കരയുന്ന കുഞ്ഞിനേ പാലുള്ളൂവെന്ന് പറഞ്ഞ പോലെ നിരന്തര പരിശ്രമങ്ങൾ നാം തുടരേണ്ടതുണ്ട്. ഒരു കാലത്ത് പ്രവാസികളോട് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ചതുർഥിയായിരുന്നു. ഒരാവശ്യം പോലും അംഗീകരിക്കാൻ തയാറാവില്ലെന്നു മാത്രമല്ല, ചൂഷണത്തെ പ്രോൽസാഹിപ്പിക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. കാരണം പ്രവാസ ലോകത്ത് പണിയെടുക്കുന്നവരെല്ലാം സാമ്പത്തികമായി ഉന്നതിയിലുള്ളവരാണെന്ന കാഴ്ചപ്പാടായിരുന്നു ഇതിനു പിന്നിൽ.
വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിരക്ക് ഏകീകരിച്ച എയർ ഇന്ത്യാ നടപടി പ്രശംസിക്കപ്പെടേണ്ടതാണ്. ദീർഘകാലമായുള്ള പ്രവാസികളുടെ ആവശ്യം പൂവണിഞ്ഞിരിക്കുന്നു. ഇത് തെല്ലൊന്നുമല്ല പ്രവാസികൾക്ക് ആശ്വാസം പകരുക. വളരെ കുറഞ്ഞ ശമ്പളത്തിൽ, വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങളോ, ഇൻഷുറൻസ് കവറേജോ ഇല്ലാതെ ജോലിക്കെത്തി വിദേശത്ത് വെച്ച് മരിക്കുന്ന സാമ്പത്തിക ശേഷി കുറഞ്ഞവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ബന്ധുക്കളും പ്രവാസി സംഘടനകളും ഏറെ ബുദ്ധിമുട്ടിയിരുന്നു. കാരണം മൃതദേഹം തൂക്കി നോക്കിയും അമിത ചാർജ് ചുമത്തിയും തോന്നിയ പോലെയാണ് നിരക്ക് ഈടാക്കിയിരുന്നത്. അതിനിപ്പോൾ ഒരു നിശ്ചിത നിരക്കും മാനദണ്ഡവും കൈവന്നിരിക്കുന്നുവെന്നത് പ്രതിന്ധികളിലൂടെ നീങ്ങുന്ന പ്രവാസ ലോകത്തെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്.
നിരക്ക് ഏകീകരണത്തേക്കാളുപരി ഏറ്റവും സന്തോഷം നൽകുന്നത് ഒരു ഉൽപന്നം പോലെ മൃതദേഹം തൂക്കി നോക്കി കാർഗോ നിരക്ക് നിശ്ചയിച്ചിരുന്ന പ്രാകൃത രീതി നിർത്തലാക്കിയിരിക്കുന്നുവെന്നതാണ്. കഴിഞ്ഞ വർഷം ഈ നിരക്കു തന്നെ ഇരട്ടിയായി വർധിപ്പിച്ചിരുന്നു. ഇതിനെതിരെ ഉയർന്ന പ്രതിഷേധത്തിനു മുന്നിൽ അധികൃതർ മുട്ടുമടക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ദുബായ് സന്ദർശിച്ച വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗിന് ഈ പ്രതിഷേധത്തിന്റെ ചൂട് നേരിട്ടു മനസ്സിലാവുകയും ഉടനടി വർധിപ്പിച്ച നിരക്ക് പിൻവലിക്കാൻ നടപടി സ്വീകരിക്കുകയുമായിരുന്നു. അന്നും പ്രവാസി സംഘടനകൾ മുന്നോട്ടു വെച്ച നിദേശമായിരുന്നു മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുക, അതല്ലെങ്കിൽ നിരക്ക് ഏകീകരിക്കുകയെന്നത്. അതിൽ ഏകീകരണമാണിപ്പോൾ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
