മരണം ഇരുളായി കണ്ണിലേക്കു പടർന്ന പല സന്ദർഭങ്ങളിലും അതിൽ നിന്നു കുതറിത്തെറിച്ച് ഫാസിസത്തിനെതിരെ ചാട്ടുളി പോലെ വേദികളിൽ നിന്ന് വേദികളിലേക്ക് പകർന്നാടിയ പ്രിയ നേതാവിന്റെ ആഹ്വാനം അതിന്റെ സമസ്താർഥത്തിലും സാക്ഷാൽക്കരിച്ചാണ് 'ഫാസിസ്റ്റ് മുക്ത ഭാരതം സാധ്യതകളും പ്രതിബന്ധങ്ങളും' എന്ന പ്രമേയത്തിൽ കെ.എം.സി.സിയുടെ അനുസ്മരണ സമ്മേളനത്തിന് ഇന്ന് അൽകോബാർ വേദിയാകുന്നത്.
രണ്ടായിരത്തി പതിനാറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ടു ദിവസത്തെ സൗദി സന്ദർശനത്തിനായി റിയാദിലെത്തിയ സമയം. സ്ഥാനപതി കാര്യാലയത്തിൽ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുന്ന നരേന്ദ്ര മോഡിയുടെ ചടങ്ങിലേക്ക് ക്ഷണം കിട്ടിയ വിവരവുമായി സി. ഹാഷിം എൻജിനീയറെ കണ്ടു. അതീവ സന്തോഷത്തോടെ അദ്ദേഹം ആദ്യം ആശംസ അറിയിച്ചു. തുടർന്ന് പറഞ്ഞു: സ്വന്തം മനഃസ്സാക്ഷിയോട് നീതി പുലർത്തുക.നന്മ പ്രതീക്ഷിക്കുന്നുവെങ്കിൽ മാത്രം പങ്കെടുക്കുക. മോഡിയുടെ ചടങ്ങിൽ നിന്ന് വിട്ട് നിൽക്കുക എന്നതും ഫാസിസത്തിനെതിരെ നടത്തുന്ന ഒരു സമര മുറയാണ്. ഞാനാകെ വിഷമ വൃത്തത്തിലായി. മടിച്ചു നിന്ന സഹപ്രവർത്തകരായ മാധ്യമ സുഹൃത്തുക്കളെ പോലും പ്രോത്സാഹിപ്പിച്ച് തള്ളിവിട്ട ഞാൻ തന്നെ അവസാന നിമിഷം ചടങ്ങ് ബഹിഷ്കരിക്കുക. പക്ഷേ അതൊന്നും ഹാഷിം എൻജിനീയർ എന്ന സമര ജീവിതത്തിന് എന്റെ പ്രതിസന്ധിയോട് രാജിയാകാനുള്ള കാരണങ്ങളായിരുന്നില്ല.
രാജ്യാഭിമാനം കാണിക്കാൻ, അത് ജനങ്ങളിൽ കുത്തിവെക്കാൻ തിയേറ്ററിൽ ദേശീയ ഗാനം കേൾപ്പിക്കുകയും സിനിമക്കു മുമ്പ് ജനത്തെ എഴുന്നേൽപിക്കുകയും ചെയ്തേ മതിയാകൂ എന്നു പറഞ്ഞ, അതിദേശീയ വാദത്തിന്റെ വിധി, സമഗ്രാധിപത്യത്തിന്റെ ഭീകരതയെ വെളിവാക്കുന്നു എന്നെല്ലാം ദമാമിലെ ഒരു പൊതു സെമിനാറിൽ വെച്ച് ഘോരഘോരം പ്രസംഗിച്ചതിന്റെ പിറ്റേന്ന് റിയാദിൽ പോയി സമാനമായൊരു പശ്ചാത്തലത്തിൽ നാളെ നിങ്ങളവിടെ എഴുന്നേറ്റ് നിൽക്കുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറു ചോദ്യം. മതമായാലും രാഷ്ട്രീയമായാലും വ്യക്തിപരമോ സാമൂഹ്യമോ ആയ എന്ത് തന്നെ ആയാലും പ്രാവർത്തികമാക്കുന്നതേ പ്രസംഗിക്കാവൂ എന്ന തിയറി യുണ്ടായിരുന്നു അദ്ദേഹത്തിന്. ഇന്ത്യൻ ജനാധിപത്യത്തെ, മഹത്തായ മതേതരത്വത്തെ കൊന്നു തിന്നുന്ന ഫാസിസത്തിനെതിരെ കടുത്ത കലഹവുമായി കെ.