തലശ്ശേരി- സി.പി.എം-ബി.ജെ.പി സംഘർഷത്തിന്റെ പേരിൽ നാട് കലാപ കലുഷിതമായ പാനൂരിനെ രക്ഷിക്കാൻ പോലീസ് രംഗത്ത്. കൊലപാതക രാഷട്രീയം കൊണ്ടും ഇടക്കിടെയുള്ള സംഘർഷം കൊണ്ടും പെൺകുട്ടികളെ പാനൂരിലേക്ക് കെട്ടിച്ചയക്കാൻ സമീപ പ്രദേശവാസികൾ പോലും ഭയപ്പെട്ടിരുന്ന അവസ്ഥയിലാണ് പോലീസ് ഇതിന് പരിഹരമായി മുന്നിട്ടിറങ്ങുന്നത്.
വിവാഹ പ്രായം കഴിഞ്ഞിട്ടും ഇവിടുത്തെ ആൺകുട്ടികൾക്ക് പെണ്ണു കിട്ടുന്നില്ല എന്നതാണ് പാനൂരിന്റെ യഥാർത്ഥ ചിത്രം. എന്നാൽ, വിധിയെ പഴിച്ച് ജീവിതം കളയാൻ അവരെ അനുവദിക്കില്ലെന്ന വാശിയിലാണ് പാനൂർ പോലീസ്. ഈ ചിന്താഗതി മാറ്റിയെടുക്കണം. വിവാഹ പ്രായം കഴിഞ്ഞ് 'പുര നിറഞ്ഞു നിൽക്കുന്ന' ആണുങ്ങളുടെ കണക്കെടുക്കലാണ് ആദ്യം പോലീസ് നടത്തുന്നത്. ഇതിന്റെ ആലോചനാ യോഗം കഴിഞ്ഞ മാസം അവസാനം നടന്നു.
പാനൂർ സ്റ്റേഷൻ പരിധിയിലെ സ്‌കൂളുകളിലെ നാഷണൽ സർവീസ് സ്‌കീം വോളന്റിയർമാരുടെ സഹായത്തോടെ ഇതിന്റെ കണക്ക് എടുക്കാൻ സർവേ നടത്തും.
പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഓരോ വീട്ടിലും ഒരു സർക്കാർ ജോലി എന്ന ലക്ഷ്യത്തോടെ യുവാക്കൾക്ക് പോലീസ് സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം കുറച്ചു നാൾ മുമ്പ് ഏർപ്പെടുത്തി ശ്രദ്ധനേടിയിരുന്നു. ഈ ക്ലാസിൽ നല്ലൊരു പങ്കും മുപ്പതു വയസ്സിനടുത്തെത്തിയവരും മുപ്പത് കഴിഞ്ഞവരുമാണ്. അവർ തന്നെയാണ് തങ്ങളുടെ വേദന പങ്കുവെച്ചത്. ഇക്കാര്യം കൊണ്ട് തന്നെയാണ് പല യുവാക്കളും ബോംബ് നിർമാണത്തിനും അക്രമ പദ്ധതികൾക്കും വേണ്ടി രാഷ്ടീയ പാർട്ടികൾക്ക് വേണ്ടി മുന്നിട്ടിറങ്ങുന്നതെന്നും പോലീസിന് ബോധ്യമായിരുന്നു.
പാനൂർ പോലീസ് സർക്കിൾ പരിധിയിലെ 9000 ത്തോളം വീടുകളിലും വിദ്യാർത്ഥികൾ സർവേ നടത്തും. ഇവിടെ 30 ശതമാനം യുവാക്കളും പ്രായം കഴിഞ്ഞും അവിവാഹിതരായി കഴിയുന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിവാഹം നടക്കില്ലെന്ന് ഇവർ സ്വയം തീരുമാനിച്ചുറപ്പിച്ചതു പോലെയാണ്. കുറച്ച് പേർ കർണാടയത്തിലെ കുടക് ജില്ലയിൽ നിന്നും മറ്റും കല്യാണം കഴിച്ചെങ്കിലും വലിയൊരു ശതമാനവും ക്രോണിക് ബാച്ചിലർമാരാണെന്ന് പോലീസ് പറയുന്നു. ഇത്തരക്കാർ വഴി മാറി അക്രമ പാതയിലേക്ക് വീണുപോകരുതെന്ന വാശിയിലാണ് പോലീസ്. പോലീസിന്റെ ലക്ഷ്യം സാധ്യമായാൽ അത് കാക്കിക്കുള്ളിലെ വലിയ മനസ്സിന്റെ ലക്ഷ്യ സാധൂകരണം കൂടിയാവും. പാനൂർ സി.ഐ വി.വി ബെന്നിയുെട നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇത്തരമൊരാശയത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.






