ചെലവു ചുരുക്കാന്‍ എയര്‍ ഇന്ത്യ വഴി കണ്ടെത്തി; മടക്കയാത്രക്കുള്ള ഭക്ഷണം ഇന്ത്യയില്‍നിന്ന്

ന്യൂദല്‍ഹി- എയര്‍ ഇന്ത്യ വിമാനങ്ങളില്‍ മടക്ക യാത്രയില്‍ നല്‍കുന്നതിനുള്ള ഭക്ഷണം ഇന്ത്യയില്‍നിന്ന് കൊണ്ടുപോയി തുടങ്ങിയതായി ചെയര്‍മാനും എം.ഡിയുമായ പ്രദീപ് സിംഗ് ഖറോള അറിയിച്ചു. അന്താരാഷ്ട്ര വിമാനങ്ങളിലെ കാറ്ററിംഗ് ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്. നഷ്ടക്കണക്ക് കൂടുന്ന എയര്‍ ഇന്ത്യ സ്‌റ്റോക്ക് ഹോം, കോപെന്‍ഹേഗന്‍, ബിര്‍മിംഗ്ഹാം, മഡ്രീഡ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലാണ് ഇപ്പോള്‍ മടക്ക യാത്രയില്‍ വിതരണം ചെയ്യാനുള്ള ഭക്ഷണം കൊണ്ടുപോകുന്നത്. ഇന്ത്യന്‍ നഗരങ്ങളില്‍നിന്ന് വാങ്ങുന്നതിനെ അപേക്ഷിച്ച് ഈ നഗരങ്ങളില്‍ വില വളരെ കൂടുതലാണെന്ന് എയര്‍ ഇന്ത്യ പറയുന്നു. ഏതാനും മാസങ്ങള്‍ക്കകം ഗള്‍ഫിലേക്കുള്ള വിമാനങ്ങളിലും മടക്കയാത്രക്കുള്ള ഭക്ഷണം കൊണ്ടുപോകും.

ഇന്ത്യയില്‍നിന്ന് വാങ്ങുന്ന ഭക്ഷണങ്ങള്‍ ഫ്രീസറില്‍ സൂക്ഷിച്ച് ആവശ്യം വരുമ്പോള്‍ ചൂടാക്കുകയാണ് ചെയ്യുക. 600 കോടി മുതല്‍ 800 കോടി വരെയാണ് ഒരു വര്‍ഷം എയര്‍ ഇന്ത്യയുടെ കാറ്ററിംഗ് ചെലവ്. വിദേശ നഗരങ്ങളില്‍ മൂന്നും നാലും ഇരട്ടിയാണ് വില നല്‍കേണ്ടിവരുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. ചെലവു കുറയുന്നതിനു പുറമെ, വിദേശ ഭക്ഷണത്തേക്കളുപരി ഇന്ത്യന്‍ ഭക്ഷണത്തിന്റെ രുചിയെന്ന നേട്ടമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ചെലവു കുറക്കുന്നതിന്റെ ഭാഗമായി എയര്‍ ഇന്ത്യ ആഭ്യന്തര വിമാനങ്ങളിലെ ഇക്കണോമി ക്ലാസില്‍ ഇപ്പോള്‍ നോണ്‍ വെജ് ഭക്ഷണം നല്‍കുന്നില്ല.

 

Latest News