില്ലിക്കു വണ്ടി കയറിയ മുല്ലപ്പള്ളിയെ ഇനി വേണം നിരത്തിൽ കാണാൻ! പാർട്ടി പുനഃസംഘടന കഴിഞ്ഞേ മടങ്ങൂ എന്നു കേൾക്കുന്നു. ഒന്നു രണ്ടു കൊല്ലമെങ്കിലും അവിടെ തങ്ങാനാണ് യോഗം! പരിപാടിക്ക് ചാണ്ടി - ചെന്നിത്തലമാർ പാരവച്ചുവോ എന്നു സംശയിക്കണം. പഴയ ജംബോ ജെറ്റ് വിമാനത്തിൽ കയറ്റാവുന്ന കമ്മിറ്റി തന്നെ വീണ്ടും വരും. അതൊരു മരണമില്ലാത്ത സമസ്യയാണ് കോൺഗ്രസിന്.

****                      ****                    ****
'എടുക്കുമ്പോൾ ഒന്ന്, തൊടുക്കുമ്പോൾ പത്ത്. കൊള്ളുമ്പോളായിരമായിരമായിരം' എന്നൊരു സിനിമാപ്പാട്ടിന്റെ ഭാഗമുണ്ട്. അതു രണവീരന്മാർക്കുള്ളതാണ്. ബോംബും കൈയിലേന്തി നടക്കുന്ന സംഘ്പരിവാരങ്ങൾ ആ ഗണത്തിൽ പെടുന്നില്ലെന്നു സ്വയം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഈ വർഷത്തിന്റെ 'മിഡിൽ' കടന്നാൽ പിന്നെ കഷ്ടിച്ചു കഴിഞ്ഞു കൂടാനുള്ള 'വഹ' ഒത്തെങ്കിലായി. തെരഞ്ഞെടുപ്പ് വരികയല്ലേ? അതുകൊണ്ടു ശബരിമല, യുവതി പ്രവേശം, മാവേയിസ്റ്റ് ബന്ധം, ആക്ടിവിസ്റ്റുകൾ തുടങ്ങിയ പ്രയോഗങ്ങൾക്കു പുറമെ, സർക്കാരിനെ പിരിച്ചുവിടുക' എന്നൊരു കടന്ന പ്രയോഗം കൂടി നിത്യകർമങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 38 ദിവസം പിന്നിട്ട നിരാഹാര സമരം ഒന്ന് അവസാനിപ്പിക്കാൻ വഴികാണിക്കേ എന്ന് ഇരുകൈകളും കൂപ്പി മേലോട്ടു നോക്കി പ്രാർഥിക്കുകയാണ് കട്ടിലിൽ കിടക്കുന്ന പട്ടിണിക്കാർ. ഒരാൾക്കു പനി പിടിക്കുമ്പോൾ മറ്റൊരാൾ അന്നമുപേക്ഷിച്ചു കട്ടിലിൽ കയറിക്കിടക്കുന്നു. മറ്റേയാൾ ജനറലാശുപത്രി വഴി 'മാരാർജി ഭവനി'ലേക്കു കുതിക്കുന്നു. ചുരുക്കത്തിൽ, റിലേ' നിരാഹാര സത്യഗ്രഹം. വിശക്കുമ്പോൾ എണീറ്റു പൊയ്‌ക്കൊള്ളുമെന്ന 2006 ലെ വി.എസ് വചനം ഇന്നും പ്രസക്തം! ഇപ്പോൾ സമരപ്പന്തലിൽ ഓരോ ദിസവും ഓരോ പുതിയ മുദ്രാവാക്യങ്ങൾ ഉയരുന്നുണ്ട്. എല്ലാ ഡിമാന്റുകളും അംഗീകരിക്കാനാണെങ്കിൽ ഒരു മുഖ്യമന്ത്രിയെ കൊണ്ടു തികയുകയുമില്ല. ഏറ്റവും പുതിയ ഡിമാന്റാണ് 'സർക്കാരിനെ പിരിച്ചുവിടുക'. അതിന് സംസ്ഥാന സെക്രട്ടറിയേറ്റിനു മുന്നിലാണോ സമരം നടത്തേണ്ടത്?
ഗവർണറുടെ രാജ്ഭവൻ നാട്ടിലുണ്ടല്ലോ? ചുരുങ്ങിയ പക്ഷം കേന്ദ്രം വക ഏജീസ് ഓഫീസോ, ദൂരദർശൻ കേന്ദ്രമോ, എന്തിന് ആൾ ഇന്ത്യാ റോഡിയോയയുടെ ആപ്പീസോ ഒക്കെ ചുറ്റിനും ഉണ്ടല്ലോ! അതിനു പകരം സെക്രട്ടറിയേറ്റിനു മുന്നിൽ കിടന്നു പേട്ട തുള്ളൽ നടത്തിയിട്ടു കാര്യമുണ്ടോ?
കഴിഞ്ഞ വർഷം മാത്രം ഒരു കോടി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി. അതിന്, അത്രത്തോളം മെംബർഷിപ്പുണ്ടായിരുന്നോ കോൺഗ്രസിൽ എന്ന് ഒരു ന്യൂജെൻമശകത്തിന്റെ കമന്റ്!
'ഖേലോ ഇന്ത്യ'യിൽ കളിക്കാൻ പൂനെയിലെത്തിയ 72 പേരുള്ള കേരള ടീമിനെ ആരും തിരിഞ്ഞു നോക്കിയില്ല. താമസ സൗകര്യം ലഭിക്കാതെ ഏഴു മണിക്കൂർ വെയിലത്ത് കാത്തിരിക്കേണ്ടി വന്നു. 
കേരളം ഇന്ത്യയിൽ തന്നെയുള്ളതാണോ എന്ന സംശയം തീർക്കുവാനാണ് സമയമെടുത്തത്. അഖിലേന്ത്യാ പണിമുടക്കിന്റെ കാര്യം പിള്ളേർ അറിഞ്ഞില്ലേ?
 

Latest News