Sorry, you need to enable JavaScript to visit this website.

പൗരത്വ ബില്‍; പ്രതിഷേധം കനക്കുന്നു, മൂന്ന് പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം

ഗുവാഹത്തി-വിവാദമായ പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രതിഷേധം തുടരുന്നു. അസ്സമിലെ പ്രധാന നഗരങ്ങളായ ദിസ്പൂരിലും ഗുവാഹത്തിയിലും വ്യാഴാഴ്ച ബിജെപിക്കെതിരെ നിരവധി പ്രതിഷേധം റാലികളാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും അ്സ്സമില്‍ കടക്കാന്‍ അനുവദിക്കില്ല എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പ്രതിഷേധക്കാര്‍ വിവിധ സ്ഥലങ്ങളില്‍ ബിജെപി നേതാക്കളെ കരിങ്കൊടി കാണിച്ചു. എഴുപത് സംഘടനകള്‍ ചേര്‍ന്നാണ് അസ്സമില്‍ പ്രതിഷേധങ്ങള്‍ നയിക്കുന്നത്.   

അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും പ്രതിഷേധം തണുപ്പിക്കാന്‍ വടക്കു കിഴക്കന്‍ മേഖലയിലെ സംസ്ഥാന സര്‍ക്കാറുകള്‍ നടപടികള്‍ തുടങ്ങി. അസ്സമിലെ പ്രധാന നഗരമായ ഗുവാഹത്തിയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് സംഘടനാ നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹക്കൂറ്റം ചുമത്തി അസ്സം പൊലീസ് കേസ്സെടുത്തിട്ടുണ്ട്.

 കഴിഞ്ഞ ദിവസമാണ്, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുളള മുസ്ലിംകളല്ലാത്ത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കാനുള്ള നിയമം കൊണ്ടുവരുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ ലോകസഭയില്‍ പാസാക്കിയത്. കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പിനിടെയാണ് സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷമുള്ള സഭയില്‍ ബില്‍ പാസായത്. പുതിയ ബില്‍ പ്രകാരം, 1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്യപ്പെടും.  അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, പാര്‍സി, ജൈന, ക്രിസ്ത്യന്‍ മതങ്ങളില്‍പ്പെട്ടവര്‍ക്ക് പൗരത്വം നല്‍കും. മുസ്ലിംകള്‍ക്ക് ബില്ലിന്റെ ആനുകൂല്യം ലഭിക്കില്ല. 

1971 ന് ശേഷം, സംസ്ഥാനത്തേക്ക് കുടിയേറിയ ബംഗാളി ഹിന്ദുക്കളെ പൗരത്വം നേടാന്‍ ബില്‍ സഹായിക്കുമെന്ന കാരണത്താലാണ് എജിപി അടക്കമുളള പാര്‍ട്ടികളും അസ്സമിലെ ഗോത്ര വിഭാഗങ്ങളും  ബില്ലിനെ എതിര്‍ക്കുന്നത്. ബംഗാളി ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുമെന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ്. നീക്കത്തില്‍ പ്രതിഷേധിച്ച്, എ.ജി.പി ബിജെപിയുമായുളള സഖ്യം അവസാനിപ്പിച്ചിരുന്നു.

പുതിയ നീക്കം ഇവിടെയുളള ഗോത്ര വിഭാഗങ്ങളുടെ അതൃപ്തിയില്‍ നിന്ന് ബിജെപിയെ രക്ഷിക്കില്ല എന്നാണ് അസ്സമിലെ ഗോത്ര വര്‍ഗ സംഘടനകളുടെ പ്രതിനിധികള്‍ പറയുന്നത്. 

'ഞങ്ങള്‍ പൗരത്വ ഭേദഗതി ബില്ലിനെതിരാണെന്ന് ബിജെപിക്കാറിയാം എന്നിട്ടും അത് പാര്‍ലമെന്റില്‍ പാസ്സാക്കി,' മോറന്‍ പറഞ്ഞു. 

നേരത്തെ, പൗരത്വ ബില്‍ പാസ്സാക്കുന്നതിനെതിരെ അസ്സമിലെ പട്ടിക വര്‍ഗ വിഭാഗങ്ങളുടെ പ്രതിനിധികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നിവേദനം അയച്ചിരുന്നു. പുതിയ ബില്‍ അസ്സമിലെ നിലവിലുളള ഗോത്ര വിഭാഗങ്ങളെ തകര്‍ക്കുമെന്നായിരുന്നു നിവേദനത്തിന്റെ ഉളളടക്കം.

Latest News