പുതിയ നിരക്ക് പ്രകാരം സൗദിയിൽനിന്ന് ഒരു മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിന് 2200 റിയാൽ മതിയാകും. ഇത് സാധാരണ ഗതിയിലുള്ള ടിക്കറ്റ് നിരക്കിനു സമാനമാണ്. ഇത്രയും കാലം മൂന്നാളുകളുടെ ടിക്കറ്റ് നിരക്കാണ് സൗദിയിൽ നിന്ന് ഈടാക്കിയിരുന്നത്. 12 വയസ്സിൽ താഴെയുള്ള മൃതദേഹത്തിന് പകുതി നിരക്കു മതിയാകും. ഈ ആനുകൂല്യം നേരത്തെ ഉണ്ടായിരുന്നില്ല. ദുബായിൽനിന്ന് 1500 ദിർഹമാണ് നിരക്ക്. ഒമാനിൽനിന്ന് 160 ഒമാനി റിയാൽ, കുവൈത്തിൽനിന്ന് 175 ദീനാർ ബഹ്്‌റൈനിൽിന്ന് 225 റിയാൽ, ഖത്തറിൽനിന്ന് 2200 റിയാൽ എന്നിങ്ങനെയാണ് ഏകീകരിച്ച നിരക്ക്. 12 വയസ്സിൽ താഴെയുള്ള മൃതദേഹത്തിന് ഇതിന്റെ പകുതി നിരക്ക് നൽകിയാൽ മതിയാകും. എയർ ഇന്ത്യയിലെന്ന പോലെ എയർ ഇന്ത്യ എക്‌സ്പ്രസിനും ഏകീകരിച്ച ഈ നിരക്ക് ബാധകമാണ്. ദേശീയ വിമാനക്കമ്പനികളുടെ ഈ തീരുമാനം എന്തുകൊണ്ടും സ്വാഗതാർഹമാണ്. കാരണം നാട്ടിലേക്ക് മൃതദേഹം എത്തിക്കുന്നതിന് അധികപേരും ദേശീയ വിമാനക്കമ്പനിയെയാണ് ആശ്രയിക്കുന്നത്.
നിരക്ക് ഏകീകരണക്കണമെന്ന ആവശ്യം കൂടി അംഗീകരിക്കപ്പെട്ടതോടെ പ്രവാസികളോടുള്ള ഭരണകർത്താക്കളുടെ സമീപനങ്ങളിൽ മാറ്റം വരാൻ തുടങ്ങിയിരിക്കുന്നുവെന്നു വേണം വിലയിരുത്താൻ. അതിന് കാരണം പ്രവാസ ലോത്തുള്ള വിവിധ സംഘടനകളുടെയും നാട്ടിൽ പ്രവാസികൾക്കായി പോരടിക്കുന്ന സംഘടനകളുടെയും നേതാക്കളുടെയുമെല്ലാം നിരന്തര ഇടപെടലുകളാണ്. ഇക്കാര്യത്തിൽ മലബാർ ഡെവലപ്‌മെന്റ് ഫോറത്തിന്റെ ഇടപെടലുകൾ പ്രത്യേകം എടുത്തു പറയേണ്ടതാണ്. എം.ഡി.എഫ് പ്രസിഡന്റ് കെ.എം. ബഷീറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഡിസംബർ 27, 28 തീയതികളിൽ പ്രവാസികളുടെ മൃതദേഹം തൂക്കി നോക്കി നിരക്ക് നിശ്ചയിക്കുന്നതിനെതിരായി ദൽഹി ജന്ദർ മന്ദിറിൽ നിരാഹാര സമരം നടത്തിയിരുന്നു. ഈ ആവശ്യവുമായി ദൽഹിയിലെത്തി സമരത്തിനു തയാറായ എം.ഡി.എഫിന്റെ നടപടി പ്രശംസനീയമാണ്. രാഷ്ട്രീയ പാർട്ടികളുടെ വിദേശ രാജ്യത്തുള്ള പോഷക സംഘടനകളും നേതാക്കളുമെല്ലാം ദീർഘകാലമായി പ്രവാസികൾ ഉന്നയിച്ചിരുന്ന ഈ ആവശ്യത്തിനു വേണ്ടി വാദിക്കുകയും ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിവേദനം നൽകുകയും ചെയ്തിട്ടുണ്ട്. എങ്കിലും ദൽഹിയിലെത്തി ഈ ആവശ്യത്തിനു വേണ്ടി നിരാഹാര സമരം സംഘടിപ്പിക്കാൻ തയാറായ എം.ഡി.എഫ് പ്രവർത്തകർ എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്നു.
