റിയാദ് - തിങ്കളാഴ്ച മുതൽ സൗദിവൽക്കരണം നിർബന്ധമാക്കിയ മേഖലകളിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥർ ശക്തമായ പരിശോധനകൾ ആരംഭിച്ചു. മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപറ്റ് കടകൾ, ചോക്കലേറ്റ്-പലഹാര കടകൾ എന്നീ സ്ഥാപനങ്ങളിലാണ് തിങ്കളാഴ്ച മുതൽ സൗദിവൽക്കരണം നിർബന്ധമാക്കിയത്.
ഈ വിഭാഗം സ്ഥാപനങ്ങളിൽ 70 ശതമാനം സൗദിവൽക്കരണമാണ് നടപ്പാക്കേണ്ടത്. പ്രധാന നഗരങ്ങളിലെല്ലാം സ്‌പെയർ പാർട്‌സ് കടകളിലും കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകളിലും കാർപറ്റ് കടകളിലും ചോക്കലേറ്റ്-പലഹാര കടകളിലും മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന കടകളിലും ശക്തമായ പരിശോധനകൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം തുടക്കം കുറിച്ചിട്ടുണ്ട്.
സൗദിവൽക്കരണം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും സൗദിവൽക്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങൾ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും മദീന തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ മദീന, ബദ്ർ, യാമ്പു, അൽഉല, മഹ്ദുദ്ദഹബ്, അൽഹനാകിയ, അൽഅയ്‌സ്, ഖൈബർ ലേബർ ഓഫീസുകൾ ഊർജിതമായ ഫീൽഡ് പരിശോധനകൾ നടത്തുന്നുണ്ടെന്ന് മദീന തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി എൻജിനീയർ അബ്ദുല്ല അൽസ്വാഇദി പറഞ്ഞു. അൽബാഹ പ്രവിശ്യയിൽ അൽബാഹ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി ശായിഖ് ബിൻ മുഹമ്മദ് അൽശായിഖിന്റെ സാന്നിധ്യത്തിൽ അൽബാഹ ഗവർണറേറ്റ് അണ്ടർ സെക്രട്ടറി സ്വാലിഹ് അൽഖൽതി റെയ്ഡുകൾ ഉദ്ഘാടനം ചെയ്തു. നിശ്ചിത ശതമാനം സൗദിവൽക്കരണം നടപ്പാക്കി സ്ഥാപന ഉടമകൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിക്കണമെന്ന് അൽബാഹ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി ശായിഖ് ബിൻ മുഹമ്മദ് അൽശായിഖ് ആവശ്യപ്പെട്ടു. മക്ക പ്രവിശ്യയിൽ മക്ക പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി അബ്ദുല്ല ആലുത്വാവി റെയ്ഡുകൾ ഉദ്ഘാടനം ചെയ്തു. ജിദ്ദ, ഖുൻഫുദ, ലൈത്ത്, റാബിഗ്, തായിഫ്, മക്ക ലേബർ ഓഫീസുകൾ ശക്തമായ പരിശോധനകൾ നടത്തിവരികയാണ്.