Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആറ് ഗോത്രങ്ങള്‍ക്ക് കൂടി പട്ടിക വര്‍ഗ പദവി നല്‍കി അസ്സമിലെ പൗരത്വ ബില്‍ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; പ്രതിഷേധം തുടരുമെന്ന് ഗോത്ര സംഘടനകള്‍

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കാനുളള നീക്കത്തിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കനക്കുമ്പോള്‍ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. അസ്സമിലെ ആറ് ഗോത്രവര്‍ഗങ്ങള്‍ക്ക് പട്ടിക വര്‍ഗ പദവി നല്‍കി സര്‍ക്കാര്‍. മോറകള്‍, മുട്ടോക്കുകള്‍, കച്ച് രാജ്‌ഭോങ്കിഷികള്‍, തായ് അഹോമുകള്‍, ചുട്ടിയകള്‍, തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്ന ആദിവാസി തൊഴിലാളി വിഭാഗങ്ങള്‍ എന്നിവക്കാണ് കേന്ദ്ര ഗവണ്‍മെന്റ് പട്ടിക വര്‍ഗ പദവി നല്‍കിയത്. നിലവില്‍, അസ്സമിലെ മറ്റു പിന്നോക്ക വിഭാഗങ്ങള്‍ പട്ടികയിലാണ് ഈ ആറു ഗോത്ര വിഭാഗങ്ങള്‍.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള പ്രീണനമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയതെങ്കിലും പുതിയ നീക്കം ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ തുണയാവില്ല എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

'ലോക്‌സഭയില്‍ പറഞ്ഞതു കൊണ്ട് കാര്യമില്ല. ഇക്കാര്യത്തില്‍ നിയമമാണ് വേണ്ടത്,' അഖില അസ്സം മോറന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് അരുണ്‍ജ്യോതി മോറന്‍ പറഞ്ഞു.   

 കഴിഞ്ഞ ദിവസമാണ്, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുളള മുസ്ലിംകളല്ലാത്ത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കാനുള്ള നിയമം കൊണ്ടുവരുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ ലോകസഭയില്‍ പാസാക്കിയത്. കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പിനിടെയാണ് സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷമുള്ള സഭയില്‍ ബില്‍ പാസായത്. പുതിയ ബില്‍ പ്രകാരം, 1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്യപ്പെടും.  അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, പാര്‍സി, ജൈന, ക്രിസ്ത്യന്‍ മതങ്ങളില്‍പ്പെട്ടവര്‍ക്ക് പൗരത്വം നല്‍കും. മുസ്ലിംകള്‍ക്ക് ബില്ലിന്റെ ആനുകൂല്യം ലഭിക്കില്ല. 

1971 ന് ശേഷം, സംസ്ഥാനത്തേക്ക് കുടിയേറിയ ബംഗാളി ഹിന്ദുക്കളെ പൗരത്വം നേടാന്‍ ബില്‍ സഹായിക്കുമെന്ന കാരണത്താലാണ് എജിപി അടക്കമുളള പാര്‍ട്ടികളും അസ്സമിലെ ഗോത്ര വിഭാഗങ്ങളും  ബില്ലിനെ എതിര്‍ക്കുന്നത്. ബംഗാളി ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുമെന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ്. നീക്കത്തില്‍ പ്രതിഷേധിച്ച്, എ.ജി.പി ബിജെപിയുമായുളള സഖ്യം അവസാനിപ്പിച്ചിരുന്നു.

പുതിയ നീക്കം ഇവിടെയുളള ഗോത്ര വിഭാഗങ്ങളുടെ അതൃപ്തിയില്‍ നിന്ന് ബിജെപിയെ രക്ഷിക്കില്ല എന്നാണ് അസ്സമിലെ ഗോത്ര വര്‍ഗ സംഘടനകളുടെ പ്രതിനിധികള്‍ പറയുന്നത്. 

'ഞങ്ങള്‍ പൗരത്വ ഭേദഗതി ബില്ലിനെതിരാണെന്ന് ബിജെപിക്കാറിയാം എന്നിട്ടും അത് പാര്‍ലമെന്റില്‍ പാസ്സാക്കി,' മോറന്‍ പറഞ്ഞു. 

നേരത്തെ, പൗരത്വ ബില്‍ പാസ്സാക്കുന്നതിനെതിരെ അസ്സമിലെ പട്ടിക വര്‍ഗ വിഭാഗങ്ങളുടെ പ്രതിനിധികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നിവേദനം അയച്ചിരുന്നു. പുതിയ ബില്‍ അസ്സമിലെ നിലവിലുളള ഗോത്ര വിഭാഗങ്ങളെ തകര്‍ക്കുമെന്നായിരുന്നു നിവേദനത്തിന്റെ ഉളളടക്കം.

Latest News