Sorry, you need to enable JavaScript to visit this website.

ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് മേഖലയിലെ പ്രതിസന്ധി

സൗദിയിലേക്ക് വേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവ് ഇരുപതിനായിരം റിയാലിനും മുകളിലേക്ക് ഉയർന്നിട്ടുണ്ട്. കൂടാതെ ആറു മാസത്തിലേറെ സമയവും എടുക്കുന്നു. ഗാർഹിക തൊഴിലാളികളെ അയക്കുന്നതിന് വിദേശ രാജ്യങ്ങൾ ഏർപ്പെടുത്തിയ കർശന വ്യവസ്ഥകളാണ് റിക്രൂട്ട്‌മെന്റ് വിപണിയിലെ പ്രതിസന്ധിക്ക് കാരണമെന്ന് സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സിലെ തൊഴിൽ വിപണി കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് അൽമുഹമ്മദി പറയുന്നു.

ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് വിപണിയിലെ പ്രശ്‌നങ്ങൾക്ക് വർഷങ്ങളായിട്ടും പരിഹാരമാകാത്തത് സൗദി കുടുംബങ്ങൾക്ക് ചില്ലറ തലവേദനയല്ല നൽകുന്നത്. ഇന്തോനേഷ്യയിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് തടസ്സപ്പെട്ടതാണ് ഗാർഹിക തൊഴിലാളി വിപണിയിൽ രൂക്ഷമായ പ്രതിസന്ധി രൂപപ്പെടുന്നതിലേക്ക് നയിച്ചത്. എട്ടു വർഷം പിന്നിടുകയും തൊഴിൽ, സാമൂഹിക വികസന മന്ത്രിപദം നാലു പേർ മാറിമാറി കൈയാളിയിട്ടും പ്രതിസന്ധിക്ക് ഇനിയും പരിഹാരമായിട്ടില്ല. റിക്രൂട്ട്‌മെന്റ് ചെലവ് ഇരുപതിനായിരം റിയാൽ വരെയായി ഉയർന്നതും ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിന് വിദേശ രാജ്യങ്ങൾ കടുത്ത വ്യവസ്ഥകൾ ബാധകമാക്കിയതും മാത്രമാണ് മിച്ചം. 
ഹിജ്‌റ 1431 മുതൽ 1437 വരെ എൻജിനീയർ ആദിൽ ഫഖീഹും 1436 മുതൽ 1437 വരെ മുഫറജ് അൽഹഖ്ബാനിയും 1437 മുതൽ 1439 വരെ അലി അൽഗഫീസും തൊഴിൽ, സാമൂഹിക വികസന മന്ത്രി പദവി വഹിച്ചു. കഴിഞ്ഞ വർഷം മുതൽ എൻജിനീയർ അഹ്മദ് അൽറാജ്ഹിയാണ് വകുപ്പ് മന്ത്രി.
2011 ലാണ് ഇന്തോനേഷ്യയിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് നിലച്ചത്. മക്കയിൽ ആഭിചാര കേസ് പ്രതിയായ ഇന്തോനേഷ്യൻ വേലക്കാരിക്ക് വധശിക്ഷ നടപ്പാക്കിയതും തൊഴിൽ സ്ഥലങ്ങളിൽ ഇന്തോനേഷ്യൻ വേലക്കാരികൾ പലവിധ പീഡനങ്ങൾക്കു വിധേയരാകുന്നതുമാണ് സൗദിയിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് നിർത്തിവെക്കുന്നതിന് കാരണമായി ഇന്തോനേഷ്യ പറഞ്ഞത്. സൗദിയിലേക്ക് ഏറ്റവും കൂടുതൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരുന്നത് ഇന്തോനേഷ്യയിൽ നിന്നായിരുന്നു. സൗദി കുടുംബങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ സ്വീകാര്യതയും പ്രിയവും ഇന്തോനേഷ്യക്കാർക്കായിരുന്നു. 
ഇന്തോനേഷ്യയിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് നിലച്ചതോടെ മറ്റു രാജ്യങ്ങളിൽനിന്ന് തൊഴിലാളികളെ ലഭ്യമാക്കുന്നതിന് ശ്രമിച്ച് ഇന്ത്യ, ശ്രീലങ്ക, എത്യോപ്യ, ഫിലിപ്പൈൻസ് അടക്കം ഏതാനും രാജ്യങ്ങളുമായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം റിക്രൂട്ട്‌മെന്റ് കരാറുകൾ ഒപ്പുവെച്ചു. റിക്രൂട്ട്‌മെന്റ് വിപണിയിലെ പ്രതിസന്ധി സൗദിയിലും വിദേശത്തും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മുതലെടുത്തു. റിക്രൂട്ട്‌മെന്റ് നിരക്ക് 20,000 റിയാൽ വരെയായി ഉയർന്നു. പ്രതിസന്ധി മുതലെടുത്ത് വേലക്കാരികളുടെ സ്‌പോൺസർഷിപ്പ് ഉയർന്ന തുകക്ക് കൈമാറുന്ന പ്രവണതയും ഉടലെടുത്തു. നേരത്തെ റിക്രൂട്ട് ചെയ്ത വേലക്കാരികളുടെ സ്‌പോൺസർഷിപ്പ് കൈമാറുന്നതിന് 30,000 റിയാൽ വരെ ചിലർ ഈടാക്കുന്നതിന് തുടങ്ങി. 