എം.സി.സി എന്ന നാലക്ഷരത്തെ നെഞ്ചേറ്റി ജീവിച്ചു പോയൊരു മനുഷ്യൻ. പ്രവാസ ലോകത്തെ സംശുദ്ധ പൊതു ജീവിതത്തിന്റെ പ്രതീകമായി മണൽപാതകളിലൂടെ നാലു പതിറ്റാണ്ടോളം ഹരിത പ്രസ്ഥാനത്തെ നയിച്ച അദ്ദേഹത്തിന്റെ കർമ്മപഥം പുതുതലമുറയ്ക്ക് ആവേശം പകരുന്നതായിരുന്നു. തന്റെ തട്ടകമായിരുന്ന ദമാമിൽ വെച്ച് കഴിഞ്ഞ വർഷം ഇതുപോലൊരു ജനുവരിയുടെ മഞ്ഞുകാലത്ത് മരണത്തണുപ്പിലേക്ക് ഊർന്നിറങ്ങിപ്പോയ സി. ഹാഷിം എൻജിനീയർ എന്ന കർമ്മ യോഗി കിഴക്കൻ പ്രവിശ്യയുടെ പൊതു മണ്ഡലത്തിൽ ഉണ്ടാക്കിയ ശൂന്യത ഇപ്പോഴും നികത്തനായിട്ടില്ല.
തലശ്ശേരിയിലെ എടക്കാട്ട് പരേതനായ ചിറയിൽ പൊന്മാണിച്ചി മൊയ്തീൻ കുട്ടിഹാജിയുടെയും പുതിയാണ്ടി കുഞ്ഞലീമയുടെയും മകനായി 1959 ലാണ് ഹാഷിം എൻജിനീയറുടെ ജനനം. നന്നേ ചെറുപ്പത്തിലെ പിതാവിൽനിന്ന് പകർന്നു കിട്ടിയ പൊതുബോധം മുസ്ലിം ലീഗ് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പിച്ചവെച്ചു. അതിലൂടെ നേതൃപാടവത്തിലേക്കുള്ള വാതിൽ തുറന്നു കിട്ടി.
ബിരുദ പഠനത്തിന് ശേഷം ജോലിയാവശ്യാർത്ഥം പൂനെയിൽ എത്തിയ അദ്ദേഹം തന്റെ ആദ്യ പ്രവാസത്തിലും ലീഗ് രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് അവിടെയും പൊതു രംഗത്ത് സജീവമായി. തുടർന്ന് 1980 ൽ സൗദി അറേബ്യയിലെത്തി. ദമാമിലെ ഒരു സ്വകാര്യ കമ്പനിയിൽ ഉയർന്ന ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ജീവിത യാത്ര ഏതു വഴിക്കാണ് തിരിച്ചുവിടേണ്ടത് എന്ന സാങ്കേതികവും ഭാവനാപരവുമായ പ്രതിസന്ധി ആദ്യ പ്രവാസത്തിൽ ആരെയും ചൂഴ്ന്നു നിൽക്കുന്ന ചോദ്യമാണ്. മൂല്യങ്ങളുടെയും ത്യാഗ സന്നദ്ധതകളുടെയും ആകാശച്ചെരുവിലേക്ക് പറക്കണോ, ഇടുങ്ങിയ ദുർഗന്ധം ചുരത്തുന്ന വഴിയിലൂടെ സമ്പാദ്യങ്ങളുടെ ഭാണ്ഡവും പ്രശസ്തിയുടെ വർണ വെളിച്ചവും നേടിയെടുക്കണോ? എന്നാൽ, സഹജീവിയോട്, കാലത്തോട്, വേദനകളോട് പുറംതിരിഞ്ഞു നടക്കുന്ന അരാഷ്ട്രീയ ജീവിതം, അശ്ലീലമായ ഒരിറച്ചിക്കൂടു മാത്രമായി ഒതുങ്ങിപ്പോവുമെന്നും ഇടുങ്ങിയ ഭിത്തികളുള്ള സുഖശീതളിമയിൽനിന്ന് താൽപര്യങ്ങളുടെ അതിരുകൾ ലംഘിക്കാനുള്ള ഏതൊരു സടകുടയലും ശ്ലാഘിക്കപ്പെടേണ്ടതു തന്നെയാണ് എന്നും ഹാഷിം എഞ്ചിനീയർ എന്ന മനുഷ്യ സ്നേഹിക്ക് ആരും ഓതിക്കൊടുക്കേണ്ടിയിരുന്നില്ല.
