മഹാസഖ്യത്തിനില്ലെന്ന് ബിജു ജനതാദള്‍

ഭുവനേശ്വര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ നിലപാട് വ്യക്തമാക്കി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. തന്റെ പാര്‍ട്ടി ബിജു ജനതാദള്‍ മഹാസഖ്യത്തില്‍ ചേരില്ലെന്ന് നവീന്‍ പട്‌നായിക് ഇന്ന് വ്യക്തമാക്കി. 
ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തനിച്ചു നേരിടുമെന്ന സൂചന നല്‍കിയ മുഖ്യമന്ത്രി തങ്ങള്‍ ബിജെപ്പിക്കൊപ്പവും കോണ്‍ഗ്രസ്സിനൊപ്പവും ഇല്ലെന്ന് പറഞ്ഞു. 

നേരത്തെ മഹാസഖ്യവുമായി ചേരുന്നതിനെക്കുറിച്ചാലോചിക്കാന്‍ പാര്‍ട്ടിക്ക് കൂടുതല്‍ സമയം വേണമെന്ന് പട്‌നായിക് പറഞ്ഞിരുന്നു. 
ഒഡീഷ മുഖ്യമന്ത്രിയുടെ പ്രസ്താവന ബിജെപി കേന്ദ്രങ്ങള്‍ക്ക് വലിയ ആശ്വാസമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒഡീഷയില്‍ ഭീഷണി കുറയും എന്നതിനാലാണിത്. 2014 ലെ തെരഞ്ഞെടുപ്പില്‍ 21 ല്‍ 20 സീറ്റുകളും ബിജൂ ജനതാദള്‍ വിജയിച്ചിരുന്നു. വിജയം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി നേതൃത്വം പുതിയ തീരുമാനമെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

നേരത്തെ, സഖ്യ സാധ്യതകള്‍ സജീവമാക്കി നവീന്‍ പട്‌നായിക് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയൂമായ മമതാ ബാനര്‍ജിയെ കണ്ടിരുന്നു. പട്‌നായികിന് പുറമേ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുളളയും മമതയെ സന്ദര്‍ശിച്ചിരുന്നു. 

അതിനിടെ, ബീഹാറില്‍ എന്‍.ഡി.എ സഖ്യത്തിനെതിരെ മഹാസഖ്യം നിലവില്‍ വരികയും സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസിനു പുറമേ, രാഷ്ടീയ ജനതാദള്‍ ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച തുടങ്ങിയവ സഖ്യത്തിലുണ്ട്.
 

Latest News