പ്രവാസികളുടെ ആവശ്യം ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണമെന്ന ആവശ്യത്തിനു വേണ്ടിയായിരിക്കണം ഇനിയുള്ള പോരാട്ടം. നമ്മുടെ അയൽപക്കത്തെ ചില രാജ്യങ്ങൾ അവരുടെ പൗരന്മാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമ്പോൾ വിദേശ തൊഴിലാളികൾ വഴി ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന നമ്മുടെ രാജ്യത്തിന് എന്തുകൊണ്ട് ആയിക്കൂടെന്ന ചോദ്യം പ്രസക്തമാണ്. കുറഞ്ഞ പക്ഷം സാധാരണക്കാരായ തൊഴിലാളികളുടെ മൃതദേഹമെങ്കിലും സൗജന്യമായി എത്തിക്കുന്നതിനുളള നടപടിയുണ്ടാകണം. ഒരു മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ടിക്കറ്റ് നിരക്കു മാത്രമല്ല, എംബാമിംഗ് ചാർജ് പോലുള്ള മറ്റു ചെലവുകൾ വേറെയുമുണ്ട്. സ്‌പോൺസറിൽനിന്നോ, നയതന്ത്ര കാര്യാലയങ്ങളിൽനിന്നോ ഇതിനാവശ്യമായ ചെലവിലേക്ക് സഹായമൊന്നും കിട്ടാത്ത സാഹചര്യങ്ങളിൽ ഭാരിച്ച ചെലവ് സംഘടനകളും സാമൂഹ്യ പ്രവർത്തകരുമാണ് ഏറ്റെടുക്കാറുള്ളത്. പ്രവാസ ലോകത്തെ സാമ്പത്തിക പ്രതിസന്ധിയും തൊഴിൽ നഷ്ടവുമെല്ലാം ഇത്രയും കാലം ലഭിച്ചിരുന്നതു പോലുള്ള സഹായം കുറയാനിടയാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഭരണ കർത്താക്കളുടെ കനിവു തന്നെയുണ്ടാകണം. അതിനായുള്ള സമ്മർദങ്ങളും സമരങ്ങളും പ്രവാസ ലോകത്തുനിന്ന് ഇനിയും ഉണ്ടാകണം.
ബഹ്്‌റൈൻ സന്ദർശന വേളയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കോൺഗ്രസ് അധികാരത്തിൽ വന്നാൽ പ്രവാസികളുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നത് സൗജന്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതു പ്രതീക്ഷ നൽകുന്നതും ശുഭസൂചനയുമാണ്. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബി.ജെ.പിയും ആ നിലക്കു ചിന്തിച്ചാൽ അതു പ്രവാസ ലോകത്തിനു പകരുന്ന ആശ്വാസം വളരെ വലുതായിരിക്കും.
കരയുന്ന കുഞ്ഞിനേ പാലുള്ളൂവെന്ന് പറഞ്ഞ പോലെ നിരന്തര പരിശ്രമങ്ങൾ നാം തുടരേണ്ടതുണ്ട്. ഒരു കാലത്ത് പ്രവാസികളോട് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ചതുർഥിയായിരുന്നു. ഒരാവശ്യം പോലും അംഗീകരിക്കാൻ തയാറാവില്ലെന്നു മാത്രമല്ല, ചൂഷണത്തെ പ്രോൽസാഹിപ്പിക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. കാരണം പ്രവാസ ലോകത്ത് പണിയെടുക്കുന്നവരെല്ലാം സാമ്പത്തികമായി ഉന്നതിയിലുള്ളവരാണെന്ന കാഴ്ചപ്പാടായിരുന്നു ഇതിനു പിന്നിൽ.
പ്രവാസി വോട്ടവകാശം അതിന്റെ പരിപൂർണതയിലെത്തിയിട്ടില്ലെങ്കിലും ഭാഗികമായിട്ടെങ്കിലും അതു നേടാൻ കഴിഞ്ഞതും കൂട്ടായുള്ള പരിശ്രമ ഫലമായാണ്. പ്രവാസികളിൽനിന്ന് അമിതമായി ഈടാക്കുന്ന ടിക്കറ്റ് നിരക്ക് ഏകീകരണം, എൻ.ആർ.ഇ സീറ്റുകളുടെ പേരിൽ പ്രൊഫഷണൽ കോളേജുകൾ ഈടാക്കുന്ന അമിത നിരക്ക് അവസാനിപ്പിക്കൽ തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ പോരാട്ടം തുടരേണ്ടതുണ്ട്. രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി നിന്നാൽ പ്രവാസി ശബ്ദത്തിന് വിലയുണ്ടാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.






