Sorry, you need to enable JavaScript to visit this website.

മോഡി ഗുജറാത്ത് ഭരിച്ചപ്പോള്‍ 22 വ്യാജ ഏറ്റുമുട്ടലുകള്‍; അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരും

ന്യൂദല്‍ഹി- നരേന്ദ്ര മോഡി മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തില്‍ ഗുജറാത്തില്‍ ഉണ്ടായ 22 വ്യാജ ഏറ്റുമുട്ടല്‍ കേസുകളെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട്  ഹരജിക്കാര്‍ക്ക് കൈമാറാന്‍ സുപ്രീം കോടതി ഉത്തരവ്. ഗുജറാത്ത് സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചാണ് ജസ്റ്റിസ് എച്ച.് എസ്.ബേദി അധ്യക്ഷനായ കമ്മീഷന്റെ  റിപ്പോര്‍ട്ട് ഹരജിക്കാര്‍ക്ക് കൈമാറാന്‍ സുപ്രീം കോടതി ഉത്തരവായത്. റിപ്പോര്‍ട്ടില്‍ ഗുജറാത്തിലെ ചില പ്രമുഖരുടെ പേര് പരാമര്‍ശിച്ചതായാണ് സൂചന.
നരേന്ദ്ര മോഡി മുഖ്യമന്ത്രി ആയിരുന്ന 2002 - 2006 കാലഘട്ടത്തില്‍ ഗുജറാത്തില്‍ ഉണ്ടായ 22 വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് 2007ലാണ്  മാധ്യമ പ്രവര്‍ത്തകനായിരുന്ന ബി.ജി വര്‍ഗീസും, ഗാന രചയിതാവ് ജാവേദ് അഖ്തറും സുപ്രീം കോടതിയെ സമീപിച്ചത്. സെഹ്‌റാബുദ്ദീന്‍ ഷെയ്ഖ്, തുളസി റാം പ്രജാപതി, ഇസ്രത് ജഹാന്‍ തുടങ്ങി 22 ഏറ്റുമുട്ടല്‍ കേസുകളുടെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ വിരമിച്ച ജസ്റ്റിസ് എച്ച്.എസ് ബേദിയുടെ അധ്യക്ഷതയിലുള്ള സമിതിയെ 2012 ല്‍ സുപ്രീം കോടതി ചുമതലപ്പെടുത്തി.  കഴിഞ്ഞ ഫെബ്രുവരിയിലാണ് സമിതി മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറിയത്.
സമിതിയുടെ റിപ്പോര്‍ട്ട്  കൈമാറണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഗുജറാത്ത് സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. സമിതിയിലെ എല്ലാ  അംഗങ്ങളുടെയും  അഭിപ്രായം തേടാതെ ആണ് ജസ്റ്റിസ് ബേദി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഈ ആക്ഷേപം തെറ്റാണെന്ന് ജസ്റ്റിസ് ബേദി സുപ്രീം കോടതിയെ അറിയിച്ചു.  തുടര്‍ന്നാണ്  അന്വേഷണ റിപ്പോര്‍ട്ട് എല്ലാ ഹരജിക്കാര്‍ക്കും കൈമാറാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എല്‍.നാഗേശ്വര്‍ റാവു, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചത്.  2002-2006 കാലഘട്ടത്തില്‍ ഗുജറാത്ത് സര്‍ക്കാരില്‍ ഭാഗമാ യിരുന്ന ചില പ്രമുഖരുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍  പരാമര്‍ശിച്ചതായാണ് സൂചന.

 

Latest News