Sorry, you need to enable JavaScript to visit this website.

മുജാഹിദ് ഐക്യം ശിഥിലമായി; ജിദ്ദയില്‍ ഇരു സെന്ററുകള്‍ക്കും കമ്മിറ്റികള്‍

ജിദ്ദ- ദീര്‍ഘകാലത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ നാട്ടിലേതുപോലെ സൗദിയിലും രൂപപ്പെട്ട മുജാഹിദ് ഐക്യം ശിഥിലമായി. സൗദിയിലെ ഇസ്‌ലാഹി സെന്ററുകള്‍ ഒട്ടുമിക്കയിടത്തും ഇപ്പോള്‍ വേറിട്ട പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മുജാഹിദ് ഐക്യത്തെത്തുടര്‍ന്ന് ജിദ്ദയിലെ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററുകള്‍ യോജിച്ചു പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും ഇത് അധിക കാലം നീണ്ടുനിന്നല്ല. മദീന റോഡ് ആസ്ഥാനമായുള്ള ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് പുതിയ കമ്മിറ്റി കൂടി നിലവില്‍ വന്നതോടെ ഐക്യത്തിനു മുമ്പുണ്ടായിരുന്നതു പോലെയായായി ഇരു സെന്ററുകളും.
മുജാഹിദ് ഐക്യത്തിനു ശേഷം ഇരു സെന്ററുകളും ചേര്‍ന്ന് സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ 2017ല്‍ ഷറഫിയയില്‍ ഒരു സംയുക്ത സമ്മേളനം നടത്തിയതൊഴിച്ചാല്‍ കൂട്ടായുള്ള പ്രവര്‍ത്തനങ്ങളൊന്നും പിന്നീട് കാര്യമായുണ്ടായില്ല. സെന്ററുകള്‍ക്കിടയിലെ അനൈക്യം ജിദ്ദയില്‍ മാത്രമല്ല, സൗദിയുടെ മറ്റു ഭാഗങ്ങളിലും പ്രകടമാണ്. ദേശീയ തലത്തിലും ഇപ്പോള്‍ ഇരു വിഭാഗത്തിനും പ്രത്യേക കമ്മിറ്റികളുണ്ട്. മര്‍കസുദ്ദഅ്‌വക്കു കീഴില്‍ ഷറഫിയ ആസ്ഥാനമായുള്ള സെന്ററിന്റെ കമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നേരത്തെ നടന്നിരുന്നു.
2002 ല്‍ സംഘടനയിലുണ്ടായ ഭിന്നിപ്പിന് ശേഷം ഒന്നര പതിറ്റാണ്ടോളം രണ്ടായി പ്രവര്‍ത്തിച്ചിരുന്ന പ്രസ്ഥാനങ്ങള്‍ 2016ല്‍ വീണ്ടും ഐക്യപ്പെടുകയായിരുന്നു. ഇതിനിടയില്‍ ഐക്യത്തിനായുള്ള ശ്രമങ്ങള്‍ പല കോണുകളില്‍ നിന്നും ഉണ്ടായിരുന്നെങ്കിലും ഒരു വര്‍ഷത്തോളമെടുത്ത് ഇരു വിഭാഗവും നടത്തിയ ആദര്‍ശ ചര്‍ച്ചകളാണ് ഒടുവില്‍ ഐക്യം സാധ്യമാക്കിയത്. മാതൃസംഘടനയുടെ ഐക്യപ്പെടല്‍ കേരളത്തിലെന്ന പോലെ ജിദ്ദയിലെയും പ്രവര്‍ത്തകരിലുണ്ടാക്കിയ ആവേശം ചെറുതായിരുന്നില്ല. ഐക്യ സമ്മേളനങ്ങളും പൊതു പരിപാടികളും ഒന്നിച്ചു സംഘടിപ്പിച്ച് ജിദ്ദയിലെ ഇരു ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തകരും തങ്ങള്‍ ഐക്യത്തിനൊപ്പം തന്നെയാണെന്ന് ഉറക്കെപ്പറഞ്ഞിരുന്നു. എന്നാല്‍ അനൈക്യത്തിന് വിത്തു പാകി മാതൃ സംഘടനയില്‍ നിന്ന് വേറിട്ട് പോയ ഭിന്നിപ്പുകാര്‍ക്ക് പിന്തുണ നല്‍കി ജിദ്ദയിലും ഒരു കൂട്ടം പ്രവര്‍ത്തകര്‍ രംഗത്ത് വന്നപ്പോള്‍ അത് ഐക്യത്തെ നെഞ്ചിലേറ്റിയ ഇസ്‌ലാഹി ജനതയുടെ നെഞ്ചിലെ നോവായി. നാട്ടിലെന്നപോലെ ഇവിടെയും ആദര്‍ശത്തിലൂന്നിയ ഐക്യം കാത്ത് സൂക്ഷിക്കാന്‍ ഏതു തരത്തിലുള്ള വിട്ടുവീഴ്ചകള്‍ക്കും ജിദ്ദയിലെ പ്രവര്‍ത്തകര്‍ തയാറാണെന്നറിയിച്ചിട്ടും ഐക്യത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് ജിദ്ദയിലെ ഒരു വിഭാഗം സ്വീകരിച്ചതെന്ന് മദീനാ റോഡ്  ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ പുതിയ നേതൃത്വം പറഞ്ഞു.  ഐക്യശ്രമത്തിനായുള്ള എല്ലാ വാതിലുകളും ഇനിയും തുറന്നിട്ടിരിക്കുകയാണ്. ഇസ്‌ലാഹി പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന, സഹായിക്കുന്ന ജിദ്ദയിലെ പൗര പ്രമുഖരായ ആളുകള്‍ ഐക്യത്തിന്റെ പുനഃസ്ഥാപനത്തിനായി രംഗത്ത് വന്നാല്‍ അതിനു സര്‍വ പിന്തുണയും നല്‍കുമെന്നും അവര്‍ അറിയിച്ചു.

ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്  പുതിയ ഭാരവാഹികള്‍

ജിദ്ദ- മൂന്നര പതിറ്റാണ്ടായി ജിദ്ദയുടെ മത സാമൂഹിക സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ (മദീന റോഡ്) 2019-2020 കാലയളവിലേക്കുള്ള പുതിയ നേതൃത്വം നിലവില്‍ വന്നു. അബ്ബാസ് ചെമ്പന്‍ പ്രസിഡന്റായും ശിഹാബ് സലഫി എടക്കരയെ ജനറല്‍ സെക്രട്ടറിയായും ശരീഫ് ബാവ തിരൂരിനെ ട്രഷററായും തെരഞ്ഞെടുത്തു. 
ഹസ്സന്‍ സിദ്ദീഖ് ബാബു (നഹ്ദി) കൊട്ടപ്പുറം, ഷാജഹാന്‍ എളങ്കൂര്‍ (വൈസ് പ്രസിഡന്റ്), മുസ്തഫ ദേവര്‍ശോല, മുഹമ്മദ് അമീന്‍ പരപ്പനങ്ങാടി (സെക്രട്ടറി), അബ്ദുല്‍ ഹമീദ് പന്തല്ലൂര്‍, അബ്ദുല്‍ അസീസ് സലാഹി മങ്കട, നൂരിഷാ വള്ളിക്കുന്ന് (ഉപദേശക സമിതി അംഗങ്ങള്‍), സുബൈര്‍ ചെറുകോട്, യഹ്‌യ കോഴിക്കോട്, സുബൈര്‍ എടവണ്ണ, അബ്ദുല്‍ ജബ്ബാര്‍ വലിയാട്ട്, മുഹമ്മദ് അഷ്‌റഫ് ആനക്കയം, മുഹമ്മദ്കുട്ടി നാട്ടുകല്‍, അഷ്‌റഫ് കെ.എം കോഴിക്കോട്, അബ്ദുല്‍ ഹമീദ് ഏലംകുളം, നൗഫല്‍ കരുവാരകുണ്ട്, ഉസാമ മുഹമ്മദ് ഇളയൂര്‍, സുബൈര്‍ പെരുമ്പാവൂര്‍, അഷ്‌റഫ് കേളോത്ത് വടകര, ഫജ്‌റുല്‍ ഹഖ് ടി.പി കുമ്മിണിപ്പറമ്പ്, ഷാഫി മജീദ് ആലപ്പുഴ, ശരീഫ് പി.കെ ദേവര്‍ശോല, നജീബ് കാരാട്ട്, ഹസനുല്‍ ബന്ന ഫറോക്ക്, സാലിഹ് ബറാമി, നൗഫല്‍ ബാബു ഒതായി, ഫിറോസ് കൊയിലാണ്ടി, മുഹ്‌യുദ്ദീന്‍ താപ്പി തിരൂരങ്ങാടി (പ്രവര്‍ത്തക സമിതി അംഗങ്ങള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ആദര്‍ശ രംഗത്തും സംഘടനാ തലത്തിലും കേരളാ നദ്‌വത്തുല്‍ മുജാഹിദീന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിച്ചു വരുന്ന ഇസ്‌ലാഹീ സെന്ററിന്റെ പുതിയ ഭരണ നേതൃത്വവും കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സമിതിയുടെ നാമ നിര്‍ദ്ദേശത്തോടെയാണ് നിലവില്‍ വന്നിട്ടുള്ളതെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

 

 

Latest News