സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെട്ട ഒന്നാണ് ഭരണഘടനയുടെ 356-ാം അനുഛേദം. കോൺഗ്രസും ബി.ജെ.പിയും അതിൽ ഒരു പോലെ പങ്കാളികളായിട്ടുണ്ട്. എന്നാൽ ഇന്ത്യൻ ജനാധിപത്യം അത്തരം ദുരുപയോഗത്തിന് യഥേഷ്ടം വഴങ്ങിക്കൊടുക്കാൻ വിസമ്മതിക്കുംവിധം ഏറെ മുന്നോട്ടുപോയിരിക്കുന്നു. അരുണാചൽപ്രദേശിലും ഉത്തരാഖണ്ഡിലും ദുർബലമായ ഗവൺമെന്റുകളെ പോലും പിരിച്ചുവിട്ട കേന്ദ്ര നടപടികൾ നീതിപീഠം തിരുത്തിയ ചരിത്രം ബി.ജെ.പി വിസ്മരിക്കരുത്.
കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിനെ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ ലോക്‌സഭയിൽ ആവശ്യം ഉന്നയിച്ചിരിക്കുകയാണല്ലോ. കേന്ദ്ര ടെക്‌സ്‌റ്റൈൽസ് വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്കും കായികയുവജനക്ഷേമ മന്ത്രി രാജ്യവർധൻസിങ് റാത്തോഡിനും പിന്നാലെയാണ് ദുബെ ലോക്‌സഭയിൽ ഈ വിഷയം ഉന്നയിച്ചിരിക്കുന്നത്.
കേരളത്തിലെ ബി.ജെ.പി നേതൃത്വം ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിനെപ്പറ്റി ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുകയും സംസ്ഥാനത്തെ 'അക്രമസംഭവങ്ങളെ'പ്പറ്റി പ്രധാനമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു. ബി.ജെ.പി നിലപാടുകളുടെ ചുവടുപിടിച്ചുള്ള പ്രതികരണങ്ങളാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ പേരിൽ പുറത്തുവരുന്ന പ്രസ്താവനകളും. തങ്ങളുടെ കണക്കുകൂട്ടലുകൾക്ക് വിരുദ്ധമായി ശബരിമലയിൽ ആർത്തവപ്രായക്കാരായ സ്ത്രീകൾ പ്രവേശിച്ചത് ബി.ജെ.പി-സംഘ്പരിവാർ വൃത്തങ്ങളെയും എൻ.എസ്.എസ് നേതൃത്വമടക്കം പല യാഥാസ്ഥിതിക കേന്ദ്രങ്ങളെയും തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. അക്രമകാരികളായ തങ്ങളുടെ അണികളെ ഇളക്കിവിട്ട് സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർത്ത് അരാജകത്വം സൃഷ്ടിക്കാനാണ് അവർ മുതിർന്നത്. അക്രമികളെ കാർക്കശ്യത്തോടെ നേരിടാനും കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമത്തിനുമുന്നിൽ കൊണ്ടുവരാനും ഭരണകൂടവും പോലീസും മുതിർന്നതോടെ ക്രമസമാധാനത്തകർച്ചയുടെ ഉത്തരവാദിത്തം സർക്കാരിന്റെ തലയിൽ കെട്ടിയേൽപിച്ച് രക്ഷപ്പെടാനുള്ള ശ്രമമാണ് സംഘ്പരിവാർ നടത്തുന്നത്.
അക്രമത്തിന് ആരാണ് തുടക്കം കുറിച്ചതെന്നും ആരാണ് അത് തുടരുന്നതെന്നും ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. മാധ്യമ പ്രവർത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിക്കാൻ ആസൂത്രിത ശ്രമം നടന്നതോടെ അക്രമികളെയും അക്രമികൾക്കുവേണ്ടി ന്യായവാദവുമായി എത്തുന്ന സംഘ്പരിവാർ നേതാക്കളെയും തുറന്നുകാട്ടാൻ മാധ്യമങ്ങളും തയാറായി. രാഷ്ട്രീയമായ ഈ ഒറ്റപ്പെടലിന്റെ പശ്ചാത്തലത്തിലാണ് രാഷ്ട്രപതി ഭരണമെന്ന ഉമ്മാക്കി കാട്ടി ശക്തമായ ജനപിന്തുണയോടെ ഭരണനിർവഹണം നടത്തുന്ന എൽ.ഡി.എഫ് ഗവൺമെന്റിനെ ഭയപ്പെടുത്താമെന്ന വ്യാമോഹവുമായി ബി.ജെ.പി നീക്കം.
ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നതിനെ തുടർന്ന് തീർഥാടന പാതയിലും സന്നിധാനത്തും അക്രമം അഴിച്ചുവിടാനും ശബരിമലയെ കലാപ ഭൂമിയാക്കാനും ബോധപൂർവമായ ശ്രമമാണ് ആർ.എസ്.എസ്- സംഘ്പരിവാർ വൃത്തങ്ങൾ നടത്തിയത്. സർക്കാരും പോലീസും തികഞ്ഞ ആത്മസംയമനത്തോടെയും വിട്ടുവീഴ്ചാ മനോഭാവത്തോടെയുമാണ് അത്തരം പ്രകോപനങ്ങളെ ഓരോന്നിനെയും നേരിട്ടത്. ബലപ്രയോഗത്തിലൂടെ സ്ത്രീപ്രവേശനം സാധ്യമാക്കുന്നതിന് പകരം സംഘർഷം ഒഴിവാക്കുന്നതിന് വനിതാ തീർത്ഥാടകരെ പിന്തിരിപ്പിക്കുന്ന സമീപനമാണ് പോലീസ് അവലംബിച്ചത്.
