Sorry, you need to enable JavaScript to visit this website.

അമിത് ഷായെ ഊട്ടിയതില്‍ ഖേദം

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ മുസ്ലികളോടൊപ്പം ഭക്ഷണം കഴിച്ചതായി സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്ന ഫോട്ടോകളിലൊന്ന്.
ഗീത മഹാലി നക്‌സല്‍ബാരിയിലെ കുടിലില്‍.

ന്യൂനപക്ഷ, ആദിവാസി, ദളിത് വീടുകളില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്ക് ഭക്ഷണം വിളമ്പുന്ന ഫോട്ടോകള്‍ സംഘ്പരിവാര്‍ സംഘടനകള്‍ വ്യാപകമായി പ്രചാരണത്തിനു ഉപയോഗിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ ബി.ജെ.പിയോടും അമിതാഷായോടും ജനങ്ങള്‍ക്കുള്ള അലര്‍ജി കുറഞ്ഞുവെന്ന് സ്ഥാപിക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ ഏപ്രില്‍ 25-ന് പശ്ചിമ ബംഗാളില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ അമിത് ഷാ പാവങ്ങളുടെ കുടിലില്‍ ഭക്ഷണം കഴിക്കുന്ന ഫോട്ടോ ഇതുപോലെ പ്രചരിപ്പിച്ചിരുന്നു. എന്നല്‍ അന്ന് ഭക്ഷണം പാകം ചെയ്തത് അമിത് ഷാക്ക് വേണ്ടിയാണെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹത്തെ ഊട്ടിയതില്‍ ഖേദമുണ്ടെന്നും പറഞ്ഞുകൊണ്ട് ആദിവാസി വീട്ടമ്മ ഗീതാ മഹാലി രംഗത്തുവന്നു.
പശ്ചിമ ബംഗാളിലെ നക്‌സല്‍ബാരിയിലെ ദക്ഷിണ്‍ കൊതിയാജോട്ടെ ഗ്രാമത്തിലായിരുന്നു അമിത് ഷായുടെ സന്ദര്‍ശനം.

ഞങ്ങള്‍ വളരെ പാവങ്ങളാണ്. അന്ന് അങ്ങനെയൊരു ഉച്ചഭക്ഷണം ഒരുക്കാന്‍ കഴിഞ്ഞപ്പോള്‍ വളരെയേറെ സന്തോഷിച്ചിരുന്നു. എന്നാല്‍ അത് പാടില്ലായിരുന്നു- ഗീതാ മഹാലി പറഞ്ഞു.
അരിയും പരിപ്പും പച്ചക്കറിയുമൊക്കെ ചേര്‍ത്തുള്ള ഊണൊരുക്കിയ ഗീതയുടെ ജീവിതം തന്നെ അതിനുശേഷം മാറിമറഞ്ഞു. അമിത് ഷാക്ക് ഉച്ചഭക്ഷണം നല്‍കിയ ശേഷം ഗീതയേയും ഭര്‍ത്താവ് രാജുവിനേയും ഗ്രാമത്തില്‍നിന്ന് കാണാതായി. ഒരാഴ്ച കഴിഞ്ഞ് മേയ് മൂന്നിനാണ് ഇരുവരും ബംഗാള്‍ ടൂറിസം മന്ത്രി ഗൗതം ദേബിനോടൊപ്പം പ്രത്യക്ഷപ്പെട്ടത്. ദമ്പതികളെ തട്ടിക്കൊണ്ടുപോയി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. എന്നാല്‍ ഗീതയും ഭര്‍ത്താവും സ്വയം തീരുമാനമെടുത്തതാണെന്നും തങ്ങള്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വാദിക്കുന്നു.
ഏപ്രില്‍ 25-നു ശേഷം സിലിഗുരിക്ക് സമീപം മതിഗരയില്‍ ബന്ധുക്കളെ കാണാന്‍ പോയതാണെന്നും അതിനു മുമ്പുതന്നെ തൃണമൂലില്‍ ചേരാന്‍ തീരുമാനിച്ചിരുന്നുവെന്നും ഗീതയും ഭര്‍ത്താവും പറയുന്നു.
ആരാണ് അമിത് ഷായെന്ന് അറിയില്ല.  അദ്ദേഹത്തെ ഊട്ടാന്‍ അവര്‍ ആവശ്യപ്പെട്ടു. ഞാന്‍ സമ്മതിച്ചു: അമിത് ഷാക്ക് ഊണൊരുക്കിയതിനെ കുറിച്ചുള്ള ചോദ്യത്തിന ഇതാണ് ഗീതയുടെ മറുപടി.
അമിത് ഷായെ ഊട്ടാന്‍ ഞങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ ലഭിച്ചുവെന്നാണ് ആളുകള്‍ പ്രചരിപ്പിച്ചത്. ഇപ്പോള്‍ ടി.എം.സിയില്‍ ചേരാനും മൂന്ന് ലക്ഷം കിട്ടിയെന്ന് പറയുന്നു. ആറ് ലക്ഷം കിട്ടിയിട്ടും ഞങ്ങള്‍ ഇത്രയും പാവങ്ങളായി തുടരുമോ. പാവങ്ങളെ കുറിച്ച് ആര്‍ക്കും എന്തു പറയാം-ഗീത പറഞ്ഞു.
ഗീതയുടെ വീട്ടിനു പുറത്ത് ഇപ്പോള്‍ രണ്ട് പോലീസുകാരുടെ കാവലുണ്ട്.
സാധാരണ കുടുംബത്തോടൊപ്പം ഊണ് കഴിക്കണമെന്ന അമിത്ഷായുടെ ആഗ്രഹപ്രകാരമാണ് ഗീതയുടെ വീട് തെരഞ്ഞെടുത്തതെന്നും അവരെ ബി.ജെ.പിയില്‍ ചേര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ബി.ജെ.പി നേതാക്കള്‍ പറയുന്നു.

 

 

 

Latest News