Sorry, you need to enable JavaScript to visit this website.

റെക്കാര്‍ഡുകള്‍ ഭേദിക്കാന്‍ ഖിദ്ദിയ്യ, വിനോദ നഗരിയുടെ നിര്‍മാണം ഈ വര്‍ഷം തുടങ്ങും

റിയാദ്- ലോകത്തെ ഏറ്റവും വലിയ വിനോദ പദ്ധതിയായ ഖിദ്ദിയ്യ കായിക-സാംസ്‌കാരിക-വിനോദ നഗരിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം തുടങ്ങും. 'പദ്ധതിയുടെ ആസൂത്രണവും രൂപകല്‍പനയും 2018 ല്‍ തന്നെ പൂര്‍ത്തിയായിട്ടുണ്ട്. ഈ വര്‍ഷം പദ്ധതി നടപ്പാക്കാനാവും,' പദ്ധതിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മൈക്ക് റെയ്‌നിംഗര്‍ അറബ് ന്യൂസിനോട് പറഞ്ഞു.
'സദിയിലെ ആദ്യത്തെ വിനോദ-കലാ-കായിക നഗരിയുടെ നിര്‍മാണത്തിന്റെ  അടുത്ത ഘട്ടത്തിലേക്ക് ഞങ്ങള്‍ പ്രവേശിക്കുകയാണ്,' കമ്പനി ട്വീറ്റ് ചെയ്തു. 

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ ഖിദ്ദിയ്യ നഗരി റിയാദില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ്. നിര്‍മാണം പൂര്‍ത്തീകരിക്കപ്പെട്ടാല്‍ ലോകത്തെ ഏറ്റവും വലിയ വിനോദ നഗരിയാവും ഖിദ്ദിയ്യ. 334 സ്‌ക്വയര്‍ കിലോമീറ്ററില്‍ പരന്നു കിടക്കുന്നനഗരി ഫ്‌ളോറിഡയിലെ വാള്‍ട്ട് ഡിസ്‌നിയെ മറികടക്കും. 2030 ആവുമ്പോഴേക്കും നിര്‍മാണം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.    

പ്രാദേശിക, ആഭ്യന്തര, അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ഒരു പോലെ ലക്ഷ്യമിട്ടാണ് നഗരിയുടെ നിര്‍മാണം. പദ്ധതി പൂര്‍ത്തിയായാല്‍ സൗദി അറേബ്യയുടെ ടൂറിസം മേഖല അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുകയും വിദേശ നാണ്യ വരുമാനത്തില്‍ മാറ്റമുണ്ടാവുകയും ചെയ്യും. വിനോദത്തിനും കായിക രംഗത്തെ കുതിച്ചു ചാട്ടത്തിനും പുറമേ, പദ്ധതി റിയല്‍ എസ്റ്റേറ്റ് മേഖലയിലും മാറ്റങ്ങള്‍ കൊണ്ടു വരും. വിനോദ നഗരി നിര്‍മാണം പൂര്‍ത്തിയായ ഉടന്‍ പാര്‍പ്പിട നിര്‍മാണവും തുടങ്ങും. 2025 ല്‍ പാര്‍പ്പിട നിര്‍മാണ യൂണിറ്റുകളുടെ നിര്‍മാണം തുടങ്ങാനാണ് പദ്ധതി. 2025 ല്‍ വിനോദ ഖിദ്ദിയ്യയില്‍ 4,000 പാര്‍പ്പിട യൂണിറ്റുകള്‍ വാസയോഗ്യമാവും. 2030 ല്‍ ആകെ പാര്‍പ്പിട യൂണിറ്റുകളുടെ എണ്ണം 11,000 ആവും. വിനോദ സഞ്ചാരികള്‍ക്ക് നല്‍കുന്നതിന് പുറമേ സൗദി പൗരന്‍മാര്‍ക്ക് വാരാന്ത്യങ്ങളില്‍ താമസിക്കാനുളള രണ്ടാം വസതികളായി ഇവ വില്‍ക്കുകയും ചെയ്യും. 2030 ആവുമ്പോഴേക്ക് 17 മില്ല്യണ്‍ സന്ദര്‍ശകര്‍ ഖിദ്ദിയ്യ സന്ദര്‍ശിക്കുമെന്നാണ് കണക്കു കൂട്ടല്‍. പദ്ധതി പൂര്‍ത്തിയാവുന്നതോടെ, 57.000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. 

കണക്കുകള്‍ പ്രകാരം, മുപ്പത് ബില്ല്യണ്‍ ഡോളറാണ് സൗദി വിനോദ സഞ്ചാരികള്‍ വിദേശത്ത് ഓരോ വര്‍ഷവും ചെലവഴിക്കുന്നത്. ഖിദ്ദിയ്യ പൂര്‍ത്തിയാവുന്നതോടെ വിദേശ ടൂറിസത്തില്‍ ചെലവഴിക്കുന്ന തുകയുടെ വലിയൊരു ഭാഗം രാജ്യത്ത് തന്നെ ചെലവഴിക്കപ്പെടുമെന്ന് സൗദി ഭരണകൂടെ പ്രതീക്ഷിക്കുന്നു.
 

Latest News