എന്നാൽ സംഘർഷം കൂടാതെ യുവതികൾ ദർശനം നടത്തി സുപ്രിം കോടതി വിധി നടപ്പായതോടെ അതിനെ 'കൊലച്ചതിയായി' ചിത്രീകരിച്ച് അക്രമത്തിന് ആഹ്വാനം നൽകിയത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി. എസ് ശ്രീധരൻ പിള്ളയാണ്. തുടർന്ന് സംസ്ഥാനത്ത് ഉടനീളം അരങ്ങേറിയ അക്രമ പരമ്പരകളിൽ അറിയപ്പെടുന്ന ആർ.എസ്.എസ് - ബി.ജെ.പി-സംഘ്പരിവാർ ഗുണ്ടകളാണ് അഴിഞ്ഞാടിയത്. അവയ്ക്ക് ദൃശ്യങ്ങളടക്കം വ്യക്തമായ സാക്ഷ്യങ്ങൾ ലഭ്യമാണ്. സംസ്ഥാനത്തുടനീളം ഇടതുപക്ഷ പാർട്ടി ഓഫീസുകൾ, മാധ്യമ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, ഇടതുപക്ഷ പ്രവർത്തകരുടെ വീടുകൾ എന്നിവ അക്രമത്തിന് ഇരയായി. വ്യാപാര സ്ഥാപനങ്ങൾക്കുനേരെയും വ്യാപകമായി ആക്രമണം നടന്നു. കോടാനു കോടി രൂപയുടെ നാശനഷ്ടം കെ.എസ്.ആർ.ടി.സിയടക്കം പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വകാര്യ സ്വത്തുവകകൾക്കും ഉണ്ടായി.
ശബരിമല പ്രശ്‌നത്തെ വർഗീയ കലാപമാക്കി വളർത്താനും സംഘ്പരിവാർ ശ്രമം നടന്നു. എന്നിട്ടും അക്രമത്തിനു നേതൃത്വം കൊടുത്തവർ തന്നെ ക്രമസമാധാനത്തകർച്ചയെപ്പറ്റി വിളിച്ചുകൂവുന്നത് പരിഹാസ്യമായ വിരോധാഭാസമാണ്. അക്രമത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പ് എന്നത് സംഘ്പരിവാറിന്റെ പതിവു ഫാസിസ്റ്റ് രീതിയാണ്. കലാപങ്ങളും ആൾക്കൂട്ടക്കൊലപാതകങ്ങളും രാഷ്ട്രീയ മുതലെടുപ്പിനുള്ള ആയുധമാക്കി മാറ്റിയവരാണ് അവർ. സമാധാന കാംക്ഷികളും നിരപരാധികളുമായ ആയിരങ്ങളുടെ ചോരയൊഴുക്കിയും ജീവനെടുത്തുമാണ് ബി.ജെ.പി അധികാരം കയ്യാളുന്നത്. കേരളത്തിലും ആ മാർഗം പ്രയോഗിക്കാനുള്ള ശ്രമമാണ് ശബരിമലയുടെ പേരിൽ അവർ പയറ്റിനോക്കുന്നത്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെട്ട ഒന്നാണ് ഭരണഘടനയുടെ 356 -ാം അനുഛേദം. കോൺഗ്രസും ബി.ജെ.പിയും അതിൽ ഒരു പോലെ പങ്കാളികളായിട്ടുണ്ട്. എന്നാൽ ഇന്ത്യൻ ജനാധിപത്യം അത്തരം ദുരുപയോഗത്തിന് യഥേഷ്ടം വഴങ്ങിക്കൊടുക്കാൻ വിസമ്മതിക്കുംവിധം ഏറെ മുന്നോട്ടുപോയിരിക്കുന്നു.
അരുണാചൽപ്രദേശിലും ഉത്തരാഖണ്ഡിലും ദുർബലമായ ഗവൺമെന്റുകളെ പോലും പിരിച്ചുവിട്ട കേന്ദ്ര നടപടികൾ നീതിപീഠം തിരുത്തിയ ചരിത്രം ബി.ജെ.പി വിസ്മരിക്കരുത്. കേരളം പോലെ വ്യക്തമായ ഭൂരിപക്ഷവും ജനപിന്തുണയുമുള്ള ഗവൺമെന്റുകളെ പിരിച്ചുവിടാമെന്ന ഭീഷണി കേവലം രാഷ്ട്രീയ സ്റ്റണ്ടിനപ്പുറം മറ്റൊന്നുമല്ലെന്ന് സാമാന്യ ബുദ്ധിയുള്ള മലയാളി തിരിച്ചറിഞ്ഞിരിക്കുന്നു.






