ജി.എസ്.ടിക്കുമേല്‍ ഒരു ശതമാനം പ്രളയ സെസ് ചുമത്താന്‍ അനുമതി

ന്യൂദല്‍ഹി- പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ജി.എസ്.ടിക്കുമേല്‍ ഒരു ശതമാനം സെസ് ഏര്‍പ്പെടുത്താന്‍ ജി.എസ്.ടി കൗണ്‍സിലിന്റെ അനുമതി. രണ്ടു വര്‍ഷത്തേക്ക് ഒരു ശതമാനം വരെ സെസ് ചുമത്താം. ജി.എസ്.ടി റജിസ്‌ട്രേഷന്‍ പരിധി 20 ല്‍ നിന്ന് 40 ലക്ഷമായി ഉയര്‍ത്താനും ജി.എസ്.ടി യോഗത്തില്‍ തീരുമാനമായി. ലോട്ടറിക്ക് 28 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്താനുള്ള നീക്കം കേരളത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെച്ചു.

കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി ജി.എസ്.ടിക്ക് മേല്‍  സെസ് ഏര്‍പ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യമാണ്  കൗണ്‍സില്‍ അംഗീകരിച്ചത്. ഏതൊക്കെ സേവനങ്ങള്‍ക്കും ഉല്‍പന്നങ്ങള്‍ക്കും നികുതി ചുമത്തുമെന്ന് കേരള ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. പ്രതി വര്‍ഷം 500 കോടി  രൂപയാണ് സെസിലൂടെ പ്രതീക്ഷിക്കുന്നത്.
ജി.എസ്.ടി രജിസ്‌ട്രേഷനുള്ള വാര്‍ഷിക വിറ്റുവരവ്  പരിധി  20 ലക്ഷം  എന്നത് 40 ലക്ഷമാക്കി ഉയര്‍ത്തി. പക്ഷെ ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അന്തിമ തീരുമാനമെടുക്കാം. ഒന്നര കോടി രൂപ വരെ വിറ്റു വരവുള്ള സ്ഥാപനങ്ങളുടെ നികുതി റിട്ടേണ്‍ വര്‍ഷത്തില്‍ ഒരിക്കല്‍  സമര്‍പ്പിച്ചാല്‍ മതി.

 

Latest News