കുടിയേറ്റ ഭൂമികയിൽ പൊതു സംഘാടനം കേട്ട് കേൾവിയില്ലാത്ത കാലത്ത് അത്രയൊന്നും മാതൃകകളില്ലാത്ത ഒരിടത്ത്, ഒരു മാതൃകയും മഹാ നേതൃത്വവുമായി ഒരു മനുഷ്യൻ പരിണമിക്കകയായിരുന്നു. അങ്ങനെ 1981 സെപ്തംബറിൽ ദമാം കേന്ദ്രീകരിച്ച് ചന്ദ്രിക റീഡേഴ്സ് ഫോറം എന്ന കൂട്ടായ്മക്ക് അദ്ദേഹം ബീജാവാപം നൽകി. ദമാമിനു പിറകെ പ്രാന്തപ്രദേശങ്ങളായ റഹീമ, സൈഹാത്ത്, അൽ ഹസ എന്നീ മേഖലകളിൽ അക്കാലത്ത് തന്നെ അതിനു യൂണിറ്റുകൾ ഉണ്ടായി.
ഈ കാലഘട്ടത്തിലാണ് കേരള മുസ്ലിം കൾച്ചറൽ സെന്റർ അഥവാ കെ.എം.സി.സി എന്ന പേരിൽ ഗൾഫ് രാജ്യങ്ങളിൽ മുസ്ലിം ലീഗ് രാഷ്ട്രീയം വേരുറപ്പിക്കുന്നത്. ഹരിത രാഷ്ട്രീയത്തിന്റെ പോഷക സംഘടന എന്നതിലുപരി നാട്ടിലെയും മറുനാട്ടിലെയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങ് പകരുക എന്നതായിരുന്നു അതിന്റെ പരമമായ ലക്ഷ്യം.
അങ്ങനെ 1986 ജൂലൈ മാസം ചന്ദ്രിക റീഡേഴ്സ് ഫോറം പേരിലും പ്രവർത്തനത്തിലും കെ.എം.സി.സിയായി അടിമുടി മാറി ദമാം സെൻട്രൽ കമ്മിറ്റി നിലവിൽ വന്നു. കാൽ നൂറ്റാണ്ട് കാലത്തോളം അതിന്റെ എതിരില്ലാത്ത പ്രസിഡണ്ട് പദത്തിലിരുന്ന് അദ്ദേഹം പ്രസ്ഥാനത്തെ നയിച്ചു. കിഴക്കൻ പ്രവിശ്യയിൽ ചിതറിക്കിടക്കുകയായിരുന്ന ഒരു ഡസനോളം പ്രദേശങ്ങളിൽ അദ്ദേഹത്തിന്റെ ചടുലമായ നേതൃനിര കെ.എം.സി.സിയെ വലിയൊരു ശക്തിയായി ഉയർത്തിക്കൊണ്ടു വന്നു. പിന്നീട് അതിനെ ഏകീകരിക്കുന്നതിന്റെയും പ്രവർത്തനങ്ങൾ സക്രിയമായി ഏകോപിപ്പിക്കുന്നതിന്റെയും ഭാഗമായി 1990 ഒക്ടോബറിൽ ഈസ്റ്റേൺ പ്രോവിൻസ് കെ.എം.സി.സി ഉടലെടുത്തു. അങ്ങനെയാണ് പന്ത്രണ്ടോളം സെൻട്രൽ കമ്മറ്റികളെയും എട്ടോളം ജില്ലാ കമ്മിറ്റികളെയും ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ശ്രമകരമായ ദൗത്യം പൂർത്തീകരിച്ചുകൊണ്ട് വലിയൊരു തേരാളിയായി സി. ഹാഷിം ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധാ കേന്ദ്രമായി മാറുന്നത്.
