പേരാമ്പ്രയിൽനിന്ന് സി.പി.എമ്മിന് പുതിയ പാഠം

ഇടശ്ശേരി ഗോവിന്ദൻ നായർ തന്റെ സ്‌നേഹനിധിയായ ബാല്യകാല സുഹൃത്തിനെ ഹൃദയം കൊണ്ട് പ്രശംസിക്കാനായി എഴുതിയ കവിതയുടെ പേരാണ് ഇസ്‌ലാമിന്റെ വൻമല. അങ്ങിനെയൊരു വാക്ക് ആധുനിക കാലത്തെ കേരള കമ്യൂണിസ്റ്റുകൾക്ക് ദഹിക്കുമോ ? മതത്തിന്റെ പേരിലുള്ളതിനെയെല്ലാം മനസ്സറിഞ്ഞ് വെറുക്കാൻ പഠിപ്പിക്കപ്പെട്ട കമ്യൂണിസ്റ്റ് യുവത്വം വല്ലാതെ വഴി തെറ്റിപ്പോകാൻ എളുപ്പമാണ്. പേരാമ്പ്ര പാർട്ടിക്ക് നൽകുന്ന പാഠം അതാകട്ടെ.  

സി.പി.എം ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന് വലിയ തോതിൽ ക്ഷീണമുണ്ടാക്കുന്നതായിപ്പോയി പേരാമ്പ്രയിലെ സംഭവം.
അവിടെ  മുസ്‌ലിം പള്ളിക്ക് നേരെയുണ്ടായ കല്ലേറിൽ പാർട്ടിയുടെ പ്രമുഖനായ യുവജന നേതാവ് പെട്ട് പോയത് പാർട്ടിയെ വല്ലാത്തൊരു പ്രതിസന്ധിയിലാണ് ചെന്നെത്തിച്ചിരിക്കുന്നത്.  മതന്യൂനപക്ഷ സംരക്ഷകരുടെ മുഖ്യറോളിൽ രാഷ്ട്രീയം പറയുകയും, ആ വഴിയിൽ അധ്വാന പരിശ്രമങ്ങൾ നടത്തുകയും ചെയ്യുന്ന പാർട്ടിയെ കാണെ, കാണെയാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി പണിമുക്ക് മാണിക്കോത്ത് അതുൽ ദാസ് എന്ന ചെറുപ്പക്കാരൻ വല്ലാത്തൊരു പതനത്തിൽ എത്തിച്ചു കളഞ്ഞത്.   
കമ്യൂണിസമല്ലാതെ തനിക്കൊരു മതമില്ലെന്നാണ് കേസിൽ ജാമ്യംകിട്ടി പുറത്തിറങ്ങുമ്പോഴും അതുൽ ദാസ് ആണയിടുന്നത്. അങ്ങിനെത്തന്നെയാകട്ടെ എന്നാശിക്കാനേ നമുക്ക് കഴിയൂ.  എന്ത് തരത്തിലുള്ള സാമൂഹ്യാന്തരീക്ഷമാണ് ഇവിടങ്ങളിലൊക്കെ നിലനിൽക്കുന്നതെന്ന് അതുലും സുഹൃത്തുക്കളും  മനസ്സിലാക്കിയില്ലെങ്കിലും അത് പഠിപ്പിച്ചു കൊടുക്കാൻ ആ യുവാവിന്റെ പാർട്ടിക്ക് സാധിക്കേണ്ടതായിരുന്നു. വർഗ്ഗബോധത്തിന് പകരം വർഗ്ഗീയതയാണോ കമ്യൂണിസ്റ്റ് യുവാക്കളിലും പടരുന്നതെന്ന് ഏറ്റവും ആദ്യം പരിശോധിക്കേണ്ടത് ആ പാർട്ടി തന്നെയാണ്.  അതിനൊന്നും കഴിയാത്ത പാർട്ടിയൊന്നുമല്ല അതുൽ ദാസിന്റെത്.
സി.പി.ഐയുടെ പ്രമുഖ നേതാവായിരുന്ന ഇന്ന് നമ്മോടൊപ്പമില്ലാത്ത പി.എസ് ശ്രീനിവാസന്റെ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നു. അതിങ്ങിനെയായിരുന്നു ; ഞാനൊക്കെ ഒന്നാന്തരം ക്രിമിനലാകേണ്ടയാളാണ്. എന്റെ പാർട്ടിയാണ് എന്നെയൊക്കെ  ഈ വിധം സമൂഹത്തിന് ഉപകാരപ്പെടുന്ന  വ്യക്തിയായി മാറ്റി മറിച്ചത്.  
ഒരു വ്യക്തിയെ എത്രമാത്രം പൊളിറ്റിക്കലാക്കാം എന്ന് പഠിപ്പിക്കുന്നതാകണം പാർട്ടികൾ. ഓരോ വിഷയത്തിലും ഇടപെടുമ്പോൾ അവയെ വിലയിരുത്താനും വിവേചിച്ചറിയാനും പ്രവർത്തകർക്കറിയണം. അങ്ങനെ അറിഞ്ഞിരുന്നുവെങ്കിൽ പാർട്ടിക്ക് തീരാകളങ്കം വരുത്തി വെച്ച ഒരു സംഭവത്തിലേക്ക് യുവ പ്രവർത്തകൻ ചെന്ന് പെടില്ലായിരുന്നു. 
സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പേരാമ്പ്ര കേസിലെ എഫ്.ഐ.ആർ തയ്യാറാക്കിയതെന്നാണ് പോലീസ് പറയുന്നത്.  20 ഓളം വരുന്ന സി.പി.എം, ഡി. വൈ.എഫ്.ഐ പ്രവർത്തകർ ആക്രമണത്തിൽ പങ്കാളികളായെന്നും ഇവർ പ്രദേശത്ത് മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്നും എഫ്.ഐ.ആറിൽ വ്യക്തമായി എഴുതിവെച്ചിരിക്കുന്നു. മതസ്പർധ വളർത്താൻ ശ്രമിച്ചുവെന്നതിനുള്ള 153 എ വകുപ്പ് ചുമത്തിയാണ് പോലീസ് റിമാന്റ് റിപ്പോർട്ട് കോടതിയിൽ നൽകിയത്.
 കോഴിക്കോട് ജില്ലയിലെ സി.പി.എം ചെന്ന് പെട്ട വലിയ പ്രതിസന്ധിയാണിത്. സോഷ്യൽ മീഡിയകളിൽ പാർട്ടിക്കാർ മറുപടിയെഴുതി മടുത്തു. 
പോലീസ് തയ്യാറാക്കിയ എഫ്. ഐ.ആറിനെതിരെ മന്ത്രി ഇ.പി. ജയരാജനും    രംഗത്ത് വന്നിട്ടുണ്ട്.  'പേരാമ്പ്രയിലെ പള്ളി ഒരു കാരണവശാലും ആക്രമിക്കപ്പെടാൻ പാടില്ല. സർക്കാർ ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കും'. 
അവിടെ ആർ.എസ്.എസുകാരാണ് പള്ളിക്ക് നേരെ കല്ലെറിഞ്ഞത്. ശരിയായ നിരീക്ഷണം അവിടെ നടന്നിട്ടില്ല. ചില ആർ.എസ്.എസുകാരുടെ പ്രേരണകൾ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. ആർ.എസ്.എസിന്റെ ക്യാമ്പുമായി ബന്ധമുള്ള ചില പോലീസ് ഓഫീസർമാർ അവിടെയുണ്ട്. സംഭവം ബോധപൂർവം തെറ്റായി വഴിതിരിച്ചുവിടാൻ ശ്രമം നടന്നിട്ടുണ്ട്. സർക്കാർ ഇത് ഗൗരവത്തിലെടുക്കും.'' പാർട്ടിയെക്കുറിച്ച് നല്ല ആത്മവിശ്വാസത്തോടെയാണ് ഇ.പി സംസാരിച്ചത്. 
'സാധാരണഗതിയിൽ സംഭവിക്കാത്തൊരു കാര്യം എഴുതിച്ചേർത്ത് എഫ്.ഐ.ആർ നൽകിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. അത് ഒരു ആലോചനയുടെ ഭാഗമായിട്ട് വന്നതാണ്. ഇത് പരിശോധിക്കും' മാധ്യമപ്രവർത്തകരോട് മന്ത്രി ഇത്രയുമാണ് പറഞ്ഞത്. 
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പക്ഷെ ഇക്കാര്യത്തിൽ ഇതെഴുതുന്നതുവരെ  നിലപാട് വ്യക്തമാക്കിയിട്ടില്ല.  സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാണ്  സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെടുന്നത്.  
പേരാമ്പ്ര ടൗണിൽ യു.ഡി.എഫിന്റെയും ഡി.വൈ.എഫ്.ഐ യുടെയും പ്രകടനങ്ങൾ നടക്കുന്നതിനിടയിൽ ചെറിയ തോതിൽ സംഘർഷവും കല്ലേറുമുണ്ടായത് വസ്തുതയാണ്. ഇതിനിടയിലുണ്ടായ കല്ലേറിൽ പള്ളിയുടെ,  റോഡിനോട് ചേർന്നുനിൽക്കുന്ന കമാനത്തിന്റെ ഒരു തൂണിന്റെ  കോണിൽ നേരിയ പോറലേറ്റിട്ടുണ്ട്. മറ്റ് യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല. രണ്ട് ചേരിയായി ഇരുകൂട്ടർ തമ്മിലുണ്ടായ സംഘർഷത്തിനും കല്ലേറിനുമിടയിൽ ആരുടെ ഭാഗത്ത് നിന്നുണ്ടായ കല്ലേറിലാണ് തൂണിന് പോറലേറ്റതെന്ന് വ്യക്തമായി പറയാൻ കഴിയില്ല. ടൗണിലെ തന്നെ മറ്റ് ചില സ്ഥാപനങ്ങൾക്കും കല്ലേറുണ്ടായതായി കാണാൻ കഴിയുന്നുണ്ട്. 