ഉയർന്ന റിക്രൂട്ട്‌മെന്റ് ചെലവിനും മറ്റു നിഷേധാത്മക പ്രവണതകൾക്കും തടയിടുന്നതിന് ശ്രമിച്ച് സൗദി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടികൾക്ക് മുസാനിദ് പ്രോഗ്രാം ഏർപ്പെടുത്തുകയും ഓരോ രാജ്യത്തു നിന്നും വ്യത്യസ്ത വിഭാഗം ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്കുകളും ലൈസൻസുള്ള റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ പേരുവിവരങ്ങളും തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ച് നൽകുന്നതിന് എടുക്കാവുന്ന സമയവും മുസാനിദ് പോർട്ടലിൽ പരസ്യപ്പെടുത്തുകയും ചെയ്തു. എന്നാൽ മന്ത്രാലയം നിശ്ചയിച്ച ഈ നിരക്കുകൾ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ പാലിച്ചില്ല. മന്ത്രാലയം നിശ്ചയിച്ചതിനേക്കാൾ കൂടിയ നിരക്കിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് നൽകുന്നതിന് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുമായി ധാരണകളുണ്ടാക്കുന്നതിന് സൗദി പൗരന്മാർ നിർബന്ധിതരായി. 
ഇന്തോനേഷ്യയിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നതിന് അടുത്തിടെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ മാൻപവർ സപ്ലൈ കമ്പനികളെ പോലെ പ്രവർത്തിക്കുന്ന വൻകിട റിക്രൂട്ട്‌മെന്റ് കമ്പനികൾക്ക് സ്വന്തം സ്‌പോൺസർഷിപ്പിൽ ഇന്തോനേഷ്യയിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് മാത്രമാണ് അനുമതിയുള്ളത്. പഴയ പോലെ തൊഴിലുടമകളായ സൗദി പൗരന്മാർക്ക് സ്വന്തം സ്‌പോൺസർഷിപ്പിൽ ഇന്തോനേഷ്യയിൽ നിന്ന് ഇപ്പോഴും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് സാധിക്കുന്നില്ല. വൻകിട റിക്രൂട്ട്‌മെന്റ് കമ്പനികൾ സ്വന്തം സ്‌പോൺസർഷിപ്പിൽ റിക്രൂട്ട് ചെയ്തു കൊണ്ടുവരുന്ന വേലക്കാരികളെ മാസത്തിൽ ചുരുങ്ങിയത് മൂവായിരം റിയാൽ വരെ വേതനത്തിലാണ് താൽക്കാലിക കരാർ അടിസ്ഥാനത്തിൽ സൗദി കുടുംബങ്ങൾക്ക് കൈമാറുന്നത്. 
വേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവ് ഇപ്പോൾ ഇരുപതിനായിരം റിയാലിനും മുകളിലേക്ക് ഉയർന്നിട്ടുണ്ട്. കൂടാതെ വേലക്കാരികളെ റിക്രൂട്ട് ചെയ്ത് എത്തിക്കുന്നതിന് ആറു മാസത്തിലേറെ സമയവും എടുക്കുന്നു. ഗാർഹിക തൊഴിലാളികളെ സൗദിയിലേക്ക് അയക്കുന്നതിന് വിദേശ രാജ്യങ്ങൾ ഏർപ്പെടുത്തിയ കർശന വ്യവസ്ഥകളാണ് റിക്രൂട്ട്‌മെന്റ് വിപണിയിലെ പ്രതിസന്ധിക്ക് കാരണമെന്ന് സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സിലെ തൊഴിൽ വിപണി കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് അൽമുഹമ്മദി പറയുന്നു. വാരാന്ത്യ അവധി നൽകൽ, സന്ദർശകരെയും അതിഥികളെയും സ്വീകരിക്കുന്നതിന് അനുവദിക്കൽ, മിനിമം വേതനം നിശ്ചയിക്കൽ, ഹിജാബ് ധരിക്കുന്നതിന് നിർബന്ധിക്കാതിരിക്കൽ പോലുള്ള വ്യവസ്ഥകളാണ് വിദേശ രാജ്യങ്ങൾ വെക്കുന്നത്. 