പ്രവാസി സുരക്ഷാ സ്കീം ഉൾപ്പെടെ ബഹുജന സ്വീകാര്യതയിൽ വഴിത്തിരിവ് സൃഷ്ടിച്ച നാഷണൽ കമ്മിറ്റിയിലെ ട്രഷറർ പദത്തിലുള്ള പത്തു വർഷമാണ് അക്ഷരാർത്ഥത്തിൽ സൗദി കെ. എം.സി.സിയെ ഇത്ര മേൽ ബഹുസ്വരമാക്കിയത്. നിലപാട് തറയിൽനിന്ന് അണുമണിത്തൂക്കം വിട്ടുകൊടുക്കാതെ ഹരിത രാഷ്ട്രീയത്തിനായി പൊരുതുമ്പോഴും ഹാഷിം എഞ്ചിനീയറിലെ പൊതു ബോധം വിട്ടുവീഴ്ചയുടേതായിരുന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായിരുന്നു പൊതു ഇടത്തിലെ വിശാല ഹൃദയം. വർഷങ്ങൾക്കപ്പുറം ബി.ജെ.പി-മാർക്സിസ്റ്റ് കൊലപാതക രാഷ്ട്രീയം ഉത്തര ദേശത്തെ ഉറക്കം കെടുത്തിയ സമയത്ത് നാട്ടിലെ സർവകക്ഷി സമാധാന യോഗത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ദമാമിൽ നടന്ന പൊതു സംഗമത്തിൽ ഹാഷിം എഞ്ചിനീയർ നടത്തിയ സുപ്രസിദ്ധമായൊരു പ്രസംഗമുണ്ട്. അതിങ്ങനെ വായിക്കാം. കൊല്ലടാ എന്നൊക്കെ വിളിച്ച് പറയാൻ എളുപ്പമാണ്, ഒരാളുടെ കഴുത്തിൽ ആഞ്ഞു വെട്ടാൻ അതിലും എളുപ്പമാണ്.
നിങ്ങൾ ഒരിക്കലെങ്കിലും രക്തസാക്ഷികളുടേയും ബലിദാനികളുടെയും വീടുകളിലേക്ക് നോക്കിയിട്ടുണ്ടോ? പലഹാരപ്പൊതിയുമായി ബാപ്പ വരുന്നത് നോക്കിയിരുന്ന കൊല്ലപ്പെട്ടവരുടെ മക്കളെ കുറിച്ച് ചിന്തിച്ചുണ്ടോ? പാതിയിൽ മുറിഞ്ഞ ചുംബനം മുഴുമിപ്പിക്കാൻ കാത്തിരുന്ന കൊല്ലപ്പെട്ടവന്റെ പ്രണയപാതിയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഉണ്ടാവില്ല, ചിന്തിച്ചിരുന്നുവെങ്കിൽ നിങ്ങൾ ആരും വീണ്ടും വീണ്ടും ആയുധം എടുക്കില്ലായിരുന്നു. കാവി പുതച്ചാലും ചെങ്കൊടി പുതച്ചാലും മരണത്തിന് തണുപ്പാണ്. എല്ലാ ഓർമകൾക്കും ഒരാണ്ട് പൂർത്തിയാവുകയാണ്.2018 ജനുവരി മൂന്നിന് 59 ാമത്തെ വയസ്സിൽ ആ കർമയോഗി ഹരിത പതാകയും പുതച്ചു യാത്രയായപ്പോൾ അനാഥമായത് ഒരു കുടുംബം മാത്രമല്ല, പ്രവാസ ലോകത്തെ വലിയൊരു പ്രസ്ഥാനം കൂടിയാണ്. രോഗങ്ങളും പ്രതിസന്ധികളും പലകുറി തോറ്റുപോയൊരു കരുത്താണ് ഇനിയുമൊരു സമരത്തിനില്ലാതെ മറഞ്ഞു പോയത്.
മരണം ഇരുളായി കണ്ണിലേക്കു പടർന്ന പല സന്ദർഭങ്ങളിലും അതിൽ നിന്നു കുതറിത്തെറിച്ച് ഫാസിസത്തിനെതിരെ ചാട്ടുളി പോലെ വേദികളിൽ നിന്ന് വേദികളിലേക്ക് പകർന്നാടിയ പ്രിയ നേതാവിന്റെ ആഹ്വാനം അതിന്റെ സമസ്താർഥത്തിലും സാക്ഷാൽക്കരിച്ചാണ് 'ഫാസിസ്റ്റ് മുക്ത ഭാരതം സാധ്യതകളും പ്രതിബന്ധങ്ങളും' എന്ന പ്രമേയത്തിൽ കെ. എം.സി.സിയുടെ അനുസ്മരണ സമ്മേളനത്തിന് ഇന്ന് അൽകോബാർ വേദിയാകുന്നത്.