എന്നാൽ ലീഗിലെ ഒരു വിഭാഗം പ്രാദേശിക നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ ഭാരവാഹിയുമായ അതുൽദാസിന്റെ പേരിൽ പരാതി നൽകിയത്. അതുൽദാസ് എസ്.എഫ്.ഐ ഏരിയാ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഘട്ടത്തിൽ തന്നെ യു.ഡി.എഫിലെ ഒരു വിഭാഗത്തിനുള്ള വിരോധമാണ് യഥാർത്ഥത്തിൽ പരാതിക്ക് പിന്നിലുള്ളത്. ഈ സാഹചര്യങ്ങളൊന്നും പരിശോധിക്കാതെയും വസ്തുതകൾ സംബന്ധിച്ച് ആവശ്യമായ അന്വേഷണം നടത്താതെയുമാണ് അതുൽദാസിനെ  പോലീസ് അറസ്റ്റ് ചെയ്തതെന്ന് സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് ഉറച്ച ശബ്ദത്തിൽ കുറ്റപ്പെടുത്തുന്നു.
ഉറപ്പില്ലാത്തതും, സംശയാസ്പദവുമായ  നിലപാടുകൾ വെച്ച് എന്തെല്ലാം ന്യായീകരണങ്ങൾ നടത്തിയാലും, ഇത്തരം കാര്യങ്ങളിൽ സി.പി.എം ആത്മപരിശോധന നടത്തേണ്ട  സമയം വൈകിപ്പോയി. 
തങ്ങളുടെ പരിസരത്ത് ജീവിക്കുന്ന മതന്യൂനപക്ഷ സമൂഹത്തെ അവരുടെ എല്ലാ പോരായ്മകളോടും കൂടി ഉൾക്കൊള്ളാൻ സി.പി.എം എന്ന പാർട്ടിക്കും, ഇടതുപക്ഷത്തിനും സാധിക്കേണ്ടതുണ്ട്. ഒപ്പമാണ് എന്ന് പറഞ്ഞാൽപോര, ഒപ്പമുണ്ട് എന്ന് ബോധ്യപ്പെടണം. അന്യർ എന്ന സമീപനം മാറാത്ത കാലത്തോളം മനസ്സുകൾ മാറില്ല. 
പള്ളിക്ക് കല്ലെറിഞ്ഞ കേസിൽ സി.പി.എം പ്രവർത്തകൻ പോലീസ് പിടിയിലായപ്പോൾ അതിവേഗം പള്ളിയിലെത്തി കാര്യങ്ങൾ വിശദീകരിച്ച ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്ററുടെയും സംഘത്തിന്റെയും സമീപനം അങ്ങേയറ്റം പ്രശംസനീയമാണ്. അതുമാത്രം പോര. മനസ്സിൽ വിരോധത്തിന്റെ വൈറസ് കയറി കൂടിപ്പോയ  പുതിയ തലമുറയെ  പാർട്ടി തന്നെ  ചികിത്സിക്കേണ്ടതുണ്ട്.  അല്ലെങ്കിൽ പാർട്ടിക്കും നാടിനും അവർ വലിയ ആപത്തുകൾ വരുത്തിവെക്കും. 
ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങൾ  തികഞ്ഞ സാമൂഹികമായ കാഴ്ചപ്പാടോടുകൂടി വള്ളുവനാടൻ ശൈലിയിൽ അവതരിപ്പിച്ച മഹാനായ  ജനകീയ കവിയാണ് ഇടശ്ശേരി ഗോവിന്ദൻ നായർ എന്ന് എല്ലാവർക്കുമറിയാം.   അദ്ദേഹം തന്റെ സ്‌നേഹ നിധിയായ ബാല്യകാല സുഹൃത്ത് അലവിയെ ഹൃദയം കൊണ്ട് പ്രശംസിക്കാനായി  എഴുതിയ കവിതയുടെ പേരാണ് ഇസ്‌ലാമിലെ വൻമല.   അങ്ങിനെയൊരു വാക്ക് ആധുനിക കാലത്തെ കേരള കമ്യൂണിസ്റ്റുകൾക്ക് ദഹിക്കുമോ?  
നിങ്ങൾക്കും ഞങ്ങൾക്കും മാപ്പിളാരെ, സങ്കരത്തിനല്ലോ സംഗതികൾ...  എന്ന് പറയാൻ അവർക്ക് സാധിക്കുമോ?  മതത്തിന്റെ പേരിലുള്ളതിനെയെല്ലാം മനസ്സറിഞ്ഞ് വെറുക്കാൻ പഠിപ്പിക്കപ്പെട്ട കമ്യൂണിസ്റ്റ് യുവത്വം വല്ലാതെ വഴി തെറ്റിപ്പോകാൻ  എളുപ്പമാണ്. 
പേരാമ്പ്ര പാർട്ടിക്ക് നൽകുന്ന പാഠം അതാകട്ടെ.  

Latest News