ഹിന്ദി അടിച്ചേല്‍പ്പിക്കാനുളള കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം

ന്യൂദല്‍ഹി- പുതിയ വിദ്യാഭ്യാസ കരടു നയരേഖ പുറത്തു വന്നതിനു പിറകെ വിവാദങ്ങളും. എട്ടാം ക്ലാസ് വരെ ഹിന്ദി നിര്‍ബന്ധമാക്കണമെന്ന ശുപാര്‍ശയാണ് വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരിക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ശുപാര്‍ശക്കെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ബി.ജെ.പി അതിന്റെ ആധിപത്യം നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്നാണ് ഡി.എം.കെ നേതൃത്വം പ്രതികരിച്ചത്. 'ഗവണ്‍മെന്റ് നടപ്പാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ഞങ്ങള്‍ എതിര്‍ക്കും. മൂന്ന് ഭാഷ പഠിപ്പിക്കണമെന്ന ശുപാര്‍ശ പ്രായോഗികമല്ല. ഞങ്ങളുടെ മാതൃഭാഷ അല്ലാത്തതൊക്കെ ഞങ്ങള്‍ക്ക് അന്യഭാഷ ആണ്,' പാര്‍ട്ടി വക്താവ് എ ശരവണന്‍ പറഞ്ഞു. കൂടുതല്‍ പേര്‍ ഹിന്ദി സംസാരിക്കുന്നു എന്നതിന് മറ്റുളളവര്‍ അത് പഠിച്ചു കൊളളണമെന്നോ സംസാരിക്കണമെന്നോ അര്‍ത്ഥമില്ലെന്നും ശരവണന്‍ പറഞ്ഞു. 

തെലുങ്കു ദേശം പാര്‍ട്ടിയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 'അടിച്ചേല്‍പ്പിക്കുക എന്നത് നല്ല സമൂഹത്തിന് ചേര്‍ന്നതല്ല. പ്രാദേശിക ഭാഷകള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. അല്ലെങ്കില്‍ കുട്ടികള്‍ക്ക് വിഷയങ്ങള്‍ മനസ്സിലാവില്ല,' പാര്‍ട്ടി നേതാവ് ലങ്ക ദിനകര്‍ പറഞ്ഞു. 

മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും സമാനമായ അഭിപ്രായം പങ്കു വെച്ചു. 'ബി.ജെ.പി എപ്പോഴും ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍ എന്നിവ പ്രചരിപ്പിക്കുന്നു. പക്ഷെ, ഞങ്ങളതിനെ എതിര്‍ക്കും. ഹിന്ദി നിര്‍ബന്ധമാക്കരുത്. എല്ലാ പ്രാദേശിക ഭാഷകള്‍ക്കും പ്രാധാന്യം നല്‍കണം. ഹിന്ദിക്ക് പ്രത്യേക പദവി നല്‍കുന്നത് അംഗീകരിക്കാനാവില്ല,' പാര്‍ട്ടി നേതാവ് സന്ദീപ് ദേഷ്പാണ്ഡെ പറഞ്ഞു. 

അതിനിടെ, മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ വിശദീകരണവുമായി രംഗത്തെത്തി. പുതിയ വിദ്യാഭ്യാസ കരടു നയരേഖയെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നാണ് മന്ത്രി പറഞ്ഞത്. 'കരടു നയരേഖ ഒരു ഭാഷയും നിര്‍ബന്ധമാക്കുന്നില്ല,' മന്ത്രി ട്വീറ്റ് ചെയ്തു.

ഇന്ത്യയിലുടനീളം സ്‌കൂളുകളില്‍ എട്ടാം ക്ലാസ് വരെ ഹിന്ദി ഭാഷാ നിര്‍ബന്ധ പാഠ്യവിഷയമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കരടു നയരേഖ യില്‍ പറയുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ വിദ്യാഭ്യാസ നയം സംബന്ധിച്ച് പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കെ കസ്തൂരിരംഗന്‍ കമ്മിറ്റിയുടേതാണ് ഈ ശുപാര്‍ശ. ഇതു കൂടാതെ സയന്‍സ്, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്കും രാജ്യത്തുടനീളം ഏകീകൃത സിലബസ് വേണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. കമ്മിറ്റി റിപോര്‍ട്ട് താമസിയാതെ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കും. ഗോത്ര ഭാഷകള്‍ക്ക് ദേവനാഗ്‌രി ലിപി വികസിപ്പിക്കണമെന്നും സുപ്രധാന ശുപാര്‍ശകളിലുണ്ട്. 

ഒമ്പതംഗ കമ്മിറ്റിയാണ് കരട് നയരേഖ തയാറാക്കിയത്. സ്‌കൂളുകളില്‍ ഇന്ത്യാ കേന്ദ്രീകൃത, ശാസ്ത്രീയ പഠന സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിനാണ് പുതിയ നയം രൂപീകരിക്കുന്നത്. കമ്മിറ്റി തയാറാക്കിയ കരട് രേഖ മാനവശേഷി മന്ത്രാലയത്തിന് കഴിഞ്ഞ മാസം കൈമാറിയിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞാലുടന്‍ റിപോര്‍ട്ട് ഔദ്യോഗികമായി കൈമാറും. ഇതിനു ശേഷമെ റിപ്പോര്‍ട്ട് പൊതുജനങ്ങളില്‍ നിന്ന് നിര്‍ദേശം തേടുന്നതിന് പരസ്യപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകൂ.

റോമന്‍ അക്ഷരങ്ങള്‍ ഉപയോഗിക്കുന്ന ഗോത്ര ഭാഷകള്‍ക്ക് ദേവനാഗ്‌രി ലിപി വികസിപ്പിക്കുമെന്നും ഈ രേഖ പറയുന്നു. മിഷനറിമാരുടെ സ്വാധീനം കാരണമാണ് ഈ ഭാഷകര്‍ക്ക് റോമന്‍ ലിപി ലഭിച്ചത്. ഇതു മാറ്റി ഇന്ത്യന്‍ ലിപി നല്‍കാനാണു കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നത്.

Latest News