തിരൂരങ്ങാടി-കെ.എസ്.ഇ.ബി ജീവനക്കാരനെ ഇരുമ്പ് കമ്പികൊണ്ട് തലക്കടിച്ച് പണവും മൊബൈലും കവര്‍ന്ന മൂന്നംഗ സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. താനൂര്‍ തെയ്യാല സ്വദേശി കീരിയാട്ടില്‍ രാഹുല്‍ (20), താനൂര്‍ ചെക്കുപുരക്കല്‍ സൈനുല്‍ ആബിദ് (27) എന്നിവരെയാണ് തിരൂരങ്ങാടി എസ്.ഐ നൗഷാദ് ഇബ്രാഹിമും സംഘവും അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി കെ.എസ്.ഇ.ബി ഓഫീസിലെ ലൈന്‍മാനായ കൊയിലാണ്ടി സ്വദേശി ശ്രീജേഷിനെ (37) ഇരുമ്പ് കമ്പികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈലും രേഖകളും കവര്‍ന്നെന്ന പരാതിയിലാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ അഞ്ചിനാണു കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പതരക്ക് ശ്രീജേഷ് ചെമ്മാട് പരപ്പനങ്ങാടി റോഡിലൂടെ നടന്നു പോകുമ്പോള്‍ ആക്രമിക്കുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞു ഭക്ഷണം വാങ്ങി റോഡിലൂടെ തനിച്ചു വരുന്നതിനിടെ സംഘം പിന്നില്‍ നിന്നും തലക്കടിക്കുകയായിരുന്നത്രെ. തുടര്‍ന്ന് ആയുധമുപയോഗിച്ച് മുഖത്തടിക്കുകയും പണവും മൊബൈല്‍ ഫോണും മറ്റു രേഖകളും കവറുകയായിരുന്നെന്ന് ശ്രീജേഷ് പറഞ്ഞു. 25,000 രൂപയും മൊബൈല്‍ ഫോണും എ.ടി.എം കാര്‍ഡും പാന്‍ കാര്‍ഡുമാണ് കവര്‍ന്നത്. അടിയേറ്റ് ബോധരഹിതനായ ശ്രീജേഷിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ചേളാരി സ്വദേശിയായ തയ്യല്‍ തൊഴിലാളിയെയും ഇതേ സ്ഥലത്തു വെച്ച് സംഘം തലക്കടിക്കുകയും 2000 രൂപ കവര്‍ന്നതായും പോലീസ് പറഞ്ഞു. ബൈക്ക് വാടകക്കെടുത്ത് മദ്യപിച്ചെത്തി ആക്രമണം നടത്തുന്നതാണ് സംഘത്തിന്റെ രീതി. ഒറ്റക്ക് പോകുന്നവരെ പിറകില്‍ നിന്നടിച്ചാണ് കവര്‍ച്ച. വാടകക്കെടുത്ത ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഉടമയുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. സംഘത്തിലെ താനൂര്‍ സ്വദേശിയായ മഹ്‌റൂഫ് എന്നയാളെ കൂടി പിടികൂടാനുണ്ട്. വിവിധ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.