വേലക്കാരികൾ മുസ്‌ലിംകളായിരിക്കണമെന്ന് സൗദി കുടുംബങ്ങൾ ആവശ്യപ്പെടുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. സൗദി കുടുംബങ്ങളിൽ നിന്നുള്ള വൻതോതിലുള്ള ആവശ്യത്തിന് പര്യാപ്തമായത്ര മുസ്‌ലിം വേലക്കാരികളെ വിദേശങ്ങളിൽ ലഭ്യമല്ല. ജോലി കഴിഞ്ഞ ശേഷം വീട്ടിൽനിന്ന് പുറത്തുപോകുന്നതിന് വേലക്കാരികളെ സൗദി കുടുംബങ്ങൾ അനുവദിക്കില്ല. എന്നാൽ ഇത് ചില രാജ്യങ്ങൾക്ക് സ്വീകാര്യമല്ല. 
റിക്രൂട്ട്‌മെന്റ് നിരക്കുകൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നിശ്ചയിക്കുന്നത് ആശാസ്യമല്ല. ഇത് റിക്രൂട്ട്‌മെന്റ് ഓഫീസുകളെയും കമ്പനികളെയും ഏൽപിക്കണം. ആവശ്യത്തിനും ലഭ്യതക്കും മറ്റു വ്യവസ്ഥകൾക്കും അനുസൃതമായി റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ നിരക്കുകൾ നിശ്ചയിക്കുന്നതാണ് നല്ലത്. നേരത്തെ വിദേശ രാജ്യങ്ങളിൽ വേലക്കാരികളുടെ ലഭ്യത കൂടുതലായിരുന്നു. അന്ന് റിക്രൂട്ട്‌മെന്റ് നിരക്കുകൾ കുറവായിരുന്നു. ഇന്ന് അതല്ല സ്ഥിതി. ഗാർഹിക തൊഴിലാളി വിസയിൽ തങ്ങളുടെ പൗരന്മാർ സൗദിയിലേക്ക് പോകുന്നതിന് തടയിടുന്ന വ്യവസ്ഥകൾ വിദേശ രാജ്യങ്ങൾ ഇപ്പോൾ ബാധകമാക്കിയിട്ടുണ്ട്. 
ഓരോ രാജ്യത്തുനിന്നും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് നേരിടുന്ന പ്രതിബന്ധങ്ങൾക്ക് പരിഹാരം കാണുന്നതിന് ശ്രമിച്ച് റിക്രൂട്ട്‌മെന്റ് മേഖലാ സ്ഥാപനങ്ങൾ, തൊഴിൽ വിപണി കമ്മിറ്റി, വിദേശങ്ങളിലെ റിക്രൂട്ട്‌മെന്റ് സ്ഥാപന ഉടമകൾ, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം എന്നിവയെ ഉൾപ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിക്കണം. ഈ കമ്മിറ്റിക്കു കീഴിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഓരോ രാജ്യങ്ങളിലും സബ്കമ്മിറ്റികൾ സ്ഥാപിക്കണമെന്നും മുഹമ്മദ് അൽമുഹമ്മദി നിർദേശിക്കുന്നു. 
എത്യോപ്യയിൽ നിന്ന് ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നതിനെ കുറിച്ച് സൗദി, എത്യോപ്യൻ തൊഴിൽ മന്ത്രിമാർ കഴിഞ്ഞ ദിവസം റിയാദിൽ ചർച്ച നടത്തിയിരുന്നു. എത്യോപ്യൻ വേലക്കാരുടെ മിനിമം വേതനവുമായി ബന്ധപ്പെട്ട തർക്കമാണ് അവിടെ നിന്നുള്ള റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നതിന് കാലതാമസമുണ്ടാക്കുന്നത്. വേലക്കാർക്ക് ആയിരം റിയാൽ മിനിമം വേതനമാണ് എത്യോപ്യ ആവശ്യപ്പെടുന്നത്. എന്നാൽ സൗദി അറേബ്യ 800 റിയാൽ വാഗ്ദാനം ചെയ്യുന്നു. ഈ പ്രശ്‌നത്തിന് ഈ വർഷം മധ്യത്തോടെ ചർച്ചകളിലൂടെ പരിഹാരം കാണാൻ കഴിയുമെന്നാണ് ബന്ധപ്പെട്ടവർ കരുതുന്നത്. നിലവിൽ സൗദിയിൽ ഇരുപതു ലക്ഷത്തിലേറെ ഗാർഹിക തൊഴിലാളികളുണ്ട്. 
 

Latest News