Sorry, you need to enable JavaScript to visit this website.

ചെറുകിട സ്ഥാപനങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കും സര്‍ക്കാര്‍ ഫീസുകള്‍ തിരിച്ചുകിട്ടിയേക്കും

റിയാദ് - വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ സർക്കാർ ഫീസ് ഇനത്തിൽ അടച്ച തുക തിരിച്ചുനൽകുന്നതിനെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി പഠിക്കുന്നു. കമ്പനികൾക്ക് സർക്കാർ ഫീസുകൾ തിരിച്ചുനൽകുന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. ഇത് ചെറിയ സ്ഥാപനങ്ങൾക്കുകൂടി ലഭ്യമാക്കുന്നതിനെ കുറിച്ചാണ് അതോറിറ്റി പഠിക്കുന്നത്. 


സർക്കാർ ഫീസ് ഇനത്തിൽ അടച്ച തുക സ്വകാര്യ കമ്പനികൾക്ക് തിരിച്ചുനൽകുന്ന പദ്ധതി കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്. പ്രതിവർഷ വരുമാനം 20 കോടി റിയാലിൽ കവിയാത്ത പുതിയ കമ്പനികൾക്കാണ് സർക്കാർ ഫീസ് ഇനത്തിൽ അടച്ച തുക വ്യവസ്ഥകൾക്കും മാനദണ്ഡങ്ങൾക്കും വിധേയമായി തിരിച്ചുനൽകുന്നത്.

 വിദേശികൾക്കുള്ള ലെവി ഇനത്തിൽ അടച്ച തുകയുടെ 80 ശതമാനമാണ് കമ്പനികൾക്ക് തിരിച്ചുനൽകുന്നത്. കൂടാതെ സ്ഥാപന കരാർ പ്രസിദ്ധീകരിക്കുന്നതിനുള്ള ഫീസ്, ചേംബർ ഓഫ് കൊമേഴ്‌സ് രജിസ്‌ട്രേഷൻ ഫീസ്, രജിസ്‌ട്രേഷൻ പുതുക്കൽ ഫീസ്, നഗരസഭാ ലൈസൻസ് ഫീസ്, സൗദി പോസ്റ്റിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫീസ്, ഒരു ട്രേഡ് മാർക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫീസ്, കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ ഫീസ്, കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ പുതുക്കൽ ഫീസ്, പ്രവർത്തന ലൈസൻസ് ഫീസ്, എസ്റ്റാബ്ലിഷ്‌മെന്റിൽനിന്ന് കമ്പനിയാക്കി മാറ്റുന്നതിനുള്ള ഫീസ് എന്നീ ഇനത്തിൽ അടച്ച ഫീസുകളും തിരിച്ചുനൽകും. ചില്ലറ വ്യാപാര, കോൺട്രാക്ടിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കു കീഴിൽ ജോലി ചെയ്യുന്ന, പരമാവധി ഇരുപതു ജീവനക്കാരുടെ ലെവി ഇനത്തിലുള്ള ഫീസിന്റെ 80 ശതമാനമാണ് തിരിച്ചുനൽകുക. 

Latest News